നീലേശ്വരം: കാസർകോട് ലോക്‌സഭ മണ്ഡലം എൽ.ഡി.എ തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവൻഷൻ നീലേശ്വരം എൻ.കെ.ബി.എം.ഹാളിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി. രവീന്ദ്ര, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എം. ബൽരാജ്, ടി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പുരോഗമിക്കുന്നു
നീലേശ്വരം: കയ്യൂർചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയിൽ താഴംകൈ കടവിൽ പണിയുന്ന പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പുരോഗമിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഇതിന്റെ തറക്കല്ലിടൽ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. പുഴയുടെ ഇരുഭാഗങ്ങളിലും തൂണ് നിർമ്മാണത്തിനുള്ള പൈലിംഗ് ജോലിക്കായി രാവും പകലും നൂറിലധികം തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇരുകരകളിലും കരിങ്കൽ ഭിത്തി കെട്ടുന്ന ജോലിയും ആരംഭിച്ചു. സ്പാനുകളും പാലത്തിനടിയിൽ കൂടി ബോട്ടുകൾക്ക് കടന്നു പോകുമ്പോൾ ഓട്ടോ മാറ്റിക്കായി തുറക്കുന്നലോക്ക് ചേമ്പറുമുണ്ടാകും. 65 കോടി രൂപ ചിലവിൽ നബാർഡിന്റെ സഹായത്തോടെയാണ് ഇറിഗേഷൻ വകുപ്പിന്റെ ജില്ലയിലെ ഏറ്റവും വലിയ പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളത്തെ പൗലോസ് ജോർജ് കമ്പനിയാണ് പദ്ധതിയുടെ കരാറുകാർ.
സെന്റോഫ് ഉപേക്ഷിച്ച് സഹപാഠിക്ക് കൈത്താങ്ങ്
തൃക്കരിപ്പൂർ: സെന്റോഫ് ചടങ്ങിനായി സ്വരുക്കൂട്ടിയ കാശ് സഹപാഠിക്ക് വീടൊരുക്കാൻ നൽകി തൃക്കരിപ്പൂർ മുജമ്മ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥികൾ മാതൃകയായി.
സ്വന്തമായി വീടോ പുരയിടമോ ഇല്ലാതെ ജീവിത പരാധീനതയിൽപ്പെട്ടു ഉഴലുന്ന തങ്ങളുടെ സുഹൃത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് പത്താം തരത്തിലെ കുട്ടികൾ കാരുണ്യത്തിന്റെ ഉദാത്തമാതൃക തീർത്തത്. വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന കൂട്ടുകാരിയുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി കുട്ടികൾ യാത്രയയപ്പ് ചടങ്ങിനായി ഒരുക്കിവെച്ച തുക കൊണ്ട് അഞ്ചു സെന്റ് സ്ഥലം വാങ്ങാനുള്ള തീരുമാനമെടുക്കുകയായിരുന്നു. അധ്യാപകരും മാതാപിതാക്കളും സുമനസ്സുകളും അതിന് ഉറച്ച പിന്തുണയുമായി മുന്നോട്ട് വന്നപ്പോൾ കുട്ടികളുടെ തീരുമാനം യാഥാർഥ്യമായി. ഇന്നലെ സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രസ്തുത സ്ഥലത്തിന്റെ രേഖ സഹപാഠിയുടെ രക്ഷിതാവിന് കൈമാറി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ.പി കുഞ്ഞബ്ദുള്ള രേഖ കൈമാറി.സ്‌കൂൾ ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ അബ്ദുൽ മജീദ് ഇർഫാനി. ജാബിർ സഖാഫി, എം.വി മൊയ്തീൻ കുട്ടി, എം.എം കുഞ്ഞഹമ്മദ്, ഒ.ടി ജലീൽ, സകരിയ നിസാമി സംസാരിച്ചു. എം.ടി.പി ഇസ്മായിൽ സഅദി സ്വാഗതവും ഷബീർ നന്ദിയും പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ട്രാൻ. ബസ് അനുവദിക്കണം
തൃക്കരിപ്പൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് തൃക്കരിപ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. കെ.വി ലക്ഷ്മണൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ശെരിഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സിക്രട്ടറി കെ.ജെ. സജിത്ത്, ഗിരിഷ് ചീമേനി, കെ.വി.ബാലകൃഷ്ണൻ, പി.പി.മുസ്തഫ, എ.ജി.നൂറൂൽ അമിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച് അബ്ദുൾ റഹിം (പ്രസിഡന്റ), എ.ജി.നൂറുൽ അമിൽ (ജനറൽ സിക്രട്ടറി).