മട്ടന്നൂർ: മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് രണ്ടാം തവണയും അടിയന്തരാവസ്ഥ ഉറപ്പാണെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ന്യൂനപക്ഷ സാംസ്‌കാരിക സമിതി മണ്ഡലം കമ്മിറ്റി മട്ടന്നൂരിൽ നടത്തിയ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിക്ക് പഠിക്കുകയാണ്. മതനിരപേക്ഷതയൊക്കെ ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുകയാണവർ. രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇതിന് തെളിവാണ്. 30 ശതമാനം മുസ്ലിങ്ങളുള്ള അമേഠിയിൽ ജയസാദ്ധ്യത മങ്ങിയതിനാലാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ജലീൽ പറഞ്ഞു. പി.പി നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ഷമീർ പയ്യനങ്ങാടി, എൻ.വി ചന്ദ്രബാബു, സി.പി മുരളി, പി.കെ മുഹമ്മദ്, അനിതാ വേണു, കെ.കെ രാജൻ, സീന ഇസ്മായിൽ, അബ്ദുൾഖാദർ, വി.പി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു
വീട്ടിൽ കയറി പീഡന ശ്രമം യുവാവ് അറസ്റ്റിൽ
മട്ടന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിയായ 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. കാര പേരാവൂരിലെ വി.വി ബൈജുവിനെ(29)യാണ് ഇരിട്ടി ഡിവൈ.എസ്.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി വീട്ടിൽ തനിച്ചുള്ളപ്പോൾ യുവാവ് എത്തി കയറി പിടിച്ചത്. പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മുരളീധരന്റെ പ്രചരണത്തിന് പത്മജ ഇന്നെത്തും
തലശ്ശേരി:വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുരളിയുടെ സഹോദരി പത്മജാ വേണുഗോപാൽ ഇന്നെത്തും. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹനനും ബുധനാഴ്ച തലശ്ശേരിയിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുടുംബ യോഗങ്ങളിൽ സംബന്ധിക്കും. വൈകിട്ട് മൂന്ന് മണിക്ക് നിട്ടൂർ ഇല്ലിക്കുന്നിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണയാട് ബാലകൃഷ്ണന്റെ വീട്ടിൽ നടക്കുന്ന കുടുംബ യോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് മൂന്നരയ്ക്ക് കോടിയേരി ചിറക്കൽ താഴെയും നാല് മണിക്ക് നിടുമ്പ്രം ഹരീന്ദ്രപുരത്തും കുടുംബ യോഗങ്ങളിലും പങ്കെടുക്കുന്ന ഇവർ നാലരയ്ക്ക് എരഞ്ഞോളി വാടിയിൽ പീടികയിൽ നടക്കുന്ന കുടുംബ യോഗത്തിലും പങ്കെടുക്കും.