കണ്ണൂർ:ചെമ്പിയ്ക്കും ചാമനും നൂറു കഴിഞ്ഞുവെങ്കിലും വാർദ്ധക്യത്തിൻ്റെ അവശതകളൊന്നും അവർക്കില്ല. കത്തുന്ന വേനലിലും അവർ സ്ഥാനാർത്ഥിയെ കാത്തുനിൽപ്പാണ്. ഇതിലും വലിയ കൊടുംവേനൽ എത്ര കണ്ടിരിക്കുന്നുവെന്ന ഭാവമാണ് അവരുടെ മുഖത്ത് . പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെയെത്തിയ തുറന്ന വാഹനത്തിൽനിന്ന് ശ്രീമതിയിറങ്ങിയപ്പോൾ മാലയിടാനും കൈപിടിക്കാനും തിക്കിത്തിരക്കിയവരുടെ കൂട്ടത്തിൽ ചാമനും ചെമ്പിയുമുണ്ടായിരുന്നു. ആ തിരക്കിലും അവർ മാലയിട്ടു. കെട്ടിപ്പിടിച്ചു. ചേർന്നുനിന്നു. പിന്നെ സ്വീകരണസ്ഥലത്തെത്തും വരെ ശ്രീമതിക്കൊപ്പം ഇരുവശത്തുമായി ഇരുവരും. മലയോര മക്കളുടെ സ്നേഹനിർഭരമായ വരവേൽപ്പായിരുന്നു ഓരോ കേന്ദ്രത്തിലും. മുത്തുക്കുടകളും ബാൻഡ് മേളങ്ങളുമായി വർണ ശബളമായ ഘോഷയാത്ര പോലെ വരവേൽപ്പ്. ആവേശ കൊടുംവേനലിലാണ് ശ്രീമതിയെ ഒരു നോക്ക് കണ്ടത്. രാവിലെ എട്ട് മുതൽ തുടങ്ങുന്ന പര്യടനം രാത്രി വൈകിയാണ് അവസാനിക്കുന്നത്. ഇതിനിടെ രണ്ടേ രണ്ട് ചോദ്യം എന്നു പറഞ്ഞപ്പോൾ ശ്രീമതി തയ്യാറായി.

രണ്ടാം ഘട്ടം പ്രചാരണത്തിനിറങ്ങുമ്പോൾ ആത്മവിശ്വാസം എത്രത്തോളം?

ഒന്നാം ഘട്ട പ്രചാരണത്തിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് രണ്ടാം ഘട്ടം. ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർക്കുകയാണ് ഓരോ വോട്ടരും. അവരുടെ മുഖത്ത് ആ വികാരം പ്രകടമാണ്. മോദി ഭരണത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ വിജയത്തിനപ്പുറം, ഭൂരിപക്ഷം വർദ്ധിപ്പിക്കലും സീറ്റ് വർദ്ധനയുമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ഒരു ആശങ്കയും സ്ഥാനാർഥി എന്ന നിലയിൽ എനിക്കില്ല.

മാത്രവുമല്ല, ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്കൊപ്പമാണ് അഞ്ച് വർഷവും പ്രവർത്തിച്ചത്. മണ്ഡലത്തിലെ ഓരോരുത്തരുടെയും പരാതികളും പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കിയാണ് മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ രണ്ടാം ഘട്ട പ്രചാരണത്തിനിറങ്ങുമ്പോൾ ആത്മവിശ്വാസം ഏറെയാണ്.

വയനാട് രാഹുൽ മത്സരത്തിനിറങ്ങുമ്പോൾ അതിൻ്റെ ഇഫക്ട് സമീപ മണ്ഡലമായ കണ്ണൂരിനെ എത്രത്തോളം ബാധിക്കും?

അതൊക്കെ കണ്ണൂരിലെ പ്രബുദ്ധരായ വോട്ടർമാർക്കറിയാം. അമേത്തിയിൽ നിന്ന് പേടിച്ചോടിയ രാഹുലിന് വയനാട്ടിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിയില്ല. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് വന്ന് മത്സരിക്കുന്ന രാഹുലിന്റെ മുഖ്യശത്രു ആരാണ്. ഇടതുപക്ഷമോ ബി..ജെപിയോ? ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ രാഹുലിന് കഴിയുന്നില്ല. രാഹുൽ വരുന്നതു കൊണ്ട് കണ്ണൂരിൽ ഒന്നും സംഭവിക്കില്ല.

ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നവർ ഒരിക്കലും ഒരു വ്യക്തിക്കല്ല വോട്ട് ചെയ്യുന്നത്. മറിച്ച് അടിസ്ഥാന വിഷയത്തിൻ്റെ പേരിലാണ് വോട്ട് ചോദിക്കുന്നതും ജനം വോട്ട് ചെയ്യുന്നതും.ഓരോ ചിഹ്നവും ഓരോ ആശയത്തെയാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷം ജനങ്ങളുടെ മുന്നിൽ വെക്കുന്ന വിഷയം വികസനമാണ്. ഇതിനു പുറമെ വർഗീയതയ്ക്കെതിരായ മതേതര മുന്നേറ്റത്തിന്റെ പ്രസക്തിയും ഞങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല.