കാഞ്ഞങ്ങാട്: ഹയർ സെക്കൻഡറിയെ സംരക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപകർ വായ്‌മൂടിക്കെട്ടി പ്രതിഷേധിച്ചു. ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മൂല്യ നിർണയ ക്യാമ്പിലെത്തിയ വിവിധ അദ്ധ്യാപക സംഘടനയിലെ അംഗങ്ങളാണ് സമരത്തിൽ പങ്കെടുത്തത്. ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി അൻവർ, കരീം കൊയിക്കൽ, പ്രവീൺ, പ്രഭാകരൻ, രമ്യ എന്നിവർ നേതൃത്വം നൽകി.

ഈവനിംഗ് ഫുട്‌ബാൾ ഫെസ്റ്റ് 9 ന്
കാഞ്ഞങ്ങാട്: ബ്രദേഴ്സ് തെക്കേപ്പുറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എട്ടാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് ജില്ലാതല ഈവനിംഗ് ഫുട്ബാൾ ടൂർണ്ണമെന്റ് 9 ന് വൈകുന്നേരം തെക്കേപ്പുറം പള്ളിക്ക് പിറകുവശത്തുള്ള മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറും. അമ്പതിനായിരം രൂപയും ഗോൾഡൻ ട്രോഫിയുമാണ് പുരസ്കാരം. റണ്ണേർസിന് മുപ്പതിനായിരവും ട്രോഫിയും ലഭിക്കും.

സന്ദർശിച്ചു

ബേക്കൽ: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ലയൺസ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ ഗവർണർ ഗണേശൻ കണിയാറക്കൽ സന്ദർശനം നടത്തി. തെക്കേപുറത്തുള്ള ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചെറക്കാപറയിലെ ഇബ്രാഹിം മുസ്ലിയാർക്ക് പണിതു നൽകിയ വീടിന്റെ താക്കോലും ബല്ല വില്ലേജ് ഓഫീസിന് നൽകിയ വാട്ടർകൂളറും ഉദുമ പടിഞ്ഞാർ അംബിക എ.എൽ.പി.എസിന് സൗണ്ട് സിസ്റ്റവും പള്ളിപ്പുഴ വെൽഫെയർ സ്‌കൂളിന് ഗണിത കിറ്റും ഗണേശൻ കണിയറക്കൽ കൈമാറി.

രാജീവ് മമ്പറ്റ, എം. ദിനേശ് കുമാർ, ഖാലിദ് സി. പാലിക്കി, എം.ബി ഹനീഫ്, അബ്ദുൾ നാസർ, പി.കെ.പ്രകാശൻ, മുഹാജിർ പൂച്ചക്കാട്, എം. ഷൗക്കത്തലി, അൻവർ ഹസൻ, അഷറഫ് കൊളവയൽ, ഹാറൂൺ ചിത്താരി, സി.എം.നൗഷാദ്, നാരായണൻ മൂത്തൽ എന്നിവർ സംസാരിച്ചു.

പൊലീസ് കോൺസ്റ്റബിൾ കായിക പരിശീലനം
നീലേശ്വരം: കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ ഷോട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പത്തു ദിവസത്തെ കായിക പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 7 ന് സ്‌പോർട്‌സ് കിറ്റ് സഹിതം നീലേശ്വരം കടിഞ്ഞിമൂല ഗവണ്മെന്റ് എൽ.പി. സ്‌കൂൾ ഗ്രൗണ്ടിൽ എതിച്ചേരണമെന്നു ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര അറിയിച്ചു. ഫോൺ: 9495006258.

സ്‌കൂൾ വാർഷികം

കാഞ്ഞങ്ങാട്: മുട്ടുന്തല സി.എം.എ.എൽ.പി. സ്‌കൂൾ വാർഷികം ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. അഹമ്മദ് മമ്മുഹാജി അധ്യക്ഷനായി.
രാജേന്ദ്രൻ പുല്ലൂർ, ഡോ. നിസാം ഫലാഹ്, സൺലൈറ്റ് അബ്ദുൽ റഹിമാൻ ഹാജി, സുബ്രഹ്മണ്യൻ എന്നിവർ മുഖ്യാതിഥികളായി, മജീദ് മുട്ടുന്തല, റഷീദ് മുട്ടുന്തല, അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, മൊയ്തു മമ്മുഹാജി, അബ്ദുല്ല മുട്ടുന്തല, പി.പി. മുഹമ്മദ് ഹാജി, ഗീത, ജ്യോതി, ഹസീന മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. ഹസൈനാർ ഹാജി സൺലൈറ്റ് സ്വാഗതം പറഞ്ഞു.

പ്രവാസി കോൺഗ്രസ് കൺവെൻഷൻ

കാഞ്ഞങ്ങാട്: പ്രവാസികളെ വഞ്ചിച്ച സംസ്ഥാന കേന്ദ്ര ഗവൺമെന്റുകൾക്കെതിരെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.

രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനും, വീടുകൾ കയറിയുള്ള പ്രചാരണങ്ങൾ നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായി.. സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. നാം ഹനീഫ, കെ.സി.രവി, സിജോ കള്ളാർ, എം.പി.എം ഷാഫി, അഡ്വ. പി. ബാബുരാജ്, കെ.പി.മോഹനൻ, അച്യുതൻ മുറിയനാവി, സുകുമാരൻ കടാങ്കോട്, ജോൺസൺ കള്ളാർ, രാജേഷ് കാടാങ്കോട്, ജിജി എളേരി, രാഘവൻ പള്ളിക്കര, കുഞ്ഞിരാമൻ തണ്ണോട്ട്, ഗംഗാധരൻ തൈക്കടപ്പുറം, മുട്ടിൽ പ്രകാശൻ, നാസർ കൊപ്പ, ബാലചന്ദ്രൻ മാണിക്കോത്ത് സംസാരിച്ചു.