കാഞ്ഞങ്ങാട്: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ കുമ്മനം രാജശേഖരനെയും കോടിയേരി ബാലകൃഷ്ണനെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. യു.ഡി.വൈ.എഫ് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ സംഘടിപ്പിച്ച യുവപക്ഷം-19 ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധി വന്നതോടെ സി.പി.എം ഏതാ, ആർ.എസ്.എസ് ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്ന കാഴ്ചയാണ് മലയാളി കാണുന്നത്. വരുന്ന തിര ഞ്ഞെടുപ്പിൽ യു.പി.എ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിൽ വരും. ബി.ജെ.പിയിലേക്ക് പഞ്ചായത്ത് മെമ്പർ പോലും ആകാത്ത വടക്കനെ പോലുള്ളവർ പോകുന്നത് ആഘോഷിക്കുന്ന സി.പി.എമ്മുകാർ എന്തുകൊണ്ടാണ് കീർത്തി ആസാദ് മുതൽ ശത്രുഘ്‌നൻ സിൻഹ വരെയുള്ള വലിയനിര ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുന്നത് ചർച്ചയാക്കാത്തത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലിം ന്യൂനപക്ഷ ജില്ലയായത് കൊണ്ടാണ് എന്ന് കളിയാക്കുന്ന മോദി അറിയണം, ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യപ്രദേശിലും 92 ശതമാനം ഹിന്ദു ജനസംഖ്യയുള്ളിടത്താണ് കോൺഗ്രസ് ജയിച്ചുകയറിയതെന്ന് വിഷ്ണുനാഥ് പറഞ്ഞു.

യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എ.കെ.എം അഷ്‌റഫ്, ജില്ലാ ജന.സെക്രട്ടറി ടി.ഡി കബീർ, സെക്രട്ടറി നൗഷാദ് കൊത്തിക്കാൽ, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി, ബഷീർ വെള്ളിക്കോത്ത്, ശ്രീജിത്ത്, ഉമേഷൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഇബ്രാഹിം, രാജേഷ് പള്ളിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

എൽ.ഡി.എഫിനായി ഓട്ടോ തൊഴിലാളികളും

അജാനൂർ: ലോകസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രനെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചാമണ്ഡിക്കുന്ന് മേഖല ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ശിവശങ്കരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, സരസൻ പെരളം, ഉണ്ണി പാലത്തിങ്കാൽ, കരുണൻ ചാമണ്ഡിക്കുന്ന് എന്നിവർ സംസാരിച്ചു. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.