കാസർകോട് : 'രാഹുൽഗാന്ധി വരുന്നു, അദ്ദേഹം പ്രധാനമന്ത്രിയാകണം എന്നൊക്കെ ആഗ്രഹമുണ്ട്, ഞങ്ങളുടെ ഉള്ളിൽ കോൺഗ്രസുണ്ട്, പക്ഷെ ഞങ്ങൾക്ക് ഉറച്ച നിലപാടുമുണ്ട്, നാളെ അപകടത്തിൽചെന്ന് ചാടാനൊന്നും ഞങ്ങളെ കിട്ടില്ല...' ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചു നിൽക്കെ കാസർകോട് ജില്ലയിലെ തെക്കൻ മലയോരത്ത് സ്വന്തമായി ഏഴായിരത്തോളം വോട്ടുകളുള്ള മലയോരത്തെ ജനകീയ വികസന മുന്നണി (ഡി .ഡി. എഫ് ) നേതാവും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിന്റെ ഉറച്ച വാക്കുകളാണിത്.
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിയായിരുന്ന ടി സിദ്ധിഖിന് വേണ്ടി ഈസ്റ്റ് എളേരി പഞ്ചായത്തിൽ മാത്രം 32 കുടുംബ യോഗങ്ങൾ നടത്താൻ നേതൃത്വം വഹിച്ചയാളാണ് ജയിംസ് പന്തമ്മാക്കൽ. അന്ന് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിൽ മാത്രം അഞ്ചു വർഷം മുമ്പ് സിദ്ധിഖിന് കിട്ടിയത് 7700 വോട്ടാണ്. സി .പി .എം നേതൃത്വം നൽകുന്ന എൽ .ഡി. എഫിന് 2800 വോട്ടുകളും ലഭിച്ചു. സ്ഥാനാർത്ഥിയെ കയറ്റാത്തതിന് മലയോരത്ത് വോളിബോൾ നടത്തിയ സംഘത്തോട് 75000 രൂപ വിനോദനികുതി പിരിച്ച ശക്തനാണ് ജയിംസ് പന്തമാക്കൽ. ഇദ്ദേഹത്തെ പിന്തുണക്കാൻ ഒരു നാടൊന്നാകെ എത്തിയതോടെ ആ കരുത്ത് വർദ്ധിക്കുകയായിരുന്നു. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ സാഹചര്യം കീഴ്‌മേൽ മറിഞ്ഞു. ജയിംസ് പന്തമാക്കലും കൂടെയുള്ളവരും പാർട്ടിക്ക് പുറത്തായതോടെ മലയോരത്ത് കോൺഗ്രസിന്റെ കഷ്ടകാലവും തുടങ്ങി. ഡി ഡി എഫ് രൂപീകരിച്ചതോടെ പൂർണ്ണമായും എതിരായ ഈ വിഭാഗം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചാണ് മുന്നണികളെ അട്ടിമറിച്ചു പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.
16 സീറ്റുകളുള്ള ഈസ്റ്റ് എളേരി പഞ്ചായത്തിൽ 10 സീറ്റുകൾ ഡി .ഡി .എഫ് പിടിച്ചെടുത്തത് ചതുഷ്‌കോണ മത്സരത്തിലാണ് എന്നതാണ് പ്രത്യേകത. കോൺഗ്രസ് , കേരള കോൺഗ്രസ് പാർട്ടികൾക്ക് ഓരോ സീറ്റും സി .പി. എമ്മിന് നാല് സീറ്റും ലഭിച്ചു. ഡി .ഡി .എഫിന് മാത്രമായി 7450 വോട്ടുകളാണ് ലഭിച്ചത്. അതിന് ശേഷം നടന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ ഡി .ഡി. എഫ് പിന്തുണ ഇടതിനായിരുന്നു. ഇത്തവണ ഡി ഡി എഫിനെ സഹായിക്കുന്നവർക്കും വികസന പദ്ധതികൾ അനുവദിച്ചു നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നവർക്കും ഞങ്ങൾ വോട്ട് ചെയ്യും എന്നാണ് പന്തമാക്കൽ പറയുന്നത്.. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 150 കോടിയുടെ വികസന പദ്ധതികൾ ഈസ്റ്റ് എളേരിക്ക് നൽകിയെന്നും നാല് വർഷമായി ചിറ്റാരിക്കാൽ ഡിവിഷനിൽ നിന്ന് തിരെഞ്ഞെടുത്തയച്ച കോൺഗ്രസുകാരിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈ പഞ്ചായത്തിന് ഒരു ചില്ലിക്കാശ് പോലും നൽകിയിട്ടില്ലെന്നും പന്തമാക്കൽ തുറന്നടിക്കുന്നു. പഞ്ചായത്തിൽ നിർണ്ണായക ശക്തിയായ ഡി ഡി എഫ് അടുത്ത ദിവസങ്ങളിൽ തന്നെ വീടുകൾ തോറും കയറാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വാർഡ് തല ക്യാമ്പയിനിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഒരു പക്ഷെ ഡി .ഡി .എഫ് പറഞ്ഞേക്കാം. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് ഏപ്രിൽ പത്തിന് ശേഷമുള്ള ഗൃഹസന്ദർശനം