തളിപ്പറമ്പ് : എ.ഇ.ഒ. ഓഫിസിലെ നിയമന റജിസ്റ്ററിലെ ഒരു പേജ് മോഷണം പോയ സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് തളിപ്പറമ്പ് പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.തളിപ്പറമ്പ്എഇഒ ഓഫീസിലാണ് നിയമന രജിസ്റ്ററിലെ ഒരു പേജ് കീറിയെടുത്ത് നശിപ്പിച്ചത്. എ.ഇ.ഒ ഓഫീസ് പരിധിയിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമന ഉത്തരവുകളുടെ 1997 ലെ രജിസ്റ്ററിൽ നിന്നും 69 നമ്പറിലുള്ള പേജ് ആരോ കീറിയെടുത്ത് നശിപ്പിച്ചുവെന്നാണ് പരാതി. 97- 98 കാലത്ത് നോർത്ത് മുതുകട എ. എൽ .പി സ്‌കൂളിൽ താൽക്കാലിക നിയമനം നേടിയ അദ്ധ്യാപികക്ക് കുട്ടികൾ കുറഞ്ഞതിനാൽ ജോലി നഷ്ടപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന. 98 ജൂലായ്ക്ക് ശേഷം പിന്നീട് പുറത്തുപോകേണ്ടി വന്നുവെങ്കിലും 2011ൽ ഉണ്ടായ ഉത്തരവ് പ്രകാരം അദ്ധ്യാപക ബാങ്ക് മുഖേന ഇവർ എ.എസ് .എ കോഓർഡിനേറ്ററായി ജോലി ചെയ്യുന്നുണ്ട്.ഇത് സംബന്ധിച്ച് മുയ്യം രാജീവൻ എന്ന പേരിൽ ഒരാൾ ഡി. പി .ഐ ക്ക് പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അദ്ധ്യാപിക ഇതിനെതിരെ നിവേദനം നൽകിയിരുന്നു. ഇതേപ്പറ്റി കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് രജിസ്റ്ററിലെ പേജ് കീറിയെടുത്ത് നശിപ്പിച്ചതായി കണ്ടത്. 98 ജൂലായ് 31 വരെ അദ്ധ്യാപിക സ്‌കൂളിൽ ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന പേജാണ് കറികളഞ്ഞത്. മറ്റ് പല റജിസ്റ്ററിലും തിരുത്തൽ വരുത്തിയെങ്കിലും നിയമന രജിസ്റ്റർ ഡി.സി. ഓഫിസിൽ ഓഡിറ്റ് ചെയ്യുന്നതിനാൽ തിരുത്താൻ കഴിഞ്ഞിടരുന്നില്ല.അതിനാലാണ് ഈ രജിസ്റ്ററിലെ പേജ് കീറി കളഞ്ഞത്. ഈ സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് ഈ തട്ടിപ്പ് കണ്ടെത്തി എ.ഇ.ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.
വിവേചനം അവസാനിപ്പിച്ച് വീട് വച്ചുനൽകണം
എസ്.എൻ.ഡി.പി വനിതാസംഘം വാർഷികയോഗം
ഇരിട്ടി: വിധവകൾക്ക് വീടു് വച്ച് കൊടുക്കുന്ന കാര്യത്തിൽ വിവേചനം അവസാനിപ്പിച്ച് ഹിന്ദു വിഭാഗത്തിലുള്ള വിധവകൾക്കും വീട് അനുവദിക്കണമെന്ന് ഇരിട്ടി താലൂക്ക് എസ്.എൻ ഡി.പി വനിതാ സംഘം വാർഷിക പൊതുയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനം വനിതാ സംഘം കേന്ദ്രസമിതി അംഗം ശാന്താ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു വനിതാ സംഘം പ്രസിഡന്റ് നിർമ്മല അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു ഓമന വിശ്വംഭരൻ, രാധാമണി ഗോപി ചന്ദ്രമതി , പി.എൻ ബാബു, കെ.വി അജി, കെ.കെ സോമൻ, കെ.ജി യശോധരൻ, ലക്ഷ്മിക്കുട്ടിടിച്ചർ എന്നിവർ പ്രസംഗിച്ചു പുതിയ ഭാരവാഹികൾ.നിർമ്മല അനിരുദ്ധൻ (പ്രസി), സാവിത്രി ശ്രീധരൻ (വൈസ്.പ്രസി), ഓമന വിശ്വംഭരൻ (സെക്ര), പത്മിനി ശശിധരൻ.(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
ഇരിട്ടിയിൽ യൂത്ത് ഫെസ്റ്റ്
ഇരിട്ടി:മതവർഗ്ഗീയതയ്‌ക്കെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ നാല് വൈകീട്ട് 4 മണിക്ക് ഇരിട്ടിയിൽ യൂത്ത് ഫെസ്റ്റ് നടക്കും പ്രശസ്ത സിനിമ സംവിധായകൻ ആഷിക് അബു, നടി റീമ കല്ലിങ്കൽ തുടങ്ങി നിരവധി കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. പേരാവൂർ നിയോജക മണ്ഡലത്തിലെ 21 ലോക്കലുകളിൽ നിന്നായി പതിനായിരത്തോളം യുവതീ യുവാക്കൾ പങ്കെടുക്കും. പേരാവൂർ മണ്ഡലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. തുടർന്ന് കലാഭവൻ മണിയുടെ രൂപ ശബ്ദ സാദൃശ്യമുള്ള കൃഷ്ണകുമാർ ആലുവയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.
എന്റെ വിശ്വാസം ജനങ്ങളിൽ; അവർക്ക് കള്ളവോട്ടിലും : ഉണ്ണിത്താൻ
കാസർകോട് : താൻ മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കുമ്പോൾ ഇടതുമുന്നണി കള്ളവോട്ടുകളിലാണ് വിശ്വസിക്കുന്നതെന്ന് കാസർകോട്ടെ യു .ഡി .എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരു കള്ളവോട്ടും ഇക്കുറി ചെയ്യാൻ അനുവദിക്കില്ല. യു .ഡി. എഫിന്റെ അവസാന വോട്ടും പോൾ ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ. രാഹുൽഗാന്ധി വയനാട് വന്നതോടെ സർവ്വേഫലങ്ങളെല്ലാം തകിടം മറിഞ്ഞു. കേരളത്തിലെ മുഴുവൻ സീറ്റും യു. ഡി. എഫ് തൂത്തുവാരും. രാഹുലിന്റെ വരവോടെ പിണറായിയുടെയും കോടിയേരിയുടെയും സമനില തെറ്റി. കമ്മ്യൂണിസ്റ്റുകാർ അന്തംവിട്ടു നിൽക്കുകയാണ്. സമനില തെറ്റിയതിന്റെ ജല്പനങ്ങളാണ് ഇവർ രാഹുലിനെതിരെയും കോൺഗ്രസിനെതിരെയും നടത്തികൊണ്ടിരിക്കുന്നത്. കേന്ദ്രസംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായതിനാൽ യു ഡി എഫ് കാസർകോട് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ഒരു വുവസായ ശാലകൾ പോലും കൊണ്ടുവരാതെ 35 വർഷമായി കാസർകോട് മണ്ഡലത്തെ വികസനത്തിന്റെ ശവപ്പറമ്പാക്കി മാറ്റി ഇവിടന്ന് പോയ എം .പിമാർ. സംസ്ഥാന സർക്കാരും ഒന്നും ചെയ്യുന്നില്ല. അതിനൊരു മാറ്റം വരുത്താനാണ് ഞാൻ വോട്ട് ചോദിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.