കൂത്തുപറമ്പ്: വടകര മണ്ഡലം എൽ.ഡി.എഫ്സ്ഥാനാർത്ഥി പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെറുവാഞ്ചേരിയിൽ സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് കത്തിനശിച്ച നിലയിൽ കണ്ടെത്തി. കണ്ണവം റോഡിൽ വില്ലേജ് ഓഫീസിനു സമീപം സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച താൽക്കാലിക ഓഫീസാണ് ഇന്നലെ രാവിലെ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഓലമേഞ്ഞതും ഇരിപ്പിട സൗകര്യത്തോടെയുള്ളതുമായിരുന്നു ഓഫീസ്. സംഘാടക സമിതി ഓഫീസ് കത്തിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ കണ്ണവം പോലീസിൽ പരാതി നൽകി.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് എൽ.ഡി.എഫ്.ആരോപിച്ചു. സംഭവത്തിൽ കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നേതാക്കളായ കെ.ധനഞ്ജയൻ, എ.അശോകൻ, വി.രാജൻ, കെ.പി.ഭാസ്‌കരൻ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.