കണ്ണൂർ: പത്രിക നൽകിയ ശേഷം ബെംഗളൂരിലേക്ക് വണ്ടി കയറിയപ്പോഴാണ് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ ഫോണിൽ കിട്ടിയത്. മലയാളി വേട്ടർമാരെ നേരിൽ കാണാനായിരുന്നു യാത്ര. കുടുംബ സംഗമങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. ഒരു വോട്ട് പോലും പാഴാകരുതെന്ന നിർബന്ധമുണ്ട് ഇക്കുറി. വിവിധ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കണം.

ബാംഗ്ളൂർ സോമേശ്വര നഗറിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിലെ മലയാളി സംഗമത്തിൽ പ്രിയ നാട്ടുകാരെ കാണാനും അവരുമായി സ്നേഹം പങ്കുവെക്കാനും കിട്ടിയത് അവസരമായാണ് സ്ഥാനാർത്ഥി കണ്ടത്. രാവിലെ മുതൽ തന്നെ ഓഡിറ്റോറിയത്തിലേക്ക് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളിപ്രവർത്തകരുടെ ഒഴുക്കായിരുന്നു. ഇതിനിടയിലായിരുന്നു സംസാരം.

രണ്ടാം ഘട്ടം പിന്നിടുമ്പോൾ മണ്ഡലത്തിനു പുറത്തും ഇത്തവണ ശക്തമായ പ്രചരണം നടത്തുന്ന സാഹചര്യത്തിൽ വിജയത്തെ കുറിച്ച് എന്തു പറയുന്നു?

പ്രചരണത്തിലെ വലുപ്പമല്ല, പ്രവർത്തകരിലെ വിശ്വാസമാണ് തന്റെ വിജയപ്രതീക്ഷ. പ്രചരണം കൊണ്ട് മാത്രം ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയില്ല. പ്രവർത്തകരാണ് തന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.അവരിലുള്ള വിശ്വാസമാണ് തന്റെ വിജയം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ പ്രദേശങ്ങളിലെല്ലാം സ്ത്രീവോട്ടർമാരുടെയും യുവാക്കളുടെയും ആവേശമാണ് കാണാൻ കഴിഞ്ഞത്. ഇതു വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നു..

സമീപ മണ്ഡലമായ വയനാട് രാഹുൽ വരുന്നത് കണ്ണൂരിലെ വോട്ടർമാരെ ഏത് തരത്തിൽ സ്വാധീനിക്കാവും?

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത് കണ്ണൂരിലും ചലനമുണ്ടാക്കും. കോൺഗ്രസ്സിന്റെ കരുത്തുള്ള ഒരു സംസ്ഥാനം കൂടിയാണ് കേരളം. ഇതു സംസ്ഥാനത്തെ കോൺഗ്രസ്സിനുള്ള അംഗീകാരം കൂടിയാണ്. രാഹുലിന്റെ വരവ് കോൺഗ്രസ് പ്രവർത്തകരിലും നേതാക്കളിലും ആവേശമുളവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും ഇതിൻ്റെ അലയൊലിയുണ്ടാകും.

ഈ തിരഞ്ഞെടുപ്പിൽ എന്തൊക്കെയാണ് അനുകൂല ഘടകങ്ങളായി കാണുന്നത്?

ഇത് ലോക് സഭാ തിരഞ്ഞെടുപ്പാണ്. രാജ്യം ആരു ഭരിക്കണമെന്നും തീരുമാനിക്കേണ്ട നിർണായക തിരഞ്ഞെടുപ്പ്. ഇവിടെ മത്സരം കോൺഗ്രസ്സും ബി.ജെ..പിയും തമ്മിലാണ്. ഇടതുപക്ഷം അപ്രസക്തമാണ്. എന്തിനാണ് സി.പി.എമ്മിനെ വിജയിപ്പിക്കേണ്ടത് എന്ന പ്രവർത്തകരുടെ ചോദ്യമാണ് തങ്ങളുടെ പ്രധാന അനുകൂല ഘടകം. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബി.ജെ..പിയുടെ വർഗീയ ഫാസിസത്തിനുമെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനാണ് സി..പി.. എം ആഗ്രഹിക്കുന്നതെങ്കിൽ പി.കെ. ശ്രീമതി എന്തിന് വിജയിക്കണം?

ബി.ജെ..പിയുമായി കോൺഗ്രസ് രഹസ്യ ധാരണയുണ്ടെന്ന് സി.പി. എം പ്രചാരണത്തെ കുറിച്ച് ?

ഇതു കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എല്ലാകാലവും ഒരേ പല്ലവി ആവർത്തിച്ചിട്ട് മുഖം രക്ഷിക്കാൻ സി..പി.. എമ്മിന് കഴിയുമോ? കോലീബി സഖ്യം എന്നു പറഞ്ഞാണ് സി.പി.എം വോട്ട് പിടിക്കുന്നത്. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല..കണ്ണൂരിലെ വോട്ടർമാർ ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയും. ബി.ജെ..പി വോട്ട് വാങ്ങിയ സി.പി. എം ആണ് ഇപ്പോൾ വിശുദ്ധരായി ചമയുന്നത്.