കാസർകോട്: ഉദ്യോഗസ്ഥരേയും ബി.എൽ.ഒമാരെയും സ്വാധീനിച്ച് വോട്ടർ പട്ടികയിൽ പേരുള്ളവരെ സി.പി.എം. പുറത്താക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആരോപിച്ചു. പരാജയഭീതി പൂണ്ടുള്ള ഈ നീക്കത്തിന് ജില്ലാ ഭരണകൂടവും കൂട്ടുനിൽക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ ബി.ജെ.പി. വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതിൽ മൗനം പാലിച്ച സി.പി.എം. യു.ഡി.എഫിന്റെ വോട്ടുകൾ ഒഴിവാക്കാനാണ് പരാതി നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പോലും രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുകയാണെന്നും പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി പൊതു സ്ഥലം കയ്യേറി സി.പി.എം. പ്രചാരണം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നീതി പൂർവ്വമായ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. സി.ടി അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, ടി.ഇ അബ്ദുള്ള, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.ജി.സി ബഷീർ, എം.എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൾ ഖാദർ, വി.കെ ബാവ, പി.എം മുനീർ ഹാജി, മൂസാ ബി. ചെർക്കള, എ.എം കടവത്ത്, കെ.എം ഷംസുദ്ദീൻ ഹാജി, കെ.ഇ.എ ബക്കർ, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, എ.ബി ശാഫി, അഡ്വ. എം.ടി.പി കരീം, തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.