കാലിക്കടവ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രനെതിരെ വാട്‌സ്ആപ്പിൽ വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന് ചന്തേര പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, പടന്നയിലെ ലീഗ് പ്രവർത്തകൻ അബ്ദുൾ ഫത്താഹ് എന്നിവർക്കെതിരെയാണ് കേസ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റെജിയുടെ പരാതിയിലാണ് നടപടി. സൽമാൻ റുഷ്ദിയുടെ നിരോധിച്ച കൃതിയെ അടിസ്ഥാനമാക്കി സതീഷ് ചന്ദ്രൻ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് അപമാനിച്ചെന്നാണ് പരാതി. ഫേസ്ബുക്കിലും വാട്‌സ്ആപിലും ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പരാതി നൽകിയത്.
കോടതിയിൽ ഗൃഹനാഥനെ കുത്തിയ
പ്രതി അറസ്റ്റിൽ
കാസർകോട്: കോടതിക്കകത്ത് ഗൃഹനാഥനെ മരുമകളുടെ പിതാവ് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വിദ്യാനഗർ പൊലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലാ കോടതി സമുച്ഛയത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മലപ്പുറം വേങ്ങരയിലെ അബൂബക്കറിനാണ്(65)കുത്തേറ്റത്. കഴുത്തിന് കുത്താൻ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞുമാറിയപ്പോൾ കവിളിനും കൈക്കും മുറിവേറ്റു.
അബൂബക്കറിന്റെ മരുമകളുടെ പിതാവ് നെല്ലിക്കുന്ന് പള്ളിവളപ്പിലെ സി.കെ മൊയ്തുവിനെ(60) കോടതി ജീവനക്കാർ കീഴടക്കി പൊലീസിൽ എൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അബൂബക്കറിനെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂബക്കറിന്റെ മകൻ അഫ്‌സലും നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകൾ ഷംസീറയും തമ്മിൽ 2017 ജനുവരി അഞ്ചിനാണ് വിവാഹിതരായത്. കുട്ടി ജനിച്ച് ഒന്നര വർഷമായി ഷംസീറ നെല്ലിക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെ ഇവർ തമ്മിൽ വിവാഹ മോചനത്തിന് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സൂപ്പർവൈസർ ദിനേശ് ഇവരുടെ ബന്ധുക്കളോട് സംസാരിക്കുന്നതിനിടെയാണ് കത്തിയെടുത്ത് മൊയ്തു അബൂബക്കറിനെ കുത്തിയത്.
മേലത്ത് തറവാട് മൂലസ്ഥാന കളരി
പ്രതിഷ്ഠാദിനം
കാസർകോട്: പള്ളിപ്പുറം ശ്രീ മേലത്ത് തറവാട് മൂലസ്ഥാന കളരിയിൽ പ്രതിഷ്ഠാദിനം 10ന് ആഘോഷിക്കും. തറവാട് ക്ഷേത്രത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഭവനം, മേലത്ത് തറവാട് പ്രവാസി കൂട്ടായ്മ പണിതീർത്ത പടിപ്പുര (ഗോപുരം), നീലേശ്വരം മണികണ്ഠൻ മേലത്തിന്റെ വകയായി നിർമ്മിച്ച ചുറ്റുപന്തൽ എന്നിവ ബ്രഹ്മശ്രീ അരവത്ത് കെ.യു ദാമോദര തന്ത്രിയുടെ കാർമ്മികത്വത്തിൽ സമർപ്പണച്ചടങ്ങുകളും നടക്കും. ഉച്ചയ്ക്ക് മഹാപൂജയും അന്നദാനവും ഉണ്ടാകും. തറവാട് കളിയാട്ടം 16, 17 തീയതികളിൽ നടക്കും. 16ന് വൈകിട്ട് കളിയാട്ടാരംഭം. രാത്രി 8ന്ക് തുടങ്ങൽ, വിഷ്ണുമൂർത്തിയുടെ കുളിച്ചേറ്റം. 17ന് രാവിലെ 10ന് വിഷ്ണുമൂർത്തി അങ്ങേറ്റം, പ്രസാദവിതരണം, അന്നദാനം. ഉച്ചയ്ക്ക് ശേഷം 2.30ന് മൂവാളംകുഴി ചാമുണ്ഡി അമ്മ അരങ്ങേറ്റം. പ്രസാദവിതരണം, തുലാഭാരം എന്നിവയുണ്ടാകും. വൈകിട്ട് 5ന് ഗുളികൻ, തുടർന്ന് പ്രാർത്ഥന, വിളക്കിലരി.