കാലിക്കടവ്: ഗ്രാമ വഴികളിൽ കാൽചിലമ്പിന്റെ താളവും വാല്യക്കാരുടെ ആരവവും മുഴങ്ങുന്നു. ഏറ്റുവിളിക്കാൻ മുമ്പിലും പിമ്പിലുമായി കുട്ടികളും. മഞ്ഞൾ കുറി പ്രസാദത്തിന് ഭക്തർ വീടുകളിൽ കാത്തിരിക്കുന്ന കാഴ്ചയാണെങ്ങും. ഭക്തജന ഭവനങ്ങളിൽ ഉത്സവം കൂടിയതിന്റെ ആഘോഷവും. പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരിക്കാവ് മഹാക്ഷേത്രം കളിയാട്ടം അറിയിക്കാനാണ് നട്ടെഴുന്നെള്ളത്ത് ഇറങ്ങിയത്.
കളിയാട്ടം അറിയിക്കാനും ക്ഷണിക്കാനും സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പണ്ടുകാലത്ത് ക്ഷേത്ര പരിധിയിലെ വീടുകളിലേക്ക് പോയിരുന്ന എഴുന്നള്ളത്തിന്റെ പ്രതാപവും തനിമയും നഷ്ടപ്പെടാതെയാണ് ഇന്നും പുത്തിലോട്ട് ക്ഷേത്രത്തിൽ നിന്ന് 'ഏളത്ത് ' പുറപ്പാടാകുന്നത്. 19 മുതൽ 24 വരെ നടക്കുന്ന കളിയാട്ടത്തിന് മുന്നോടിയായാണ് വിവിധ പ്രദേശങ്ങളിലേക്കുള്ള എഴുന്നള്ളത്ത് തുടങ്ങിയത്. പുത്തിലോട്ട് മഹാക്ഷേത്രത്തിന്റെ പരിധി വളരെ വലുതാണ്. ഒളവറ മുണ്ട്യക്കാവ് മുതൽ കയ്യൂർ മുണ്ട്യ വരെയുള്ള പരിധികളിലെ വീടുകളിൽ നാട്ടെഴുന്നള്ളത്ത് എത്തി ഭക്തർക്ക് മഞ്ഞക്കുറിയും അനുഗ്രഹവും നൽകുകയും കളിയാട്ടം ക്ഷണിക്കുകയും ചെയ്യും. വിഷ്ണുമൂർത്തി, ഭഗവതി, ചാമുണ്ഡി ദൈവങ്ങളുടെ വെളിച്ചപ്പാടുമാരാണ് നാട്ടെഴുന്നള്ളത്തിന് ഇറങ്ങുന്നത്, ക്ഷേത്രത്തിലെ ആചാരക്കാർ, വാല്യക്കാർ, പ്രവർത്തിക്കാർ,, കൂട്ടയ്ക്കാർ, കുട്ടികൾ തുടങ്ങിയ തുടങ്ങിയവരുടെ വലിയ സംഘം തന്നെ വെളിച്ചപ്പാടുമാർക്ക് അകമ്പടിയായി ഉണ്ടാകും.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിയോടെ അരിപ്പത്ത് നടത്തി ആർപ്പുവിളികളോടെ പുറപ്പെടുന്ന എഴുന്നള്ളത്ത് സംഘം വീടുകളിൽ സന്ദർശനം നടത്തി രാത്രി പത്ത് മണിയോടെ തിരിച്ചെത്തും. കൈവിളക്കും കത്തിച്ച കൂട്ടുമായി ആരവം മുഴക്കി എത്തുന്ന എഴുന്നെള്ളത്തിനെ വരവേൽക്കാൻ വീടുകളിൽ ദീപം വെച്ച് കുടുംബക്കാർ കാത്തിരിക്കും. വഴിമദ്ധ്യേ പ്രധാന തറവാടുകളിലും ദൈവിക സ്ഥാനങ്ങളിലും മൂപ്പ് പിടിച്ച ശേഷം അവിടെ ദീപം കൊളുത്തി അടുത്തുള്ള വീടുകളിൽ ദർശനം നൽകും. മൂപ്പ് പിടിക്കുന്ന സ്ഥലത്ത് നിന്നുമാത്രമാണ് വെമോ ഇളനീരോ കഴിക്കുക. എഴുന്നെള്ളത്ത് വരുന്നതോടെ ക്ഷേത്ര പരിധിയിലെ വീടുകളിൽ ഉത്സവം കൊടിയേറിയ അന്തരീക്ഷമാണ് ഉണ്ടാകുന്നത്. വിഷുവിന് അടുപ്പിച്ചു മാരിമാറ്റൽ ചടങ്ങോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന നാട്ടെഴുന്നള്ളത്ത് സമാപിക്കുന്നത്. പിന്നെ കളിയാട്ടമായി.

മുകുന്ദൻ മാഷിന് ആദരവ്
കാസർകോട്: മൊഗ്രാൽ സ്‌കൂളിൽ നിന്ന് വിരമിക്കുന്ന മുകുന്ദനെ ടൗൺ ടീം മൊഗ്രാൽ സംഘടിപ്പിച്ച ജില്ലാതല സെവൻസ് ഫ്ലഡ്‌ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റിൽ ആദരിച്ചു. എക്‌സൈസിൽ ജോലി നേടിയ നസ്രുദീനെയും അനുമോദിച്ചു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് പി.സി ആസിഫും, കെ.കെ അബ്ദുല്ല കുഞ്ഞിയും ഉപഹാരംവിതരണം ചെയ്തു.

ചടങ്ങിൽ മാഹിൻ, കുത്തിരിപ് മുഹമ്മദ്, ബി.എം സുബൈർ, നാസിർ മൊഗ്രാൽ, സിറാജ് ലൂസിയ, അർഫാ ഹൂബ്ലി, ഹനീഫ് മെക്‌സിക്കൻ, സൈഫു ബാർകോഡ്, ലത്തീഫ് തവക്കൽ, റിയാസ് മൊഗ്രാൽ, അഷ്‌റഫ് മൊഗ്രാൽ, ഷരീഫ് ദീനാർ എന്നിവർ സംബന്ധിച്ചു. ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ യുണൈറ്റഡ് പോരാലിനെ ന്യൂജൻ ടീം പരാജയപ്പെടുത്തി. എച്ച്.എ ഖാലിദ്, എം.എൽ അബ്ബാസ്, ജംഷീദ് ദീനാർ എന്നിവർ കളി നിയന്ത്രിച്ചു. പി.വി അൻവർ സ്വാഗതം പറഞ്ഞു.