തളിപ്പറമ്പ്: ഇടതുമുന്നണിയ്ക്ക് അതിശക്തമായ വേരോട്ടമുള്ള നിയമസഭ മണ്ഡലം. കീഴാറ്റൂർ ബൈപാസ് അടക്കമുള്ള വിഷയങ്ങളുന്നയിച്ച് ബി.ജെ.പി പ്രത്യക്ഷത്തിലും കോൺഗ്രസ് ചില പ്രധാനനേതാക്കളും സജീവമായി ഇറങ്ങിയിട്ടും വൻപ്രചാരണമുണ്ടായിട്ടും കാര്യമായി ഏശാത്ത ഉരുക്കുകോട്ട. കാസർകോട് പാർലിമെന്റ് മണ്ഡലത്തിലാണെങ്കിലും തൊട്ടടുത്ത പട്ടുവം പഞ്ചായത്തിൽ അരിയിൽ ഷുക്കൂറിന്റെ കൊലപാതകമടക്കം മനസുലയ്ക്കാൻ പോന്ന വിഷയങ്ങളുണ്ടായപ്പോഴും തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പിന്റെ മനസ് മാറിയിട്ടില്ല. പി.കെ.ശ്രീമതിയ്ക്ക് സീറ്റ് നിലനിർത്തുന്നതിന് വലിയ ഭൂരിപക്ഷം ഇക്കുറിയും തളിപ്പറമ്പ് നൽകുമെന്നാണ് ഇടതുവിശ്വാസം. അതെ സമയം അടിയൊഴുക്കുണ്ടാകുമെന്ന ഉറപ്പിലാണ് യു.ഡി.എഫും എൻ.ഡി.എയും. വികസനം പറഞ്ഞാണ് എൽ.ഡി.എഫ് ഇവിടെയും വോട്ട് തേടുന്നത്. വികസനം വാഴും വർഗീയത് വീഴും എന്നാണ് പി.കെ.ശ്രീമതിയുടെ പ്രധാന മുദ്രാവാക്യം.ഇതൊടൊപ്പം സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്നും അവർ ആരോപിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകം , ശബരിമലപ്രശ്‌നം എന്നിവ വോട്ടർമാരുടെ മനസിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. ശബരിമല പ്രശ്‌നത്തിൽ വിശ്വാസികൾക്കൊപ്പം ആദ്യം തൊട്ട് നിലയുറപ്പിച്ച സുധാകരന് വലിയ പിന്തുണ ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം.ഇതെ വിഷയത്തിൽ പി.കെ.ശ്രീമതി നടത്തിയ പ്രസംഗവും യു.ഡി.എഫ് ആയുധമാക്കുന്നുണ്ട്.വയനാട്ടിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് തുണയാകുമെന്നും മുന്നണി കരുതുന്നുണ്ട്. ന്യൂനപക്ഷമേഖലകളിൽ ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിന് മാത്രമെ കഴിയുകയുള്ളുവെന്നും യു.ഡി.എഫ് പറയുന്നു. ന്യൂനപക്ഷ ബെൽറ്റുകളായ തളിപ്പറമ്പ്, ചപ്പാരപ്പടവ്, കുറുമാത്തൂർ എന്നിവിടങ്ങളിൽ ഈ പ്രചാരണം ഏശുമെന്നാണ് അവരുടെ വിശ്വാസം. ബി.ജെ.പിക്ക് മണ്ഡലത്തിലെ എല്ലാഭാഗത്തും വേരോട്ടമുണ്ട്. പുതുതലമുറവോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നുവെന്നാണ് ബിജെപിയുടെ പ്രവർത്തനമികവ്. . സി.കെ.പത്മനാഭൻ ഇതിനകം രണ്ടുതവണ മണ്ഡലപര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു.

രണ്ട് നഗരസഭകളും ആറ് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തളിപ്പറമ്പ് . തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ് പഞ്ചായത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. കുറുമാത്തൂർ, പരിയാരം, കുറ്റിയാട്ടൂർ, മലപ്പട്ടം, മയ്യിൽ പഞ്ചായത്തുകളും ആന്തൂർ നഗരസഭയും എൽ.ഡി.എഫിനാണ് . പ്രതിപക്ഷമില്ലാത്ത ആന്തൂരിൽ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ

ആകെ വോട്ട് :1,95,658

പോൾ ചെയ്തത്: 1,58,816

ജയിംസ് മാത്യു(സി.പി.എം)​- 91, 106

രാജേഷ് നമ്പ്യാർ(കേരള കോൺ.എം)​:50,489

പി.ബാലകൃഷ്ണൻ മാസ്റ്റർ (ബി.ജെ.പി)​:14742

ഭൂരിപക്ഷം :40,617