കാസർകോട്: കാൽനൂറ്റാണ്ട് കാലമായി അതിശക്തമായ ത്രികോണ മത്സരം നടന്നുവരുന്ന മഞ്ചേശ്വരം നിയോജകമണ്ഡലം ഒരുകാലത്ത് സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യസീറ്റെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടിരുന്നത്. ചുരുക്കം തവണ ഇടത് ആഭിമുഖ്യം കാട്ടിയ നിയോജകമണ്ഡലത്തിൽ പക്ഷെ സമീപകാലത്ത് യു.ഡി.എഫിനോടാണ് പ്രിയം.രണ്ടാംസ്ഥാനം ബി.ജെ.പിയ്ക്കും.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ വെറും 8899 സീറ്റിനാണ് മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾറസാഖിനോട് പരാജയപ്പെട്ടത്.വോട്ടിംഗിൽ കൃത്രിമം ആരോപിച്ച് സുരേന്ദ്രൻ നൽകിയ കേസ് പിൻവലിക്കുന്നതിലെ സാങ്കേതിക തടസം മൂലം പി.ബിയുടെ മരണം നടന്ന് മാസങ്ങളായിട്ടും ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.ലോക് സഭ തിരഞ്ഞെടുപ്പിന് തൊട്ടുപിറകെ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന സാഹചര്യവും മഞ്ചേശ്വരത്തിനുണ്ട്. കേരളത്തിലാണെങ്കിലും കന്നഡ വോട്ടർമാർക്ക് ശക്തമായ സ്വാധീനമാണ് ഇവിടെയുള്ളത്.അതുകൊണ്ട് തന്നെ ഇടക്കാലത്ത് കന്നഡന്യൂനപക്ഷത്തിൽ പെട്ടവരെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുന്നണികൾ ശ്രദ്ധിച്ചിരുന്നു.
മുന്നണികൾ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട് ഇക്കുറി മഞ്ചേശ്വരത്ത്. 2006 ൽ യു.ഡി.എഫിന്റെ പ്രബലനായ ചെർക്കളം അബ്ദുള്ളയെ മലർത്തിയടിച്ച് മണ്ഡലം പിടിച്ച സി പി എമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ വിജയിപ്പിച്ചതിന് ചുക്കാൻ പിടിച്ചത് ഇപ്പോഴത്തെ ഇടതുസ്ഥാനാർത്ഥി കെ..പി സതീഷ് ചന്ദ്രനായിരുന്നു.സതീഷ് ചന്ദ്രന്റെ ജനകീയത മഞ്ചേശ്വരത്ത് തുണയാകുമെന്നും അവർ വിശ്വാസിക്കുന്നുണ്ട്. ഭാഷാ ന്യുനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളെന്ന നിലയിൽ ബി ജെ പിയുടെ രവീശ തന്ത്രിയും ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. കന്നഡ ന്യൂനപക്ഷവിഭാഗത്തിൽപെട്ട സുബയ്യ റായിയുടെ സ്ഥാനാർത്ഥിത്വം തടയപ്പെട്ടതിന്റെ പ്രശ്‌നം മേഖലയിൽ യു.ഡി..എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് അതിജീവിക്കേണ്ടതുണ്ട്. എന്നാൽ മുസ്ലിം ലീഗിന് മണ്ഡലത്തിലുളള ശക്തിയും കൂടി കണക്കിലെടുക്കുമ്പോൾ നിർണായകമായ ലീഡ് മഞ്ചേശ്വരം നൽകുമെന്നാണ് യു.ഡി.എഫിന്റെ വാദം.
നിയമസഭാ തിരഞ്ഞെടുപ്പിൽ
ആകെ വോട്ട്:208145
പോൾ ചെയ്തത്: 158584
പി.ബി.അബ്ദുൾറസാഖ് (മുസ്ലിം ലീഗ്):56870
കെ.സുരേന്ദ്രൻ(ബി.ജെ.പി): 56781
സി.എച്ച്.കുഞ്ഞമ്പു(സി.പി.എം):42565