അവിടെ അങ്ങിനെ.. ഇവിടെ ഇങ്ങിനെ ...

മാഹി: കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസ്സും സി.പി.എമ്മും പുതുച്ചേരി സംസ്ഥാന അതിർത്തിയായ മാഹി പാലം വിട്ടാൽ പരസ്പരം വാരിപ്പുണരുന്ന കാഴ്ചയാണ് ഇതുവരെയും കണ്ടത്. എന്നാൽ പെട്ടെന്ന് ചിത്രമങ്ങ് മാറി. പുതുച്ചേരിയിലെ ഏക ലോക് സഭാ മണ്ഡലത്തിൽ സി.പി.എമ്മിന്റെ വ്യത്യസ്ത നിലപാട് ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. ദേശീയ നയത്തിന്റെ ഭാഗമായി, തമിഴ്‌നാട് സഖ്യത്തെ പിൻപറ്റി പുതുച്ചേരി മണ്ഡലത്തിൽ കാരിക്കാൽ, പുതുച്ചേരി, യാനം മേഖലയിൽ യു.പി.എ. സ്ഥാനാർത്ഥി കോൺഗ്രസിലെ വി. വൈദ്യലിംഗത്തിന് വോട്ട് ചെയ്യും. ഒന്നിച്ച് കൊടി പിടിച്ച് സംയുക്തമായി പ്രചരണവും വോട്ട് പിടുത്തവും അവിടെ ആവേശത്തോടെ നടക്കുന്നുമുണ്ട്.

എന്നാൽ കേരള രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ച് മാഹിയിൽ ഇതേ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ല! ഒരു മണ്ഡലത്തിൽ രണ്ട് നിലപാട്. പകരം മയ്യഴിയിലെ സി.പി.എമ്മുകാർ കമലഹാസന്റെ മക്കൾ നീതിമയ്യം സ്ഥാനാർത്ഥി എം.എ.എസ്.സുബ്രഹ്മണ്യത്തിനാണ് വോട്ട് ചെയ്യുക.
എന്നാൽ ഇടതു പാർടിയായ സി.പി.ഐക്ക് പുതുച്ചേരിയിലെന്ന പോലെ, എൻ.ഡി.എയെ പരാജയപ്പെടുത്താൻ, മാഹിയിലും കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ മടിയില്ല. ഇതോടെ ഇടതുകക്ഷികളായ സി.പി.എമ്മും, സി.പി.ഐയും മാഹിയിൽ ഇരുപക്ഷത്തായി.
പുതുച്ചേരിയിൽ ബി.ജെ.പി, കോൺഗ്രസ്സ് മുന്നണികളാണ് മുഖ്യ പോരാളികൾ. ഇരു വിഭാഗവും വിനാശകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മയ്യഴിയുടെ വികസനത്തിനോ, മയ്യഴിക്കാരുടെ ക്ഷേമത്തിനോ ഒന്നും ചെയ്യാത്തവരാണ് ഇരുവിഭാഗങ്ങളുമെന്നും അത് കൊണ്ടാണ് മക്കൾ നീതിമയ്യത്തിന് പിന്തുണ നൽകുന്നതെന്നും സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ സാഹചര്യമുണ്ടായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മാഹിയിൽ സി.പി.എം. സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. ടി.അശോക് കുമാറിനെ നിർത്തിയിരുന്നു.
അതേസമയം രാജ്യഭരണം മതേതര ശക്തികളുടെ കരങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ചരിത്രപരമായ പോരാട്ടത്തിൽ, മാഹിയിലെ പ്രബുദ്ധരായ വോട്ടർമാർ ബി.ജെ.പി.മുന്നണി സ്ഥാനാർത്ഥി ജയിക്കുന്ന സാഹചര്യമുണ്ടാക്കില്ലെന്നും, കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇത്തവണ മാഹിയിൽ നിന്ന് റിക്കാർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും, മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായ ഇ. വത്സരാജ് പറഞ്ഞു.