കൂത്തുപറമ്പ് :മെരുവമ്പായി മഖാം ഷെരീഫ് ഉറൂസിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് ഒന്നര മണിക്ക് വളപട്ടണം സയ്യിദ്മശ്ഹൂർ ഉമ്പിച്ചിക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് രാത്രി ഏഴര മണിക്ക് മുഹമ്മദ് ബുബാറക്ക് ബാഖവി വെഞ്ഞാറമൂട് ഉറൂസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച രാത്രി അബ്ദു ലത്തീഫ് സഅദി പഴശ്ശിയും, ഞായറാഴ്ച്ച രാത്രി സ്വാലിഹ് ഫൈസി കിഴിശ്ശേരിയും പ്രഭാഷണം നടത്തും. ഞായറാഴ്ച്ച രാത്രി നടക്കുന്ന അന്നദാനത്തോടെയാണ് ഉറൂസ് സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഉറൂസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.വി.മുഹമ്മദ്, പ്രസിഡന്റ് എ.കെ.അബ്ദുൾ ഖാദർ ,മുഹമ്മദ് സ്വാലിഹ്, വി.കെ.മുഹമ്മദ് നാദിർ എന്നിവർ പങ്കെടുത്തു.
വെജ്‌കോ ഡിപ്പോ ഉദ്ഘാടനം നാളെ
പയ്യന്നൂർ: റീജിണൽ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേർസ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി (വെജ് കോ) പെരുമ്പയിൽ ആരംഭിക്കുന്ന പഴം, പച്ചക്കറി സംഭരണ വിൽപ്പന ഡിപ്പോ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30ന് കണ്ണൂർ എ.കെ.ജി ആശുപത്രി ഭരണ സമിതി പ്രസിഡന്റ് ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും.പ്രസിഡണ്ട്‌കെ.കുഞ്ഞപ്പ അദ്ധ്യക്ഷത വഹിക്കും.പാവൂർ നാരായണൻ, എൻ.കെ.മോഹൻരാജ് തുടങ്ങിയവർ സംബന്ധിക്കും. കണ്ണൂർ കാസർകോട് ജില്ലകളിലായി വെജ്‌കോയുടെ ഇരുപത് ഡിപ്പോകൾ പ്രവർത്തിച്ചു വരുന്നുണ്ടെന്നും പയ്യന്നൂരിൽ മൂന്നാമത് ഡിപ്പോയാണ് ശനിയാഴ്ച്ച പെരുമ്പയിൽ ആരംഭിക്കുന്നതെന്നും അധികൃതർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ കെ.കുഞ്ഞപ്പ, എം.കെ.മോഹനൻ, കെ.രാജീവൻ, കണ്ണൻ മൊട്ടമ്മൽ, സി. ബാലകൃഷ്ണൻ, എൻ.വി സൂരജ്, ടി.വി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്നു:മന്ത്രി ജലീൽ
കൂത്തുപറമ്പ്: മതവികാരത്തെ ദുരുപയോഗപ്പെടുത്തിയാണ് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മന്ത്രികെ.ടി.ജലിൽ പറഞ്ഞു.കോട്ടയം പഞ്ചായത്തിലെ കിണവക്കലിൽ എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ. രാജ്യത്തെ എൺപത് ശതമാനത്തോളം വരുന്ന വിശ്വാസ സമൂഹത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി.യും കോൺഗ്രസും നടത്തി കൊണ്ടിരിക്കുന്നത്. ബി.ജെ.പി. വർഗീയത ഉയർത്തിക്കാട്ടിയാണ് വോട്ടർമാരെ സ്വാധീനിക്കുന്നതെങ്കിൽ പുണ്യനദികളെ പോലും തിരഞ്ഞെടുപ്പിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് കോൺഗ്രസ്. കിണവക്കലിൽ നടന്ന പൊതുയോഗത്തിൽ എൻ.ബാലൻ അധ്യക്ഷത വഹിച്ചു. കെ.വി.ഗംഗാധരൻ, പി.വി.ദിവാകരൻ, കെ. മനോഹരൻ, പി.കെ.പ്രവീൺ, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
കൊട്ടിയൂർ ശ്രീ നാരായണ ഗുരുദേവക്ഷേത്രം
പ്രതിഷ്ഠാ വാർഷിക മഹോത്സവം
കൊട്ടിയൂർ: കൊട്ടിയൂർ ശ്രീ നാരായണ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഇന്ന് തുടക്കമാവും.രാവിലെ 9.10 ന് തൃക്കൊടിയേറ്റ്, ഗുരുപൂജ, പഞ്ചഗവ്യം, നവകം, കലശാഭിഷേകം.വൈകുന്നേരം കാഴ്ച സമർപ്പണം, ദീപം തെളിയിക്കൽ, നാരായണീയ പാരായണം തുടർന്ന് നൂറിലേറെ വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര.7 മണിക്കുള്ള വനിതാ യുവജന സംഗമം പ്രദീപൻ മാലോത്ത് മുഖ്യ പ്രഭാഷണം നടത്തും. 9 മണിക്ക് കുടുംബയോഗങ്ങളുടെ കലാവിരുന്ന്.6 ന് വൈകുന്നേരം 6.30 മണിക്ക് സാംസ്‌കാരിക സമ്മേമേളനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷനാകും.വിവിധ മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകളെ ശാഖാ പ്രസിഡന്റ് ടി.വി.അപ്പു ആദരിക്കും. പി.ആർ ലാലുവും സി.കെ.രാജേന്ദ്രനും എൻഡോവ്‌മെന്റുകൾ വിതരണം ചെയ്യും. ബിനീഷ്.വി.ജി സ്വാഗതവും സെക്രട്ടറി കെ.ജി.ശശിധരൻ നന്ദിയും പറയും.തുടർന്ന് മ്യൂസിക് നൈറ്റ് ഗാനമേള.7 ന് വൈകുന്നേരം 6.30 ന് താലപ്പൊലി ഘോഷയാത്ര, താല സമർപ്പണം.8.30 ന് കണ്ണൂർ കളിവെട്ടം അവതരിപ്പിക്കുന്ന
നാട്ടുത്സവം നട്ടൊരുമയുടെ പാട്ടും ആട്ടവും അരങ്ങേറും.
ജില്ലയിൽ 134 പ്രശ്നബാധിത ബൂത്തുകൾ,
മാവോയിസ്റ്റ് ഭീഷണി 39 ബൂത്തുകളിൽ
കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കിയിട്ടുള്ള 1857 ബൂത്തുകളിൽ 134 എണ്ണം ക്രിറ്റിക്കൽ ബൂത്തുകളും 39 എണ്ണം മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയുമാണ്. പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ 23, കല്യാശ്ശേരിയിൽ 30, തളിപ്പറമ്പിൽ 43, ഇരിക്കൂറിൽ അഞ്ച്, അഴീക്കോട്ട് ഒന്ന്, ധർമ്മടത്ത് ഒൻപത്, കൂത്തുപറമ്പിൽ ഏഴ്, മട്ടന്നൂരിൽ 14, പേരാവൂരിൽ രണ്ട് എന്നിങ്ങനെയാണ് ക്രിറ്റിക്കൽ ബൂത്തുകളുടെ എണ്ണം. കണ്ണൂർ, തലശ്ശേരി മണ്ഡലങ്ങളിൽ ക്രിറ്റിക്കൽ ബൂത്തുകളില്ല. പയ്യന്നൂർ 5, ഇരിക്കൂർ6, കൂത്തുപറമ്പ്1, മട്ടന്നൂർ2, പേരാവൂർ25 എന്നിങ്ങനെയാണ് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകൾ.
ജില്ലയിൽ 1079 ബൂത്തുകൾ സെൻസിറ്റീവ്, 274 എണ്ണം ഹൈപ്പർ സെൻസിറ്റീവ് എന്നീ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ എണ്ണം മണ്ഡലം തലത്തിൽ (സെൻസിറ്റീവ്, ഹൈപ്പർ സെൻസിറ്റീവ് എന്നീ ക്രമത്തിൽ): പയ്യന്നൂർ 89, 59, കല്യാശ്ശേരി 113, 14, തളിപ്പറമ്പ് 125, 25, ഇരിക്കൂർ 70, 8, അഴീക്കോട് 65, 26, കണ്ണൂർ 62, 13, ധർമടം 93, 27, തലശ്ശേരി 145, 17, കൂത്തുപറമ്പ് 136, 31, മട്ടന്നൂർ 118, 36, പേരാവൂർ 63, 18. വിവിധ വിഭാഗങ്ങളിൽ പെട്ട പ്രശ്‌നസാധ്യത ബൂത്തുകളിൽ പ്രശ്‌നത്തിന്റെ ഗൗരവത്തിനനുസരിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് അധികൃതർ ഒരുക്കുന്നത്. സേനകൾക്കു പുറമെ ഇവിടങ്ങളിൽ വെബ്കാസ്റ്റിംഗ്, ലൈവ് വീഡിയോ കവറേജും സജ്ജീകരിക്കും. വിവിധ മണ്ഡലങ്ങളിലായി വോട്ടർമാർക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി നേരിടുന്ന 233 വൾണറബ്ൾ ബൂത്തുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലെ 9510 വോട്ടർമാരെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഭയമില്ലാതെ വോട്ടു ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കും.
മദ്ധ്യവയസ്കന് സൂര്യാതപമേറ്റു
കൂത്തുപറമ്പ്: മമ്പറം ടൗണിൽ മദ്ധ്യവയസ്‌കന് സൂര്യതാപമേറ്റു. ഉമ്മൻചിറയിലെ റമീന മൻസിലിൽ എ.ടി.ഖാലിദിനാ (60)ണ് ശക്തമായ ചൂടിൽ പൊള്ളലേറ്റത്. കഴുത്തിനും, ഷോൾഡറിലും പൊള്ളലേറ്റ ഖാലിദ് പിണറായി കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ഇറച്ചിക്കടയിലെ ജീവനക്കാരനായ ഖാലിദിന് ബുധനാഴ്ച ഉച്ചയോടെയാണ് മമ്പറം ടൗണിൽ വച്ച് സൂര്യാഘാതമേറ്റത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഖാലീദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സർക്കസ് കൂടാരത്തിൽ നിന്ന് നേതൃനിരയിലേക്ക്.
തലശ്ശേരി:കമ്മ്യൂണിസ്റ്റായി ജീവിച്ച് കമ്മ്യൂണിസ്റ്റായി മരിക്കണമെന്നുമാഗ്രഹിച്ച നേതാവായിരുന്നു പുഞ്ചയിൽ നാണു. ധർമ്മടത്തെ ചുവപ്പിച്ച പഴയ കാല കമ്യൂണിസ്റ്റ് നിരയിലെ ഒടുവിലത്തെ കണ്ണി. എല്ലാം ചെങ്കൊടിക്ക് കീഴെ മാത്രം നോക്കിക്കണ്ട പോരാളി.കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ഒരു തുള്ളി വെള്ളം പോലും കലരരുതെന്ന് എന്നും ശഠിച്ച വിപ്ലവകാരി. പാർടി അംഗമായി മരണം വരെ തുടരാനും ചെങ്കൊടി പുതച്ച്, സഹകമ്മ്യൂണിസ്റ്റ് സഖാക്കൾക്കൊപ്പം പയ്യാമ്പലത്ത് മണ്ണിനോട് ചേരണമെന്നും കൊതിച്ച മനുഷ്യ സ്‌നേഹി
കൗമാരക്കാരോട് പോലും തോളിൽ കൈയ്യിട്ട് പെരുമാറുന്ന സുഹൃത്ത്. തെറ്റ് ആര് ചെയ്താലും ഉറക്കെ തന്നെ വിളിച്ചു പറയാനുള്ള ആർജ്ജവം. ദശകങ്ങളായി തലശ്ശേരിക്കാരും പ്രാന്തപ്രദേശങ്ങളിലുള്ളവരും ശബ്ദം കൊണ്ട് തിരിച്ചറിയുന്ന പ്രാസംഗികൻ. കാഴ്ചയിൽ പരുക്കനെങ്കിലും, നിഷ്‌ക്കളങ്കമായ മനസ്സ് കൊണ്ടു നടന്ന പൊതുപ്രവർത്തകരുടെ കാരണവർ. ദേശീയ സാർവദേശീയ കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ സിദ്ധിവൈഭവം
സർക്കസ്സ് കൂടാരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കനൽവഴികളിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സർക്കസ് കലാകാരന്മാരെ സംഘടിപ്പിക്കുകയും അവരുടെ ജീവിത നിലവാരമുയർത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.സർക്കാരിന്റെ സർക്കസ് ഉപദേശക സമിതി അംഗവുമായിരുന്നു. തലശ്ശേരി മേഖലയിലെ ചെത്ത് തൊഴിലാളി സംഘാടക നായിരുന്ന അദ്ദേഹം യൂണിയന്റെ സംസ്ഥാന ഭാരവാഹിയുമായിരുന്നു.നു.
ദാരിദ്യത്തിന്റെയും പട്ടിണിയുടേയും പിടിയിൽ അപ്പർ പ്രൈമറി തലത്തിൽ പഠനം നിർത്തി ബീഡി തൊഴിലാളിയായി.1946ൽ നടന്ന ബീഡി തൊഴിലാളി പണിമുടക്കിലൂടെയാണ് പൊതുരംഗത്തെത്തിയത്.ഏത് നിർണ്ണായക ഘട്ടങ്ങളിലും പ്രശ്‌ന പരിഹാരത്തിനുള്ള പുഞ്ചയിൽ നാണുവിന്റെ മിടുക്ക് ശ്രദ്ധേയമായിരുന്നു.തൊഴിലിടങ്ങളിൽ ഈ സിദ്ധി സംഘടനക്ക് ഏറെ ഗുണം ചെയ്തിരുന്നു. രോഗാതുരതയും, ശാരീരികാവശതകളും ഏറെ അലട്ടുമ്പോഴും പതിവായി സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ചേരാൻ അദ്ദേഹം സന്നദ്ധനായി.തന്റെ ഗ്രാമമായ ധർമ്മടത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തെ ആധാരമാക്കി ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
വികസന കാര്യങ്ങളിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം നായനാർ മുഖ്യമന്ത്രിയായിരുപ്പോൾ മണ്ഡലം പ്രതിനിധിയുമായിരുന്നു. സഹകരണ രംഗത്തും സജീവമായിരുന്നു. ദീർഘകാലം തലശ്ശേരി റൂറൽ ബാങ്കിന്റെ പ്രസിഡന്റായിരുന്നു.
ഇ.എം.എസ്, എ.കെ.ജി, പാട്യം ഗോപാലൻ, സി.കണ്ണൻ, എം.വി.രാജഗോപാലൻ തൊട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെയുള്ള നേതാക്കളുമായി ആത്മബന്ധം പുലർത്തിയിരുന്നു. വടവതി വാസു, ഇ.നാരായണൻ, പി.വിജയൻ, തുടങ്ങിയ ദീർഘകാല സഹപ്രവർത്തകർ പുഞ്ചയിൽ നാണുവിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചവരായിരുന്നു.
കളഞ്ഞ് കിട്ടിയ പണം തിരിച്ചേൽപ്പിച്ചു.
തലശ്ശേരി:കാവുംഭാഗം സ്വദേശിക്ക് റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ പഴ്‌സ് പൊലീസിന് കൈമാറിയത് ആസാം കാരനായ യുവാവിന് ആശ്വാസമായി.
തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് മഞ്ഞോടി ശാഖയിൽ ജീവനക്കാരനായിരുന്ന കൊളശ്ശേരി കാവുംഭാഗം സ്വദേശി രജിത്താണ് മറുനാടൻ തൊഴിലാളി അൻവറിന് തുക തിരിച്ചുനൽകിയത്. കഴിഞ്ഞ ദിവസം ബൈക്കോടിച്ചു പോവുന്ന തി നിടയിൽ കായ്യത്ത് റോഡിൽ വച്ചാണ് 18,000 ത്തോളം രൂപയും വിലപ്പെട്ട നിരവധി രേഖകളും സൂക്ഷിച്ച പഴ്‌സ് രജിത്തിന് ലഭിച്ചത്. കളഞ്ഞ് കിട്ടിയ മണി പേഴ്‌സ് ഇദ്ദേഹം ഉടൻ തലശ്ശേരി പൊലീസിന് കൈമാറി.പൊലീസ് അൻവറിനെ വിളിച്ചുവരുത്തി രജിത്തിന്റെ പേഴ്സ് കൈമാറി .