കണ്ണൂർ: തർക്കത്തിലുള്ള സി.എം.പി കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സി.എം.പി ജില്ലാ കൗൺസിൽ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും സി.. എം..പി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ പരാതി നൽകി. നേരത്തെ സി.എം.പിയുടെ ജില്ലാകമ്മിറ്റി ഓഫീസായ കണ്ണൂരിലെ ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക മന്ദിരമാണ് ഇപ്പോൾ പി.കെ ശ്രീമതിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി മാറ്റിയത്.
കണ്ണൂർ സബ്‌റജിസ്ട്രാർ ഓഫീസിൽ റജിസ്ട്രർ ചെയ്യപ്പെട്ട നാലുസെന്റ്സ്ഥലവും കെട്ടിടവും സി.എം.പി ജില്ലാ സെക്രട്ടറിയുടെ പേരിലുള്ളതായിരുന്നു. സ്ഥാപകൻ എം.വി.. രാഘവന്റെ മരണത്തെ തുടർന്ന് പാർട്ടി പിളർന്നപ്പോൾ എൽ.ഡി.എഫ് അനുകൂല സി.എംപി വിഭാഗം ഓഫീസ് പിടിച്ചെടുത്തതായാണ് പരാതി.ഇതിനെതിരെ കോടതിയിൽ കേസും നിലവിലുണ്ട്.സി.കെ നാരായണൻ ആയിരുന്നു അപ്പോൾ സെക്രട്ടറി.പാർട്ടി ഓഫീസിൽ നിന്ന് അന്നത്തെ സി.എം.പി ജില്ലാ സെക്രട്ടറി സി.എ അജീറിനെയും മറ്റും ഓഫീസിൽ നിന്ന് പുറത്താക്കി. അജീറിന് അക്രമത്തിൽ പരിക്കേറ്റു.
സി.എ അജീറും മറ്റും സി.എം.പി നേതാക്കളും ഓഫീസിൽ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട സി.കെ നാരായണൻ കേസ് ഫയൽ ചെയ്‌തെങ്കിലും അത് തള്ളിപ്പോയി. അതേ സമയം ജില്ലയിലെ സി.പി.എം നേതൃത്വത്തിന്റെ സഹായത്തോടെ ഓഫീസ് നിയന്ത്രണം 'എൽ.ഡി.എഫ് വിഭാഗം സി.എം.പി തുടർന്നു. അതിനിടെ എം.കെ കണ്ണന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് കഴിഞ്ഞ ഫിബ്രവരിയിൽ സി.പി.എമ്മിൽ ചേർന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാർട്ടിയായ സി.എം.പി യുടെ ജില്ലാസമ്മേളനം പി.സുനിൽകുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. മറ്റു പാർട്ടിയിൽ ചേരുന്നവർക്ക് സി.എം.പിയുടെ സ്വത്ത്‌വകകളിൽ എന്തവകാശം? ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ചോദിച്ചു.
തങ്ങൾക്കവകാശപ്പെട്ട പാർട്ടി ഓഫീസ് കൈയേറി സി.പി.എമ്മിന്റെ സ് ഥാനാർത്ഥിയുടെ ഓഫീസാക്കി മാറ്റിയത് ആ പാർട്ടിയുടെ ഗൂഡതന്ത്രമാണ്. സി.പി.എമ്മിന് സ്വന്തമായി നിരവധി കെട്ടിടങ്ങൾ ഉണ്ടായിരിക്കെ മറ്റുപാർട്ടി ഓഫീസ് കൈയേറി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കുന്നത് തിരഞ്ഞെടുപ്പിന്റെ ചട്ടലംഘനമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് വേളയിലും സി.എം.പി ഓഫീസ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയിരുന്നു.