തളിപ്പറമ്പ: എ.ഇ.ഒ. ഓഫീസ് നിയമന രജിസ്റ്ററിലെ പേജ് മോഷണം പോയ സംഭവത്തിൽ ജീവനക്കാരെ പൊലീസ് നിരീക്ഷണത്തിലാക്കി. 11ഓളം ജീവനക്കാരുടെ ഫോൺ കോളുകളടക്കം പരിശോധിക്കും. എ.ഇ.ഒയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസിന്റെ നടപടി. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമന ഉത്തരവുകളുടെ 1997ലെ രജിസ്റ്ററിൽ നിന്നാണ് 69 നമ്പറിലുള്ള പേജ് കീറിയെടുത്ത് നശിപ്പിച്ചത്. 97-98ൽ നോർത്ത് മുതുകട എ.എൽ.പി സ്‌കൂളിൽ താത്കാലിക നിയമനം നേടിയ അദ്ധ്യാപികയ്ക്ക് കുട്ടികൾ കുറഞ്ഞതിനാൽ പുറത്തുപോകേണ്ടി വന്നിരുന്നു. 2011ൽ അദ്ധ്യാപക ബാങ്കിൽ രജിസ്റ്റർ ചെയ്ത ഇവർ എ.എസ്.എ കോ ഓർഡിനേറ്ററായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് മുയ്യം രാജീവൻ എന്ന പേരിൽ ഒരാൾ ഡി.പി.ഐയ്ക്ക് പരാതി നൽകി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
അദ്ധ്യാപിക ഇതിനെതിരെ സർക്കാരിന് നിവേദനം നൽകി. ഇതേപ്പറ്റി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുന്നതിനിടെയാണ് പേജ് നശിപ്പിച്ചതായി കണ്ടത്. 98 ജൂലായ് 31വരെ മീര സ്‌കൂളിൽ ജോലി ചെയ്തെന്ന് തെളിയിക്കുന്ന പേജാണ് കീറികളഞ്ഞത്. മറ്റ് പല രജിസ്റ്ററിലും തിരുത്തൽ വരുത്തിയെങ്കിലും നിയമന റജിസ്റ്റർ ഡി.സി. ഓഫിസിൽ ഓഡിറ്റ് ചെയ്യുന്നതിനാൽ തിരുത്താൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഈ രജിസ്റ്ററിലെ പേജ് കീറി കളഞ്ഞത്. ഈ സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് തട്ടിപ്പ് കണ്ടെത്തി എ.ഇ.ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.