മട്ടന്നൂർ: പരിയാരത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് പതിനാലുകാരനായ വിദ്യാർത്ഥിക്കു പരിക്കേറ്റ സംഭവത്തേ തുടർന്ന് മട്ടന്നൂർ മേഖലയിൽ വ്യാപക റെയ്ഡ്.മട്ടന്നൂരിന്നടുത്ത പരിയാരം, പെരുവയൽക്കരി പ്രദേശങ്ങളിലും സമീപ മേഖലകളിലുമാണ് ഇരിട്ടി ഡിവൈ.എസ്.പി ഷാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽഫോഴ്‌സും സർക്കിൾ ഇൻസ്‌പെക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ബോംബ്, ഡോഗ് സ്‌ക്വാഡുകളും വിരലടയാള വിദഗ്ദരും റെയ്ഡ് നടത്തുന്നത്. ഇന്നലെ കാലത്ത് ബോംബ്, ഡോഗ് സ്‌ക്വാഡുകളും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി. വിവിധ പ്രദേശങ്ങളിൽ കാലത്ത് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം കളിച്ചു കൊണ്ടിരിക്കേ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒൻപതാംക്ലാസ് വിദ്യാർത്ഥി പരിയാരത്തെ കിളക്കാട്ട് വീട്ടിൽ വിജിൽ(14) ന് പരിക്കേറ്റത്. വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ബോംബ് സ്‌ഫോടനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് യു.ഡി.എഫ്.
മട്ടന്നൂർ: പരിയാരത്ത് ബോംബ് പൊട്ടി വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി യു.ഡി.എഫ്. മട്ടന്നൂർ കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശേഖരിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധന നടത്തി ആയുധശേഖരം പിടിച്ചെടുക്കണമെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു.
ഇ.പി.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, വി.ആർ.ഭാസ്‌ക്കരൻ, ടി.വി.രവീന്ദ്രൻ, സുരേഷ് മാവില എന്നിവർ സംസാരിച്ചു.
വിതരണം മുടങ്ങി
ഉരുവച്ചാലിൽ അഞ്ച് സ്ഥലങ്ങളിൽ കടിവെള്ളപൈപ്പ് പൊട്ടി
മട്ടന്നൂർ: ഉരുവച്ചാലിൽ അഞ്ച് സ്ഥലങ്ങളിൽ കടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴായി. ഇന്നലെ ഉരുവച്ചാൽ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങി.നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ഉരുവച്ചാലിൽ ലിറ്റർ കണക്കിന് വെള്ളം പാഴായത്.
മട്ടന്നൂർ റോഡിൽ ഉരുവച്ചാലിലും പഴശ്ശിയിലുമാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി പാഴായത്.കെ എസ് ടി യു ടെ റോഡ് വീതി കൂട്ടൽ പ്രവൃത്തിക്കായി പഴയ ടാറിംഗ് മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് കുടിവെള്ളത്തിന്റെ പൈപ്പ് ലൈനുകൾ പൊട്ടിയത്. റോഡിൽ പൈപ്പ് ലൈനുള്ള കാര്യം റോഡ് പണിക്കാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് പൈപ്പ് തകരാൻ കാരണമായത്.പഴശ്ശിയിലാണ് റോഡിലൂടെയാണ് വെള്ളം കൂടുതലായും പാഴായത്. ഒഴുകി റോഡ് ചെളിക്കുളമായത് വാഹനങ്ങൾക്ക് ഭീഷണിയായി.തോട്ടിലേക്കും വീടുകളിലേക്കും വയലിലേക്കും, റോഡിലേക്കും വെള്ളം കുത്തി ഒഴുകുകയായിരുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ട് ദിവസമായി കെ. എസ്. ടി. പി യുടെ റോഡ് പ്രവൃത്തി നിർത്തിയിരിക്കയാണ്. കെ എസ് ടി പി അധികൃതരാണ് അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതെന്നാണ് വാട്ടർ അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരം. ഇന്ന് അറ്റകുറ്റപണി നടത്തി നാളെ കുടിവെള്ളം വിതരണം പുനസ്ഥാപിക്കും..
പൈപ്പ് പൊട്ടി വെള്ളം പാഴാവുന്ന വിവരം നാട്ടുകാർഅധികൃതരെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് വിതരണം നിർത്തിയത്. ഒരാഴ്ച മുമ്പ് ഇതെ സ്ഥലത്ത് രണ്ടിടത്ത് കെ.എസ് .ടി .പി യുടെ റോഡ് പണിക്കിടെ രണ്ടിടത്ത് പൈപ്പ് പൊട്ടലുണ്ടായിരുന്നു.