കണ്ണൂർ: കണ്ണൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായ സി.കെ. പത്മനാഭൻ സ്വന്തം ജന്മനാടായ അഴീക്കോട് വൻകുളത്ത് വയലിൽ കത്തിക്കയറുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രസംഗം. പ്രസംഗം അവസാനിക്കുന്നതുവരെയും കൂടി നിന്നവർ കൂടെ തന്നെ നിന്നു. കൈവീശിയും ഹസ്തദാനം ചെയ്തും ചേർത്തുവച്ചും തന്റെ നാട്ടുകാർക്ക് സ്നേഹം ചൊരിഞ്ഞ സി.കെ.പിയുടെ മുഖത്ത് മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിന്റെ തിളക്കം.

അതിനിടെ ചില ചാനൽ മൈക്കുകൾ സി.കെ.പിക്ക് നേരെ നീണ്ടു. രാഹുലിന്റെ വരവിനെ കുറിച്ച് തന്നെയാണ് അവർക്ക് അറിയേണ്ടത്. എന്തും ചോദിച്ചോളൂ, മറുപടിക്ക് തയ്യാർ. രാഹുൽ വയനാട്ടിൽ പത്രിക നൽകിയല്ലോ? യു.ഡി.എഫ് അനുകൂല തരംഗം കേരളത്തിലുണ്ടാകുമോ?

മറുപടിയും വൈകിയില്ല. രാഹുൽ വരുന്നതു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ഒന്നും സംഭവിക്കില്ല. പ്രിയങ്ക സുന്ദരിയാണ്. അടുത്ത് എവിടെയെങ്കിലും അവർ വന്നാൽ ഒന്നു കാണണമെന്നുണ്ട്. 48 വയസ്സുള്ള പ്രിയങ്കഗാന്ധിയെ യുവസുന്ദരിയെന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സി.കെ.പി.യുടെ പരിഹാസത്തിൽ പൊതിഞ്ഞ കമന്റ്. പ്രിയങ്ക സുന്ദരിയാണെന്നത് സത്യമാണ്. പ്രായമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം. തന്നെ സ്വീറ്റ് 70 എന്നാണ് പ്രവർത്തകർ വിളിക്കുന്നത്. യുവത്വം എന്നത് മനസ്സിന്റെ യുവത്വമാണ്. പ്രിയങ്കക്കു നല്ല സൗന്ദര്യമുണ്ടെന്ന് പറയുന്നത് സ്ത്രീവിരുദ്ധമായി വിശേഷിപ്പിക്കരുത്.

പ്രിയങ്ക വരുമ്പോൾ ആളുകൾ ഓടിക്കൂടുന്നത് അവരെ കാണാനാണ്. അവരെല്ലാം കോൺഗ്രസ്സിന്റെ വോട്ടർമാരാണെന്ന് പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പ് എന്നത് സൗന്ദര്യമത്സരമല്ലല്ലോ?

സി.കെ..പി പറഞ്ഞു നിർത്തിയിടത്ത് നിന്നു തന്നെ തുടങ്ങാം.

ഈ തിരഞ്ഞെടുപ്പിൽ ആരൊക്കെ തമ്മിലാണ് യഥാർഥ മത്സരം?

ബി.ജെ.പിയും കോൺഗ്രസ്സും തമ്മിലാണ് യഥാർഥ മത്സരം. സി.പി.എം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത് ഈ തിരഞ്ഞെടുപ്പോടെ കാണേണ്ടി വരും. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിനു കേരളത്തിലുമുണ്ടാകും. രാഹുൽ വരുന്നതു കൊണ്ട് കോൺഗ്രസ്സിൽ ഉപരിപ്ളവമായ ചില ചലനങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷേ വോട്ടിംഗിൽ അതൊന്നും പ്രതിഫലിക്കില്ല. എൻ.ഡി.എ തന്നെ വീണ്ടും അധികാരത്തിലെത്തും. കേരളത്തിലും മാറ്റങ്ങളുണ്ടാകും. ജനം അതു തീരുമാനിച്ചു കഴിഞ്ഞു.

കണ്ണൂരിൽ കോൺഗ്രസുമായി ബി.ജെ.പിക്ക് രഹസ്യധാരണയുണ്ടെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്?

നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കുന്നത് സി.പി.എം ശൈലിയാണ്. അതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കോൺഗ്രസ്, ബി.ജെ.പി രഹസ്യധാരണയല്ല, സി.പി.എം കോൺഗ്രസ് പരസ്യധാരണയാണ് ഇവിടെയുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇവർ തമ്മിലാണ് അവിഹിത ബന്ധം. ഇതൊക്കെ കണ്ണൂരിലെയും കേരളത്തിലെയും വോട്ടർമാർ തിരിച്ചറിയും.

ലീഗിന്റെ ഔദാര്യമാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വമെന്ന ബി.ജെ.പി ആരോപണത്തെ കുറിച്ച് ?

മുസ്ലീം ലീഗിന്റെ ദയാദാക്ഷിണ്യത്തിലാണ് രാഹുൽ വയനാട്ടിലെത്തിയത്. മറ്റു മണ്ഡലങ്ങളിൽ രാഹുൽ നിന്നാൽ ജയസാധ്യതയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് വയനാട്ടിലേക്ക് കൊണ്ടുവരുന്നത്. രാഹുലിനെ ജയിപ്പിക്കേണ്ടത് ഒടുവിൽ ലീഗിന്റെ മാത്രം ഉത്തരവാദിത്വമായി മാറും.

വിജയപ്രതീക്ഷ എങ്ങിനെ?

ഇത്തവണ കണ്ണൂരിലും അട്ടിമറി സംഭവിക്കും. മാറി മാറി ഭരിക്കുന്ന ഇടത്, വലത് മുന്നണികൾക്കെതിരായ വികാരം ഇത്തവണ കണ്ണൂരിലും പ്രതിഫലിക്കും. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യും. എല്ലാം കാത്തിരുന്ന് കാണാം.