കണ്ണൂർ: കണ്ണൂർ ജില്ല ഇടത് കോട്ടയാണെങ്കിലും കണ്ണൂ‌ർ നിയമസഭാ മണ്ഡലം എന്നും കോൺഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി അട്ടിമറി വിജയം നേടിയത്. കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരും കെ.. സുധാകരന്റെ അസാന്നിദ്ധ്യവുമാണ് വിജയം ഇടതുമുന്നണിയുടെ കൈയിലെത്തിച്ചതെന്നാണ് യു. ഡി. എഫ് വിശ്വാസം. കെ. സുധാകരൻ മണ്ഡലം മാറി ഉദുമയിൽ മത്സരിക്കാനിറങ്ങിയതാണ് കടുത്ത പ്രതിസന്ധിയിലാക്കിയതെന്നാണ് യു.ഡി.എഫ് ഉയർത്തുന്ന വാദം. ഇതിനു പുറമെ മുസ്ലീം ലീഗ് പോലുള്ള ഘടകകക്ഷിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും നേതൃത്വത്തിനും വീഴ്ച പറ്റിയെന്നും യു.ഡി.. എഫ് പറയുന്നു. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇത്തവണ അനുകൂലമായ അന്തരീക്ഷമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇപ്പോഴും ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. സുധാകരനുമായി അകന്നു കഴിയുന്ന നിരാശയിലായ വലിയൊരു വിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തുന്നതോടെ കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തെക്കാളും ഇരട്ടി നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി കോൺഗ്രസ് -എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളി കാലങ്ങൾക്ക് ശേഷം മണ്ഡലം ഇടതുപക്ഷത്തിന്റേതാക്കി.പാച്ചേനിയെ 1190 വോട്ടുകൾക്കാണ് കടന്നപ്പള്ളി പരാജയപ്പെടുത്തിയത്.

ഇക്കുറി കണ്ണൂർ മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെയുള്ള നേതാക്കൾ.

പുഴാതി,പള്ളിക്കുന്ന് ഒഴികെയുള്ള കണ്ണൂർ കോർപ്പറേഷൻ,മുണ്ടേരി പഞ്ചായത്ത് എന്നിവയുൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാ മണ്ഡലം.കണ്ണൂർ വിമാനത്താവളമടക്കമുള്ള വിഷയങ്ങളും വികസനവും സർക്കാരിന്റെ ഭരണ നേട്ടങ്ങളും എടുത്തു പറഞ്ഞാണ് ഇടതുപക്ഷത്തിന്റെ വോട്ട് പിടുത്തം.മണ്ഡലം തിരിച്ചു പിടിക്കാനും ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാക്കാനുമുള്ള ശ്രമത്തിലാണ് യു.ഡി.എഫ്

രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ)- 54347

സതീശൻ പാച്ചേനി (യു.ഡി.എഫ്)-53151

കെ.ജി.ബാബു (എൻ.ഡി.എ)-13215