മാഹി :കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിൽ സൗജന്യങ്ങളും പദ്ധതികളും വാരിക്കോരി ലഭിച്ചിരുന്ന സംസ്ഥാനമായിരുന്നു പുതുച്ചേരി .കേന്ദ്രത്തിലും പുതുച്ചേരിയിലും ഒരേ സർക്കാർ വന്നപ്പോഴായിരുന്നു കൂടുതൽ സൗഭാഗ്യം. വ്യത്യസ്ത സർക്കാരുകളുണ്ടായിരുന്ന കാലത്ത് തട്ടിയും മുട്ടിയും പോയിരുന്നു.
പുതുച്ചേരിയിൽ കോൺഗ്രസ് ഇതര രംഗസാമി സർക്കാരും കേന്ദ്രത്തിൽ കോൺഗ്രസും ഭരണത്തിലിരുന്നപ്പോഴാണ് പുതുച്ചേരിയുടെ സൗഭാഗ്യത്തിന് കടിഞ്ഞാൺ വീണത്.
കേന്ദ്രം ഭരിച്ച കോൺഗ്രസ്സ് സർക്കാർ രംഗസാമി സർക്കാരിനെ ശ്വാസം മുട്ടിക്കുകയെന്ന ഉദ്ദേശത്തോടെ സഹായം കുറച്ചു.തുടർന്ന് പുതുച്ചേരിയുടെ വരുമാനം കണക്കുകൽ പെരുപ്പിച്ച് കാണിച്ച് പുതുച്ചേരിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന് രംഗസാമി ആവശ്യപ്പെട്ടു .ആവശ്യം നടപ്പിലായില്ലെന്നു മാത്രമല്ല,വരുമാനം വർദ്ധിച്ച കണക്ക് കാണിച്ചതിനാൽ കേന്ദ്ര സഹായം വീണ്ടും കുറയുകയും ചെയ്തു.
കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ നിയമസഭയിലേക്ക് നോമിനേറ്റഡ് എം.എൽ.എമാരായി ബി.ജെ.പിക്കാരെ നിയമിച്ചെങ്കിലും രംഗസാമിയുടെ ആവശ്യം നിറവേറിയില്ല.പുതുച്ചേരിയിൽ കോൺഗ്രസ്സ് സർക്കാരും ലെഫ്: ഗവർണ്ണറായി ഡോ: കിരൺബേദിയും വന്നതോടെ അധികാര വടംവലിയും തുടങ്ങി. ഗവർണ്ണരും സർക്കാരും തമ്മിൽ ശീതസമരവുമാരംഭിച്ചു. ഇതോടെ സംസ്ഥാന പദവി ആവശ്യവുമായി കോൺഗ്രസ് മുന്നോട്ടു വന്നു.
കോൺഗ്രസിന് പുറമെ എൻ.ആർ. കോൺഗ്രസ് ,,ഡി.എം.കെ,എ.ഐ.എ.ഡി.എം.കെ,പി.എം.കെ,ഇടതുപക്ഷം,എന്നിവരോടൊപ്പം കമലഹാസന്റെ മക്കൾ നീതിമയ്യവും പുതുച്ചേരിക്ക് സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട് .ചുരുക്കത്തിൽ ഏതു പാർട്ടി ജയിച്ചാലും പുതുച്ചേരിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി ലഭിക്കാൻ ശ്രമിക്കുമെന്ന് ചുരുക്കം.