കാസർകോട്: സംസ്ഥാനത്ത് തന്നെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള നിയോജകമണ്ഡലമാണ് കാസർകോട്. കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ യു.ഡി.എഫിന് വലിയതോതിൽ മേൽകൈ നൽകുന്ന ഒരെയൊരു നിയോജകമണ്ഡലവും ഇതുതന്നെ.ത്രികോണ മത്സരമെന്ന് പേരിന് പറയാമെങ്കിലും യു.ഡി.എഫും ബി.ജെ.പിയുമാണ് മുഖ്യമായും ഏറ്റുമുട്ടുന്നത്.അതുകൊണ്ട് തന്നെ പാർലിമെന്റ് നിയോജകമണ്ഡലത്തിൽ ഒന്നാമതെത്തുന്ന എൽ.ഡി.എഫിന് കാസർകോട് നിയോജകമണ്ഡലത്തിലെ ഒന്നാംസ്ഥാനക്കാരായ യു.ഡി.എഫുമായി നാൽപതിനായിരത്തിൽപരം വോട്ടിന്റെ ലീഡുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫുമായി 43112 വോട്ടിന്റെ വ്യത്യാസമുണ്ട്. യു.ഡി.എഫും ബി.ജെ.പിയുമായി 8607 വോട്ടിന്റെ വ്യത്യാസവുമുണ്ട്. കല്യാശ്ശേരിയും പയ്യന്നൂരും തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും നൽകുന്ന ലീഡാണ് യു.ഡി.എഫിന് ഏറ്റവും വലിയ പ്രതിബന്ധം. ഈ കടമ്പ കടക്കാൻ മുസ്‌ലിം ലീഗ് മണ്ഡലത്തിൽ ശക്തമായ ശ്രമം നടത്തുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി കോൺഗ്രസിന് മുമ്പേ ഇറങ്ങി പ്രചാരണം കൊഴുപ്പിച്ചത് ലീഗ് പ്രവർത്തകരായിരുന്നു. മണ്ഡലത്തിൽ ഉണ്ണിത്താന്റെ ഭൂരിപക്ഷം കൂട്ടുമെന്നതാണ് ലീഗിന്റെ അവകാശവാദം. അതെ സമയം പരസ്യമായി പറയുന്നില്ലെങ്കിലും കോൺഗ്രസിനുള്ളിലെ ചില 'സൗന്ദര്യപിണക്കങ്ങൾ മുന്നണിയ്ക്ക് തലവേദനയാകുന്നുണ്ട്. സി .പി .എം ജില്ലാ സെക്രട്ടറി എന്ന നിലയിൽ ആറുവർഷം കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കെ. പി. സതീഷ് ചന്ദ്രൻ എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ അടുപ്പം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടത് നേതൃത്വം. രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഒരുങ്ങുന്ന കരുത്തനായ ബി ജെ പിയുടെ രവീശ തന്ത്രിയെ നിസാരമായി തള്ളാൻ ഇരുമുന്നണിയും സാധ്യമല്ല. നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യൻ എന്ന നിലയിൽ മുസ്‌ലിം ന്യുനപക്ഷ വിഭാഗങ്ങളിൽ അടക്കം അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ 55830 വോട്ട് നേടാൻ രവീശ തന്ത്രിക്ക് സാധിച്ചിരുന്നു. അതിന് മുമ്പ് നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയുടെ കരുത്തനായ കെ സുരേന്ദ്രന് കാസർകോട് നിന്ന് ലഭിച്ചത് 41236 വോട്ടുകൾ ആയിരുന്നു. രണ്ടുവർഷത്തിനിപ്പുറം തന്ത്രി മത്സരിച്ചപ്പോൾ 14000 ത്തിൽപരം വോട്ടുകളാണ് വർദ്ധിച്ചത്. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ടി സിദ്ദിഖിന് 54,426 വോട്ടും ബിജെപിയിലെ കെ സുരേന്ദ്രന് 41,236 വോട്ടും എൽ.ഡി.എഫിന്റെ പി കരുണാകരന് 22,827 വോട്ടുമാണ് കിട്ടിയത്. മണ്ഡലത്തിലെ മധൂർ, ബെള്ളൂർ പഞ്ചായത്തുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. കാറഡുക്ക പഞ്ചായത്തിൽ ബി.ജെ.പി അവിശ്വാസത്തിലൂടെ പുറത്തായി. ഇവിടെ എൽ.ഡി.എഫിലെ അനസൂയ റൈയാണ് നിലവിൽ പ്രസിഡന്റ്. മൊഗ്രാൽപുത്തൂർ, ചെങ്കള, ബദിയടുക്ക, കുംബഡാജെ പഞ്ചായത്തുകളും കാസർകോട് നഗരസഭയും യു.ഡി.എഫ് ഭരണത്തിലാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ
എൻ.എ.നെല്ലിക്കുന്ന് (ലീഗ്)-64727
രവീശ തന്ത്രി (ബി.ജെ.പി) -56120
എ.എ.അമീൻ(ഐ.എൻ.എൽ)-21615
ഭൂരിപക്ഷം:8607