വിവാഹ വേളയിൽ വരൻ താരമായി ഇരുന്നാൽ മാത്രം മതിയോ? ചില പണികളൊക്കെ കൊടുക്കണ്ടേ? ഇങ്ങനെ ചിന്തിച്ച് ചില്ലറ 'പണികൾ'ചിലപ്പോഴൊക്കെ സുഹൃത്തുക്കൾ വരന് നൽകാറുണ്ട്. അതൊക്കെ വെറും തമാശയ്ക്ക് മാത്രം. എന്നാൽ, അങ്ങനെയൊരു ആചാരംതന്നെ ഉണ്ടെങ്കിലോ.. അതേക്കുറിച്ച് കേട്ടോളൂ.. ഉത്തരേന്ത്യയിൽ വിവാഹ വേളയിൽ വരന്റെ ചെരുപ്പുകൾ ഒളിപ്പിച്ചുകൊണ്ട് വരനെ കുടുക്കിലാക്കുന്നൊരു ആചാരമുണ്ട്.
വധുവിന്റെ സഹോദരിമാരും കൂട്ടുകാരികളും ബന്ധുക്കളുമൊക്കെയായിരിക്കും ചെരുപ്പ് അടിച്ചുമാറ്റുന്നത്. വരനാണെങ്കിൽ വധുവിന്റെ വീടിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടാവില്ല. അപ്പോൾ ശരിക്കും കുടുങ്ങുമെന്ന് ഉറപ്പ്. ചെരുപ്പ് തേടിയിറങ്ങുന്ന വരൻ ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം ചിരിക്ക് വക നല്കും. ഇങ്ങനെ ഏറെനേരം ചെരുപ്പ് തപ്പി നടന്ന് വശംകെടും. ഒടുവിൽ, ഒളിപ്പിച്ചവർ തന്നെ പാദരക്ഷയെത്തിക്കും. ചരുപ്പ് എടുത്തു നൽകുന്നവർക്ക് വരൻ പണം നല്കണമെന്ന വിശ്വാസവുമുണ്ട്.
ഇരുഭാഗത്തെയും ബന്ധുക്കൾ തമ്മിൽ കൂടുതൽ അടുക്കുന്നതിനായാണ് ഈ ചടങ്ങ്. എന്നാൽ ചിലയിടങ്ങളിൽ കളി കാര്യമായി കൂട്ടത്തല്ലിലേക്ക് നയിച്ച ചരിത്രവുമുണ്ട്. വരന്റെ ചെരുപ്പ് വീണ്ടെടുക്കാൻ കൂടെവന്ന ബന്ധുക്കൾ ഇറങ്ങിയാലാണ് പ്രശ്നമാവുക. പിന്നെ ചെരുപ്പ് ഒളിച്ചുവച്ചയാളെ കള്ളനെന്ന് വിളിച്ചു തല്ലുതുടങ്ങും. പിന്നെ വിവാഹമാകെ അലങ്കോലമാക്കി ദമ്പതികളുടെ ജീവിതം വരെ കുഴച്ചുമറിച്ചിട്ടേ ഈ പ്രശ്നം നിൽക്കൂ. അടുത്തകാലങ്ങളിൽ പോലും ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്.