കാസർകോട്: പയസ്വിനിപ്പുഴയിലെ ബാവിക്കര സംഭരണിയിൽ ജലനിരപ്പ് വൻതോതിൽ കുറഞ്ഞതോടെ പാണ്ടിക്കണ്ടം തടയണയിൽ നിന്നു കനാൽ നിർമിച്ച് വെള്ളമെത്തിക്കാൻ നീക്കം തുടങ്ങി. ജലഅതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ബാവിക്കര സംഭരണി നിറയ്ക്കാൻ പുഴയിലൂടെ കനാൽ നിർമിക്കുന്നത്.ബാവിക്കര സംഭരണിയുടെ മൂന്നുകിലോമീറ്റർ മുകളിലായിട്ടാണ് പാണ്ടിക്കണ്ടം തടയണ. വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ ഒരു മാസമായി ഈ തടയണയുടെ ഷട്ടർ തുറന്നാണ് ഇവിടേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുഴയിലെ ഒഴുക്ക് പൂർണമായും നിലച്ചതിനാൽ സംഭരണിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. ഇവയ്ക്കിടയിലുള്ള കയങ്ങൾ വറ്റിയതിനാൽ ഒഴുകിയെത്തുന്ന വെള്ളം അവിടെതന്നെ സംഭരിക്കുകയാണ്.

നേരത്തെ 3.80 മീറ്റർ വെള്ളമുണ്ടായിരുന്ന ഇവിടെ ഇപ്പോൾ 1.80 മീറ്റർ മാത്രമേ വെള്ളമുള്ളൂ. ഇതിൽ തന്നെ 1 മീറ്റർ കഴിച്ച് ബാക്കി മാത്രമേ ഷട്ടർ തുറന്നാൽ ഒഴുക്കിവിടാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് കനാൽ നിർമാണം തുടങ്ങിയത്. കനാലിന്റെ പണി പൂർത്തിയാകുന്നതോടെ ബാവിക്കര സംഭരണിയിലേക്ക് ആവശ്യമായ വെള്ളമെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇല്ലെങ്കിൽ കാസർകോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഉടൻ മുടങ്ങും. സംഭരണിയിൽ ഇപ്പോൾ 24 സെന്റിമീറ്റർ വെള്ളമേ ഉള്ളൂ. കഴിഞ്ഞ ഒന്നിന് 35 സെന്റിമീറ്റർ വെള്ളമുണ്ടായിരുന്നിടത്തു നിന്നാണ് ഒറ്റയടിക്കു കുറഞ്ഞത്. ഇതു 15 സെന്റിമീറ്ററിലെത്തിയാൽ പമ്പിംഗ് നിർത്തിവെക്കേണ്ടിവരും. രണ്ടു മോട്ടോറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുകയാണ് ഇവിടെ പതിവ്. എന്നാൽ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ മൂന്നാഴ്ചയോളമായി ഒരു മോട്ടോർ മാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. മഴ ഉടൻ കിട്ടിയില്ലെങ്കിൽ അതും മുടങ്ങുന്ന സാഹചര്യമാണ്.