കാസർകോട്: റിട്ട. ആർ.ടി.ഒയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പണവും സ്വർണ്ണവും കവർന്ന കേസിൽ ഒന്നാം പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷിച്ചു. തളങ്കര തെരുവത്ത് സ്വദേശി ഇബ്രാഹിം ഖലീലിനെ (37) യാണ് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ കാസർകോട് തായലങ്ങാടിയിലെ അബ്ദുൾറഹ്മാനെ കോടതി വെറുതെ വിട്ടു.
2017 ഡിസംബർ 17 നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ബീച്ച് റോഡ് മേഘരാജ് ഹോട്ടലിനു സമീപം നിൽക്കുകയായിരുന്ന റിട്ട. ആർ.ടി.ഒ കെ.വി ഗംഗാധരനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രതികൾ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയും പിന്നീട് തളങ്കരയിലെത്തി ഗംഗാധരന്റെ കഴുത്തുമുറുക്കി കൈയിലുണ്ടായിരുന്ന 9000 രൂപ, മൂന്നു പവൻ മാല, അഞ്ചു പവന്റെ ബ്രെസ്‌ലെറ്റ്, പത്തായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ എന്നിവ കവർന്നുവെന്നാണ് കേസ്. കാസർകോട് പൊലീസ് ചാർജ്ജ് ചെയ്തതാണ് കേസ്.
ഡി.ടി.പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തൃക്കരിപ്പൂർ: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡുക്കേഷൻ മുഖാന്തിരം തൃക്കരിപ്പൂർ പോളിടെക്നിക്കിൽ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ഡി.ടി.പി കോഴ്സിലേക്കുള്ള അപേക്ഷക്ഷണിക്കുന്നു. ക്ലാസുകൾ 8ന് ആരംഭിക്കും. എസ് എസ് എൽ സി യോഗ്യതയുള്ള താല്പര്യമുള്ളവർ തൃക്കരിപ്പൂർ പോളിടെക്ക്നിക്കിലെ സി.ഇ.സി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9496708789
രണ്ടുകേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കാസർകോട്: രണ്ടുകേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റുചെയ്തു. വിദ്യാനഗറിൽ ബെദിരയിലെ ഷരീഫ് എന്ന മൂക്കൻ ഷെരീഫ് (33) ആണ് അറസ്റ്റിലായത്. 2014ൽ വിദ്യാനഗറിലെ വധശ്രമക്കേസിലും 2011 ൽ മഞ്ചേശ്വരത്തെ കവർച്ചാക്കേസിലും ഷെരീഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇരുകേസുകളിലും പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കണ്ണൂരിലും ഷെരീഫിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഉപ്പളയിൽ വീണ്ടും ഗുണ്ടാ അക്രമം
കാസർകോട്: ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ജോഡ്കല്ലിലെ അബ്ദുൽ ഗഫൂറിനെ (28) വെട്ടേറ്റ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 9 മണിയോടെ ബേക്കൂരിൽ വെച്ച് രണ്ടുകാറുകളിലായി എത്തിയ ഒമ്പതംഗ സംഘം ഗഫൂറിനെ തട്ടിക്കൊണ്ടുപോവുകയും പെർമുദെയിലെ ഒരു സ്ഥലത്ത് കൊണ്ടുപോയി ഒരുലക്ഷം രൂപ തരണമെന്ന് പറഞ്ഞ് മർദ്ദിക്കുകയും വാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രെ. സംഘത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈയിൽ വെട്ടേൽക്കുകയായിരുന്നു.
ഒരുമണിക്കൂറിന് ശേഷം കാറിൽ മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകവെ ബന്തിയോട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോൾ ഗഫൂർ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മുട്ടം ഗേറ്റിന് സമീപത്തെ ഒരു വീടിന് മുന്നിൽ തളർന്നുവീണ ഗഫൂറിനെ വീട്ടുകാർ വിവരം അറിയിച്ചത് പ്രകാരം കുമ്പള പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മൊബൈൽ ഫോണുകളും 15000 രൂപയും തട്ടിയെടുത്തതായി ഗഫൂർ പറഞ്ഞു.