തളിപ്പറമ്പ്: പട്ടാപകൽ ക്വാർട്ടേഴ്‌സിൽ കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടംഗ സംഘം കാൽ ലക്ഷം രൂപ കവർച്ച ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ കുറുമാത്തൂർ പൊക്കുണ്ടിലായിരുന്നു സംഭവം. മലപ്പുറം കുറ്റിപ്പുറം സ്വദേശി മച്ചിങ്ങൽ അഷറഫിനാണ്(42) പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊക്കുണ്ട് കൂനം റോഡിലെ കെ.പി.ആർക്കേഡിൽ പ്രവർത്തിക്കുന്ന എം എസ് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ് അഷറഫ്. കഴിഞ്ഞ 20 വർഷമായി അഷറഫും സഹോദരൻ മൊയ്തീനും ഇൻസ്റ്റാൾമെന്റിൽ വീട്ട്‌സാധനങ്ങൾ വിൽപനനടത്തിവരികയാണ്. കെ.പി.ആർക്കേഡിൽ തന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് ഇരുവരും താമസിക്കുന്നത്. രാവിലെ 10.45 ഓടെയാണ് കടയിലുള്ള മൊയ്തീനെ ഫോണിൽ വിളിച്ച് അഷ്റഫ് നിലവിളിച്ചത്. ഉടൻ തന്നെ ക്വാർട്ടേഴ്‌സിലെത്തിയ മൊയ്തീൻ ചോരയിൽ കുളിച്ച് കിടക്കുന്ന അഷറഫിനെയാണ് കാണാനായത്. പത്തരയോടെ രണ്ടംഗ സംഘം ക്വാർട്ടേഴ്‌സിലെത്തി മുളക്‌പ്പൊടി വിതറിയ ശേഷം വടിവാൾ വീശി പരിക്കേൽപ്പിച്ച് അലമാരയിൽ സൂക്ഷിച്ച കളക്ഷൻ ഇനത്തിൽ ലഭിച്ച ഇരുപത്തി അയ്യായിരം രൂപ കവർച്ച നടത്തിയതായി അഷറഫ് പറഞ്ഞു. ഉടൻതന്നെ അഷറഫിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. കൈയിലും കഴുത്തിലുമായി ആറിടങ്ങളിൽ മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. വിവരമറിഞ്ഞ് സി..ഐ എ.അനിൽകുമാർ, എസ്.ഐ കെ.കെ.പ്രശോഭ് എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കവർച്ചക്കാരുടെ വെട്ടേറ്റ മച്ചിങ്ങൽ അഷറഫ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ