പയ്യന്നൂർ: ഒന്നര വർഷം മുൻപ് നടന്ന പബ്ലിക് ഹിയറിംഗിൽ ജനങ്ങൾ ഒന്നടക്കം എതിർക്കുകയും ഇതുവരെ പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിക്കാത്തതുമായ പെട്രോളിയം ഇന്ധനം സംഭര പദ്ധതിക്കായി നെൽവയലുകളും തണ്ണീർത്തടങ്ങളും അടക്കം കണ്ടങ്കാളി താലോത്ത് വയലിൽ നൂറ് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് സമരസമിതിയുടെ
ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. ഗാന്ധി പാർക്ക് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ , കെ.രാമചന്ദ്രൻ, അപ്പുക്കുട്ടൻകരയിൽ, പത്മിനി കണ്ടങ്കാളി, വി.മണി രാജ്, മാടക്ക ബാബു, എം.കെ.ദാസ്‌കരൻ ,വിനോദ് കുമാർ രാമന്തളി തുടങ്ങിയവർ നേതൃത്വം നൽകി. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ തഹസിൽദാർ ഓഫീസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് 13ന് കണ്ടങ്കാളിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംവാദം സീഘടിപ്പിക്കുവാനും സമരസമിതി ചെയർമാൻ ടി.പി.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.