തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കം. 33 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കളിയാട്ടത്തിന്റെ ഭാഗമായി ഇന്നുനടക്കുന്ന സമ്മേളനം എടനീർ മഠാധിപതി കേശവാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമസീരിയൽ താരങ്ങളടക്കം ഇരുനൂറോളം പേർ പങ്കെടുക്കുന്ന നൃത്ത സന്ധ്യ. നാളെ രാവിലെ പൂരക്കളി മത്സരം, വൈകീട്ട് ഏഴിന് സിനിമ പിന്നണി ഗായിക റിമി ടോമി നയിക്കുന്ന മെഗാ മ്യുസിക്കൽ നൈറ്റ്.

എട്ടിന് രാവിലെ 10 ന് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നുമുള്ള കലവറ ഘോഷയാത്ര. രണ്ടിന് അക്ഷരശ്ലോക സദസ്സ്. വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കനലാട്ടം നാടകം. ഒൻപതിനു രാവിലെ ക്ഷേത്രം അടിയന്തരാദി കർമ്മങ്ങൾക്ക് തുടക്കം. വൈകുന്നേരം ഏഴിന് തിടങ്ങൽ. തുടർന്ന് മേലേരിക്ക് അഗ്‌നിപകരൽ. എട്ടു മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങൾ അരങ്ങിലെത്തും. പത്തിനു പുലർച്ചെ മൂന്നരയ്ക്ക് കുറത്തിയമ്മ, അഞ്ചിന് വിഷ്ണുമൂർത്തിയുടെ അഗ്‌നിപ്രവേശം, തുടർന്ന് കണ്ടോർ ചാമുണ്ഡി കൂടെയള്ളോർ, മേച്ചേരി ചാമുണ്ഡി , ഉച്ചൂളിക്കടവത്ത് ഭഗവതി, പന്നിക്കുളത്ത് ചാമുണ്ഡി, പന്നിപ്പൊടിക്കുട്ടൻ , ആയിറ്റി ഭഗവതി, ഗുളികൻ അരങ്ങിലെത്തും. അന്നദാനവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പി. കുഞ്ഞിക്കണ്ണൻ, എം. അമ്പു, എം. നാരയണൻ, ടി കുഞ്ഞിരാമൻ, എം രാഘവൻ, വി വിജയൻ, ടി ധനഞ്ജയൻ പങ്കെടുത്തു.

തെക്കേക്കര തെയ്യംകെട്ട്: മറക്കളത്തിൽ ദീപം തെളിഞ്ഞു;

പാലക്കുന്ന : ഉദുമ തെക്കേക്കര പുതിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവത്തിന്റെ ബപ്പിടൽ ചടങ്ങ് ഇന്നുരാത്രി നടക്കും. കണ്ടനാർ കേളന്റെ വെള്ളാട്ടം രാത്രി 9.30ന് അരങ്ങിലെത്തും. ഇന്നലെ പുലർച്ചെ മൂന്നിന് പൊട്ടൻതെയ്യത്തിന്റെയും ആറിന് കുറത്തിയമ്മയുടെയും പുറപ്പാടുകൾക്ക് ശേഷം രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ പുറപ്പാടുകൾ നടന്നു. രാത്രി സന്ധ്യാദീപത്തിനുശേഷം കൈവീതുമുണ്ടായി. തുടർന്ന് മറക്കളത്തിൽ ദീപം തെളിയിച്ചശേഷം തെയ്യംകെട്ടിനുള്ള കോലധാരികളെ തറവാട്ടു കാരണവരുടെയും ഭക്തരുടെയും സാന്നിധ്യത്തിൽ ആചാരസ്ഥാനീകർ പ്രഖ്യാപിച്ചു. ഉത്സവം കാണാനെത്തുന്ന ജനങ്ങളെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ പള്ളവും തെക്കേക്കരയും വീർപ്പുമുട്ടുമെന്നതിനാൽ പരമാവധി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാഹനങ്ങൾക്ക് ഉത്സവ പറമ്പിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കെ.എസ്.ടി.പി റോഡു വക്കിൽ പള്ളത്തിൽ ടെലിഫോൺ ഭവന് തെക്കുഭാഗത്തെ ഡൂൺ ഹോട്ടൽ സൈറ്റിലെ പറമ്പിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് ഉത്സവദിവസങ്ങളിൽ പള്ളത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കാലിക്കടവിൽ മലബാർ എക്‌സ്‌പോക്ക് തുടക്കമായി

ചെറുവത്തൂർ: പിലിക്കോട് ഗ്രാമ പഞ്ചയാത്ത് മൈതാനിയിൽ മലബാർ എക്‌സ്‌പോക്ക് ഇന്നലെ തുടക്കമായി. എം. രാജഗോപാലൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻഅധ്യക്ഷത വഹിച്ചു. ആദ്യദിവസത്തിൽ തന്നെ പവലിയനിലേക്ക് വൻ ജനപ്രവാഹമായിരുന്നു. വൈകീട്ട് നാലര മുതൽ ഒൻപതര വരെയാണ് പ്രദർശനം. 50 രൂപയാണ് പ്രവേശന ഫീസ്.

കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കാരക്ടേഴ്‌സിന്റെയും, മഹാന്മാരുടെ ഫോട്ടോയുടെയും മുന്നിൽ നിന്നും സെൽഫി എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റോബർട്ടിക് വൈൽഡ് എനിമൽസ്, ഫുഡ് സ്റ്റാൾ, അമ്യുസ്‌മെന്റ് പാർക്, അക്വേറിയം, ഉത്തരരേന്ത്യൻ വിഭവങ്ങൾ, കൺസ്യുമർ സ്റ്റാളുകൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ വിനോദങ്ങളോടൊപ്പം വിജ്ഞാനപ്രദമായ നിരവധി സൗകര്യങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.