കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് ജില്ലാവൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനും റിട്ട. അധ്യാപകനുമായ അതിഞ്ഞാലിലെ പി. മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. അതിഞ്ഞാൽ മുസ്ലീം ജമാ അത്ത് വൈസ് പ്രസിഡന്റ്, യത്തീംഖാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
മുസ്ലീം വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തേക്ക് വന്ന മുഹമ്മദ് കുഞ്ഞി യൂത്ത്ലീഗിന്റെ ഭാരവാഹിയുമായിരുന്നു. കെ.പി.എസ്.ടി.യു ജില്ല പ്രസിഡന്റ്, എസ്.ടി.യു മോട്ടോർ തൊഴിലാളി സ്ഥാപക പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, മത്സ്യത്തൊഴിലാളി കോ ഓപ്പറേഷൻ ഡയറക്ടർ, ഓയിൽ ഫാം ഇന്ത്യ ചെയർമാൻ, കെ.എസ്.ആർ.ടി.സി ഉപദേശക സമിതി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1982ൽ ഉദുമയിൽ യു. ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പരേതനായ പി.കെ യൂസഫിന്റെയും അതിഞ്ഞാലിലെ കല്ല്യായിയിൽ ആയുശുവിന്റെയും മകനാണ്. ദീർഘകാലം ചന്ദ്രികയുടെ ലേഖകനുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഖാലിദ്, ഖമറുന്നിസ, സുമയ്യ. മരുമക്കൾ: അബ്ദുൾ ഹമീദ് (കുവൈത്ത്), റംഷാദ്, സുമയ്യ. സഹോദരങ്ങൾ: ദൈനബി, പരേതരായ ഫാത്തിമ, സുലൈഖ, സഫിയ.