തലശ്ശേരി : സി.എച്ച്.കണാരൻ, കെ.പി.ആർ.ഗോപാലൻ,വി.ആർ.കൃഷ്ണയ്യർ, പാട്യം ഗോപാലൻ, എൻ.ഇ.ബലറാം, ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ ,എം.വി..രാജഗോപാലൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് അതികായരെ വിജയതിലകമണിയിച്ച മണ്ഡലം.

യു.ഡി.എഫ്.സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കും മുമ്പ് തന്നെ പി.ജയരാജൻ പ്രചരണ രംഗത്ത് മേധാവിത്വം ഉറപ്പിച്ചിരുന്നു.മണ്ഡലത്തിലെ ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി ,കതിരൂർ എരഞ്ഞോളി പഞ്ചായത്തുകളും, തലശ്ശേരി നഗരസഭയുമെല്ലാം ഇടതുഭരണത്തിലാണ്. അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള എതിരാളികളുടെ പ്രചാരണങ്ങളെ പി.ജയരാജൻ നേതൃത്വം നൽകുന്ന ഐ.ആർ.പി.സി.സാന്ത്വന കേന്ദ്രത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്. ജീവകാരുണ്യ സാന്ത്വനമേഖലയിൽ യുവ വളണ്ടിയർ നിരയെ തന്നെ വാർത്തെടുക്കാനായതിന്റെ ഗുണഫലം കൂടി ഈ വിധിയെഴുത്തിൽ പ്രതിഫലിക്കുമെന്ന് എൽ.ഡി.എഫ്. വിലയിരുത്തുന്നുണ്ട്.ബി.ജെ.പി യു.ഡി.എഫ് ബന്ധവും എൽ.ഡി.എഫ് ആവർത്തിച്ച് ആരോപിക്കുന്നുണ്ട്
മറുവശത്ത് ലീഡറുടെ കളരിയിൽ നിന്ന് പയറ്റുമുറകളത്രയും സ്വായത്തമാക്കിയ കെ.മുരളീധരൻ നന്നായി പരിശ്രമിക്കുന്നുണ്ട്. അകാലത്തിൽ പൊലിഞ്ഞ് പോയ രക്തസാക്ഷി കുടുംബങ്ങളുടെ ദൈന്യതയും രാഷ്ട്രീയഫാസിസവും ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ ശോഷണവുമെല്ലാം മുരളിധരൻ വരച്ചുകാട്ടുന്നു.സുസ്ഥിരമായ ഭരണത്തിനായാണ് ബി.ജെ.പി.സ്ഥാനാർത്ഥി അഡ്വ: വി.കെ.സജീവൻ വോട്ട് തേടുന്നത്. തെരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ കരുത്ത് തെളിയിക്കുമെന്നും സജീവൻ പറഞ്ഞു.
വോട്ട് ചോർന്നു പോകാനിട നൽകാതെ ഇടത് മുന്നണി ആസൂത്രിത പ്രവർത്തനത്തിലാണ്.എന്നാൽ
കോടിയേരിക്കെതിരെയുള്ള മത്സരത്തിൽ ഗണ്യമായി വോട്ട് കുറക്കാൻ കഴിഞ്ഞ രാജ് മോഹൻ ഉണ്ണിത്താന്റെ പ്രകടനം എൽ.ഡി.എഫ് മറക്കുന്നില്ല. 2016ലെ തെരഞ്ഞെടുപ്പിൽ എ.പി.അബ്ദുള്ളക്കുട്ടിയേക്കാൾ എ.എൻ.ഷംസീറിന് 34, 117 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. അതിന് തൊട്ട് മുമ്പ് നടന്ന വടകര പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയോട് തോറ്റപ്പോഴും തലശ്ശേരി മണ്ഡലത്തിൽ ഷംസീറിന് 24000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

നിയമസഭയിൽ

ആകെ വോട്ട് 166342
മൊത്തം പോൾ ചെയ്തത്: 1,32,666
എ.എൻ.ഷംസീർ ( സി.പി.എം) 70,741
എ.പി.അബ്ദുള്ളക്കുട്ടി (കോൺ: ഐ) 36,624
വി.കെ.സജീവൻ ( ബി.ജെ.പി.) 22,125
ഭൂരിപക്ഷം: 34 ,117