abdulwahab

കണ്ണൂർ: ബി.ജെ.പിയും മുസ്ലിംലീഗും വർഗീയത ചുമന്ന് നടക്കുന്നവരാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൾ വഹാബ്. അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളെ താലോലിക്കുന്നതിൽ മത്സരിക്കുന്നവരാണ് രണ്ട് കൂട്ടരും. തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് രണ്ടുകൂട്ടരും ശ്രമിക്കുന്നത്. വർഗീയ വികാരം ഉണ്ടാക്കാനുള്ള പ്രസ്താവനകളാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്നത്. അതേസമയം യോഗി ആദിത്യനാഥിന്റെ 'വൈറസ്' പരാമർശം നിസാരമായി കണ്ടുകൂടാ. മുസ്ലിംലീഗിനെ പലപ്പോഴായി സഹായിച്ചവരാണ് ബി.ജെ.പിക്കാർ. നാഗ്പൂർ കോർപ്പറേഷൻ മുസ്ലിംലീഗിന്റെ പിന്തുണയോടെയാണ് ബി.ജെ.പി ഭരിച്ചത്. ലീഗിന്റെ ദേശീയ അദ്ധ്യക്ഷനായിരുന്ന ഇ.അഹമ്മദ് വാജ്പേയി സർക്കാരിന്റെ കാലത്ത് ഉന്നത പദവി അലങ്കരിച്ച വ്യക്തിയാണ്. ദേശീയ ഫുഡ് കമ്മിറ്റി, പാർലമെന്റ് കമ്മിറ്റികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു.

തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിൽ ലീഗ്​ -ബി.ജെ.പി കൂട്ടുകെട്ടുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും ഈ കൂട്ടുകെട്ട് ദൃശ്യമായിരുന്നു. അങ്ങനെ അവസരങ്ങൾ നല്കിയ ബി.ജെ.പിക്ക് മുസ്ലിംലീഗിനെ വൈറസ് എന്ന് വിശേഷിപ്പിക്കാനുള്ള അർഹതയില്ല. അബ്ദുൾ വഹാബ് 'ഫ്ളാഷു'മായി സംസാരിക്കുന്നു:

യു.ഡി.എഫിന്റേത് അപക്വമായ നിലപാട്

രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവന്നത് ബി.ജെ.പിയുടെ കൈകളിൽ ആയുധമേൽപ്പിക്കുന്നതിന് തുല്യമാണ്. യു.ഡി.എഫിന്റെ അപക്വമായ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് എൽ.ഡി.എഫിന്റെ വിജയത്തെ ഒരു കാരണവശാലും ബാധിക്കില്ല. 20 മണ്ഡലങ്ങളിലും പ്രത്യേകിച്ച് മലബാറിലെ മണ്ഡലങ്ങളിലെ വിജയത്തിൽ ഐ.എൻ.എൽ സ്വാധീന ശക്തിയാകും. ശക്തമായ പ്രവർത്തനങ്ങളാണ് മുന്നണിയുടെ വിജയത്തിനായി ഞങ്ങൾ നടത്തുന്നത്. ഇടതു മുന്നണിയിലെത്തിയതോടെ ഐ.എൻ.എൽ പ്രവർത്തകർ വളരെ ആവേശത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രവർത്തകരുടെ എണ്ണമല്ല, മറിച്ച് ഞങ്ങളെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം അണികളും ഗുണകാംക്ഷികളുമുണ്ട്.

ജനാധിപത്യ മതേതര സഖ്യം വരും

ജനാധിപത്യ മതേതര പാർട്ടികളുടെ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നാണ് ഐ.എൻ.എൽ കണക്കുകൂട്ടുന്നത്. 200ൽ താഴെ മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്നത്. ബി.ജെ.പിക്കോ കോൺഗ്രസിനോ തനിച്ച് അധികാരത്തിൽ വരാൻ കഴിയാത്ത സാഹചര്യമാകും തിരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുക.