കാസർകോട്: സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ ഇനി അങ്കത്തിന് ചൂടേറും. കാസർകോടിനായി പോരടിക്കുന്നത് ഒമ്പത് പേരാണ്. സൂക്ഷ്മ പരിശോധനയിൽ 11 പേരുടെ നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും ഡമ്മി സ്ഥാനാർഥികളായി പത്രിക നൽകിയ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു, ബി.ജെ.പിയുടെ സഞ്ജീവ ഷെട്ടി എന്നിവർ പത്രിക പിൻവലിച്ചു. എൽ.ഡി.എഫിലെ കെ.പി സതീഷ്ചന്ദ്രനും യു.ഡി.എഫിലെ രാജ്‌മോഹൻ ഉണ്ണിത്താനും ബി.ജെ.പിയുടെ രവി തന്ത്രി കുണ്ടാറും തമ്മിൽ ശക്തിയായ ത്രികോണ മത്സരമാണ് കാസർകോട് മണ്ഡലത്തിൽ നടക്കുന്നത്. നാലുപേർ സ്വതന്ത്രരാണ്.
2014 ലെ പി കരുണാകരന്റെ കുറഞ്ഞ ഭൂരിപക്ഷം ഒരു ലക്ഷമായി ഉയർത്താനുള്ള ലക്ഷ്യത്തോടെ എൽ.ഡി.എഫാണ് പ്രചാരണ രംഗത്ത് ആദ്യമിറങ്ങിയത്. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിച്ച ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ രംഗപ്രവേശം. സംസ്ഥാനത്ത് ബി.ജെ.പിക്ക് കൂടുതൽ സ്വാധീനമുള്ള മണ്ഡലമായ കാസർകോട് അവസാന നിമിഷമാണ് പ്രമുഖനായ രവീശ തന്ത്രിയെ സ്ഥാനാർഥിയാക്കിയത്. നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനായ രവീശ തന്ത്രിയുടെ പൊതുസമ്മതി ഇരുമുന്നണികൾക്കും ഭീഷണിയാണ്. ജയാസാധ്യത അകലെയാണെങ്കിലും വോട്ടു മറിക്കാൻ കഴിഞ്ഞാൽ ഇരുമുന്നണിയുടെയും ജയപരാജയങ്ങൾ നിശ്ചയിക്കാൻ ഒരു പക്ഷെ അദ്ദേഹത്തിന് സാധിച്ചേക്കും.
മുൻ എംപി രാമറായിയുടെ മകൻ സുബയ്യ റൈയുടെ പേരാണ് യു.ഡി.എഫ് പട്ടികയിൽ അവസാനം വരെയുണ്ടായിരുന്നത്. അപ്രതീക്ഷിതമായി രാജ്‌മോഹൻ ഉണ്ണിത്താൻ സ്ഥാനാർഥിയായി. ഇറക്കുമതി സ്ഥാനാർഥിയെ വേണ്ടെന്ന നിലപാടിലായിരുന്ന ഡി.സി.സിയിലെ ഒരു വിഭാഗത്തെ നേതൃത്വം അനുനയിപ്പിച്ചു. സുബയ്യ റായെ തഴഞ്ഞതിനാൽ കന്നഡ മേഖലയിലെ വോട്ടിന്റെ കാര്യത്തിൽ യു.ഡി.എഫിന് ആശങ്കയുണ്ട്. ഭാഷാന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ട് മണ്ഡലത്തിൽ നിർണ്ണായകമാണ്. ബിജെപി സ്ഥനാർഥി കന്നഡ മേഖലയായ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നല്ല ജനപിന്തുണയുള്ളയാളാണ്. മറ്റ് നാല് മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പ്രചാരണം കടുപ്പിച്ചിട്ടുണ്ട്. പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കുക എന്നതാണ് തന്ത്രം.
സ്ഥാനാർത്ഥികൾ മൂന്നുപേരും പ്രചാരണ തിരക്കിലാണ്. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥികൾ പൊതുപ്രചാരണം ശക്തിപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രന്റെ രണ്ടാംഘട്ട പര്യടനം ശനിയാഴ്ച തീർന്നു. ഇന്നു മുതൽ 13 വരെയാണ് മൂന്നാംഘട്ട പൊതുപര്യടനം. ലോക്കൽ റാലികളും നടന്നുവരികയാണ്.
നേതാക്കളുടെ വൻനിര എത്തും
എൽ ഡി എഫിനായി മുഖ്യമന്ത്രി പിണറായി വിജയനും യെച്ചൂരിയും എസ്. രാമചന്ദ്രൻ പിള്ളയും കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും അടക്കമുള്ളവരും യു.ഡി.എഫിനായി രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും എത്തും. ബി.ജെ.പി സ്ഥാനാർത്ഥിക്കുവേണ്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ, യെദിയൂരപ്പ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ള ദേശീയ നേതാക്കളും കാസർകോട് എത്തിച്ചേരും. പ്രധാനമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമവും ബി.ജെ.പി നടത്തുന്നുണ്ട്. നരേന്ദ്രമോദി എത്താനുള്ള സാധ്യത കുറവാണെന്ന് ബി ജെ പി നേതാക്കൾ വെളിപ്പെടുത്തുന്നു.