കണ്ണൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതി കെ. സുധാകരനോടു ജയിച്ചത് 6566 വോട്ടുകൾക്ക്. ഇത്തവണ മണ്ഡലത്തിൽ ഒരു ലക്ഷത്തോളം പുതിയ വോട്ടർമാരുണ്ട്. അവരുടെ തീരുമാനം നിർണായകമാകും.
കണ്ണൂർ: ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും നിന്ന കണ്ണൂരിൽ ഇത്തവണ വിധി നിർണയിക്കുന്നത് അടിയൊഴുക്കുകളാകും. മണ്ഡലം നിലനിറുത്താൻ ഇടതുമുന്നണിയിലെ പി.കെ.ശ്രീമതിയും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേർത്ത പിഴവിൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിലെ കെ.സുധാകരനുമാണ് നേർക്കുനേർ. ശക്തി തെളിയിക്കാൻ ബി.ജെ.പി സ്ഥാനാർഥിയായി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പത്മനാഭനും മത്സരരംഗത്തുണ്ട്. അതേസമയം ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണരംഗത്ത് വീറും വാശിയുമില്ലെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തിലൂടെ വോട്ടു വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് യു.ഡി.എഫ് കേന്ദ്രങ്ങളായ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോർച്ച ഇത്തവണയുണ്ടാകില്ലെന്ന ആശ്വാസം യു.ഡി.എഫിന് വിജയ പ്രതീക്ഷ നൽകുന്നുണ്ട്. വെൽഫെയർ പാർട്ടിയും മറ്റും ഇത്തവണ യു.ഡി. എഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജയിക്കാനുള്ള വോട്ട് തങ്ങൾക്ക് മണ്ഡലത്തിലുണ്ടെന്നാണ് യു,ഡി. എഫിന്റെ അവകാശവാദം.
കണ്ണൂർ മണ്ഡലത്തിന്റെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്, തങ്ങളുടെ വിജയപ്രതീക്ഷയ്‌ക്ക് അടിവരയിടുന്നത്. കേരളത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ചരിത്രം അത്രയ്‌ക്കങ്ങ് ഇടത്തോട്ടല്ല. 1977-ൽ കണ്ണൂർ മണ്ഡലം ഇന്നത്തെ നിലയിൽ രൂപപ്പെട്ടശേഷം നടന്ന 11 തിരഞ്ഞെടുപ്പുകളിൽ ഏഴിലും തങ്ങൾ വിജയിച്ചത് ചരിത്രമാണെന്നും അവർ പറയുന്നു.
എന്നാൽ ചരിത്രത്തിനപ്പുറം യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കണ്ണൂരിലെ വോട്ടർമാർ ഇത്തവണ തയ്യാറാകുമെന്നാണ് ഇടതുമുന്നണി പറയുന്നത്. മണ്ഡലത്തിലുടനീളം ഉയർന്ന വികസനത്തിന്റെ കൂറ്റൻ പ്രചരണ ബോർഡുകളും കട്ടൗട്ടുകളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കണ്ണൂരിന്റെ മുക്കിലും മൂലയിലും വികസനത്തിന്റെ വെളിച്ചമെത്തിയിട്ടുണ്ടെന്ന് ഇടതു മുന്നണി അവകാശപ്പെടുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളിൽപ്പോലും പി.കെ.ശ്രീമതിയെന്ന സ്ഥാനാർത്ഥി നേടിയെടുത്ത സ്വീകാര്യത വോട്ടാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. പ്രചാരണത്തിന്റെ രണ്ടാംഘട്ടം പിന്നിടുമ്പോഴും വിവിധ കേന്ദ്രങ്ങളിലുണ്ടായ ആവേശം ഇടതുമുന്നണി നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
മന്ത്രിസഭയേയും പാർട്ടിയേയും നയിക്കുന്ന നേതാക്കളുടെ നാട്ടിൽ സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് സി.പി.എമ്മിന് അഭിമാനപ്രശ്‌നം കൂടിയാണ്. കോൺഗ്രസിന് 2014 മുതൽ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽ നിന്നൊരു മോചനം അനിവാര്യതയാണ്.
ഇരുമുന്നണികളുടെയും ആധിപത്യ മേഖലകൾ കണ്ണൂരിലുണ്ട്. തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾ ഇടതുകോട്ടകളാണ്. കണ്ണൂരും ഇരിക്കൂറും പേരാവൂരും യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങൾ. അഴീക്കോട് ഇരുവരും അവകാശപ്പെടുമ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാൽ യു.ഡി.എഫ് മണ്ഡലങ്ങളിൽ കഷ്ടിച്ചു കടന്നുകൂടിയപ്പോൾ ഇടതുമുന്നണി റെക്കാർഡ് ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികളെ വിജയിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ടായ വ്യാപക വോട്ടുചോർച്ച 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചത് ഇടതുകേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു.1,02,176 വോട്ടാണ് നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം.
ബി.ജെ.പിയുടെ വോട്ടുകൾ കൂടുന്നതായാണു കണക്ക്. 2009-ലെ തിരഞ്ഞെടുപ്പിൽ 27,123 വോട്ട് മാത്രം ലഭിച്ച ബി.ജെ.പി 2014-ൽ 51,636 വോട്ട് പിടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 89,343 വോട്ടാണ് അവർ സ്വന്തമാക്കിയത്.
മൂന്നു തവണ എൽ.ഡി.എഫും രണ്ടു തവണ യു.ഡി.എഫും മണ്ഡലപര്യടനം പൂർത്തിയാക്കി.ബി.ജെ.പി പ്രചാരണത്തിൽ വീറും വാശിയും കുറയുന്നത് വോട്ട് വിൽപ്പനയുടെ സൂചനയാണെന്ന ആരോപണം യാഥാർത്ഥ്യമായാൽ വിജയം തങ്ങളിൽ നിന്ന് അകലുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. അതേ സമയം മണ്ഡലത്തിൽ സജീവമായിരുന്ന ശ്രീമതിയുടെ ജനകീയത കരുത്താകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.ഐക്യമുന്നണിയാകട്ടെ തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളിൽ പ്രഥമസ്ഥാനമാണ് കണ്ണൂരിനു നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തോളം വരുന്ന പുതിയ വോട്ടർമാർ എങ്ങോട്ടു ചായുമെന്നതും നിർണായകമാണ്.