കാഞ്ഞങ്ങാട‌്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ തുടർന്ന് പെരിയ കല്യോട്ട് ഉടലെടുത്ത രാഷ്ട്രീയ സംഘർഷത്തിന്റെ കാർമേഘങ്ങൾ നീങ്ങിത്തുടങ്ങി. ഇന്നലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രന് വോട്ടു തേടി മുന്നണിപ്രവർത്തകരും നേതാക്കളും കല്യോട്ടെ വീടുകൾ കയറിയിറങ്ങി. പി. കരുണാകരൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ‌്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് എൽ.ഡി.എഫ‌് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തിയത്.

ബലിക്കളം, മാരിക്കളം കോളനി, പ്ലാക്കതൊട്ടി,മാവുങ്കാൽ , എച്ചിലടുക്കം പ്രദേശങ്ങളിലെ വീടുകളാണ‌് സ‌്ക്വാഡുകൾ സന്ദർശനം നടത്തിയത‌്. സി.പി.എം ജില്ലാകമ്മറ്റിയംഗളായ എം. പൊക്ലൻ, വി.വി രമേശൻ,ഇ. പത‌്മാവതി, ഏരിയാകമ്മറ്റിയംഗങ്ങളായ ടി.വി കരിയൻ, എ.വി സജ്ജയൻ,ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ‌്ണൻ, പഞ്ചായത്ത‌് പ്രസിഡന്റ‌് ശാരദാ എസ‌്. നായർ, വൈസ് പ്രസിഡന്റ‌് പി. കൃഷ‌്ണൻ, പഞ്ചായത്തംഗം കെ. ഉഷ, ബൂത്ത‌് സെക്രട്ടറിമാരായ ബിനുജോസഫ‌്, എം. ബാലകൃഷ‌്ണൻ, രാജേഷ‌് എച്ചിലടുക്കം, സി. പുരുഷോത്തമൻ ബാബുരാജ‌്, രാജേഷ‌് പന്നിക്കുന്ന‌് എന്നിവർ സ‌്ക്വാഡ‌് പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകി. വരും ദിവസങ്ങളിലും എൽ.ഡി.എഫ‌് പ്രവർത്തകർ ഗൃഹസന്ദർശനങ്ങളും പ്രചാരണപ്രവർത്തനങ്ങളും തുടരുമെന്ന‌് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ‌്ണൻ പറഞ്ഞു.

പൊലീസെത്തി, ഇടതുമുന്നണി

പ്രവർത്തകർ തിരിച്ചയച്ചു

കല്യോട്ട് ഗവ. ഹയർസെക്കൻഡറിയിൽ പ്രവർത്തിക്കുന്ന 165, 163 പോളിംഗ‌് സ‌്റ്റേഷനുകളാണ‌് കല്യോട്ടും പരിസര ഗ്രാമങ്ങളിലുമുള്ളവർക്ക‌് വോട്ട‌്. ശനിയാഴ‌്ച രാവിലെ 9.30ന‌് കൈക്കോട്ടുകുണ്ട‌ിൽ നിന്നാണ‌് ഗൃഹസന്ദർശന പരിപാടികൾക്ക‌് തുടക്കമിട്ടത‌് വിവരമറിഞ്ഞ‌് ഒരു സംഘം പൊലീസുകാർഎത്തി. പൊലീസിന്റെ സഹായം വേണ്ടെന്നും കല്ല്യോട്ടെ ജനങ്ങളെ വിശ്വാസത്തിലെടുത്തുതന്നെയാണ‌് എത്തിയതെന്നും അതുകൊണ്ട‌് തിരിച്ചുപോകാനും നേതാക്കൾ ആവശ്യപ്പെട്ടു.