പയ്യന്നൂർ: ബി.ജെ.പി പ്രവർത്തകൻ ബിജുവിന്റെ വീട്ടിലെ പൊലീസ് റെയ്ഡിൽ പയ്യന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ഗൂഡാലോചനയുടെ ഭാഗമായി മാനഹാനി വരുത്താനാണ് റെയ്ഡെന്ന് ആരോപിച്ചു. പ്രസിഡന്റ് സി.കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ മുരളി, ഗംഗാധരൻ കാളിശ്വരം, എ.കെ രാജഗോപാലൻ, എം.പി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തളിപ്പറമ്പിൽ കാറിന്റെ ചില്ല് തകർത്ത്
വീണ്ടും മോഷണശ്രമം
തളിപ്പറമ്പ്: തളിപ്പറമ്പിൽ കാറിന്റെ ചില്ല് തകർത്ത് വീണ്ടും മോഷണശ്രമം. സർ സയ്യിദ് കോളേജിന് സമീപം നിർത്തിയിട്ട മാരുതി കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ വശത്തെ ചില്ലാണ് തകർത്തത്. രണ്ട് ദിവസമായി ഇവിടെ നിർത്തിയിട്ടിരിക്കുന്ന നിലയിലാണ് കാർ. ഇന്നലെ പുലർച്ചെ പൊലീസ് പട്രോൾ പാർട്ടിയാണ് സംഭവം കണ്ടത്. ഇതോടെ മൂന്ന് മാസത്തിനുള്ളിൽ തളിപ്പറമ്പ് പ്രദേശത്ത് നടക്കുന്ന ഒൻപതാമത്തെ സംഭവമാണിത്. നേരത്തെ നടന്ന രണ്ട് കവർച്ചകളിൽ 5.25 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആകെ നാല് കേസുകളിൽ മാത്രമാണ് പോലീസിൽ പരാതി നൽകിയത്. നിലമ്പൂർ സ്വദേശി പി. മനോജിന്റെ കാറാണെന്ന് പൊലീസ് പറഞ്ഞു.
പാട്ട് മഹോത്സവം
ഉളിക്കൽ: നുച്യാട് ചുഴലി ഭഗവതി ക്ഷേത്രത്തിൽ പാട്ട് മഹോത്സവത്തിന് തുടക്കം. വാൾ എഴുന്നള്ളത്ത്, ഭഗവതിപാട്ട്, തകിലടി, കാളിമുദ്രസേവ, കാവിലെഴുന്നള്ളിപ്പ് തുടങ്ങിയവ നടക്കും. ഇന്ന് വൈകിട്ട് ക്ഷേത്ര പരിസരത്ത് നടക്കുന്ന സാംസ്‌കാരിക പരിപാടി ഡോ. എം.പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്യും. അടിമന വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സ്വാഗതവും പി.വി മനോജ് നന്ദിയും പറയും. 8ന് രാത്രി 9മണിക്ക് നാടൻപാട്ടുകളുടെ ദൃശ്യാവിഷ്‌കരണം നാട്ടരങ്ങും നടക്കും.