കാസർകോട് :യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കല്യോട്ട് ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് ഉദുമ. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഈ സംഭവത്തിന്റെ അലയൊലി ഉദുമയുടെ രാഷ്ട്രീയ മനസ് മാറ്റുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ.കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലൊഴികെ സമീപകാലതിരഞ്ഞെടുപ്പിലെല്ലാം ഉദുമ നിയോജകമണ്ഡലം എൽ.ഡി.എഫിന് ഒപ്പമാണ്. അവസാനമായി യു.ഡി.എഫ് വിജയം 1987 ൽ കെ.പി. കുഞ്ഞിക്കണ്ണനിലൂടെയായിരുന്നു.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെ.സുധാകരനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും 3832വോട്ടിന്റെ തോൽവിയായിരുന്നു ഫലം.
ഇരട്ടക്കൊലയിൽ പിടിച്ച് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ഓട്ടമാണ് യു .ഡി .എഫും കോൺഗ്രസും നടത്തുന്നത്. ഇടതിന് ലഭിക്കുന്ന നിഷ്പക്ഷ വോട്ടുകളിൽ ഇടിവുണ്ടായേക്കും എന്നാണ് വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ വികസനം തന്നെയാണ് ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന് ഉദുമ മണ്ഡലത്തിൽ 835 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു.
മുസ്ലിം വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ പുതുതായി ഘടകക്ഷിയായ ഐ.എൻ.എല്ലിനുള്ള സ്വാധീനം കരുത്താകുമെന്ന വിലയിരുത്തൽ എൽ.ഡി.എഫിനുണ്ട്.ഉദുമയിലെ തീരദേശം ഐ.എൻ.എല്ലിന്റെ ശക്തികേന്ദ്രമാണ്. എൽ ഡി എഫിലെ കെ പി സതീഷ് ചന്ദ്രനും യു ഡി എഫിലെ രാജ്‌മോഹൻ ഉണ്ണിത്താനും ബി ജെ പിയുടെ രവീശ തന്ത്രി കുണ്ടാറും മണ്ഡലത്തിൽ കേന്ദ്രീകരിച്ചു വോട്ടുപിടുത്തം നടത്തുന്നുണ്ട്. ഉദുമ, ചെമ്മനാട്, പള്ളിക്കര, പുല്ലൂർ പെരിയ, ബേഡഡുക്ക, കുറ്റിക്കോൽ, ദേലമ്പാടി, മുളിയാർ പഞ്ചായത്തുകളുൾപ്പെടുന്നതാണ് ഉദുമ മണ്ഡലം. പള്ളിക്കര, പുല്ലൂർ പെരിയ, ബേഡഡുക്ക, ദേലമ്പാടി പഞ്ചായത്തുകൾ എൽ.ഡി.എഫും ഉദുമ, ചെമ്മനാട്, കുറ്റിക്കോൽ,മുളിയാർ പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്.1,97,894 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.