കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും വിധി നിർണയിക്കുന്നത് 10,11,031 വോട്ടർമാർ. പുതിയതായി 24,859 പേർ. പ്രവാസികളുൾപ്പെടെയുള്ള സമ്മതിദായകരിൽ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയിൽ നിന്നും ആദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരു വോട്ടറും സമ്മതിദായക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 115 സ്ത്രീകളുൾപ്പെടെ 3276 പ്രവാസി വോട്ടർമാരാണ് ജില്ലയിലുള്ളത്.
ഇക്കഴിഞ്ഞ മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ ഓൺലൈനായി ലഭിച്ച അപേക്ഷകരിൽ യോഗ്യരായവരെ കൂടി ഉൾപ്പെടുത്തി ഏപ്രിൽ അഞ്ചിന് പ്രസിദ്ധീകരിച്ച പുതിയ കണക്കാണിത്. 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജില്ലയിൽ 9,86,172 വോട്ടർമാരാണുണ്ടായിരുന്നത്. പുതിയതായി 24,859 പേരാണ് പട്ടികയിൽ ഇടം നേടിയത്. പുരുഷന്മാരിൽ 13,121 പേരുടെയും സ്ത്രീ വോട്ടർമാരിൽ 11,739 പേരുമാണ് ജില്ലയിൽ പുതുതായി വോട്ടവകാശത്തിന് അർഹത നേടിയത്.
കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിൽ പുരുഷ വോട്ടർമാരാണ് കൂടുതലുള്ളത്.

മഞ്ചേശ്വരത്ത് 1,06,624 പുരുഷന്മാരും 1,05462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടർമാരാണുള്ളത്. കാസർകോട് 96,742 പുരുഷന്മാരും 96,233 സ്ത്രീകളുമായി ആകെ 1,92,975 വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് (1181 പേർ) തൃക്കരിപ്പൂരിലും കുറവ് (239 പേർ) കാസർകോട് നിയോജക മണ്ഡലത്തിലുമാണ്. 1500 സർവീസ് വോട്ടർമാരാണ് ജില്ലയിലുള്ളത്.

ഏറ്റവും കൂടുതൽ വോട്ടർമാർ മഞ്ചേശ്വരത്ത്

ജില്ലയിൽ കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ. 1,06,624 പുരുഷന്മാരും 1,05,462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടർമാരാണ് മഞ്ചേശ്വരത്ത് വിധിനിർണയിക്കുക. കാസർകോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് (1,92,975 പേർ) വോട്ടർമാരുള്ളത്. ഉദുമയിൽ 1,03,684 സ്ത്രീകളുൾപ്പെടെ 2,03,669 വോട്ടർമാരും, കാഞ്ഞങ്ങാട് 1,08,935 സ്ത്രീകളും 1 ട്രാൻസ്‌ജെൻഡറുമുൾപ്പെടെ 2,09,158 പേരും, തൃക്കരിപ്പൂരിൽ 1,01,627 സ്ത്രീകളുൾപ്പെടെ 1,93,143 വോട്ടർമാരുമാണുള്ളത്.