തലശ്ശേരി: 1968 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവവും കടന്നു വന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനത്തിൽ മുഖ്യഭാഷണം നടത്തേണ്ടിയിരുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡോ: സുകുമാർ അഴീക്കോടായിരുന്നു. എതിർ സ്ഥാനാർത്ഥി കമ്യൂണിസ്റ്റ് സ്വതന്ത്രനായിരുന്ന എസ്.കെ.പൊറ്റക്കാട്.പ്രമുഖ സാഹിത്യകാരനായിട്ടും അദ്ദേഹത്തെ സാംസ്‌ക്കാരിക സമ്മേളനത്തിൽ വിളിക്കാതിരുന്നത് ഒരു വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തിന്നിടയാക്കിയിരുന്നു. സുകുമാർ അഴിക്കോട് പ്രസംഗിച്ചുകൊണ്ടിരിക്കെ ശക്തമായ കല്ലേറുണ്ടായി. അടിപിടിയായി.എം.എസ്.പി.ക്കാർ ജനക്കൂട്ടത്തെ ലാത്തിച്ചാർജ് ചെയ്തു. വാശിയേറിയ ആ മത്സരത്തിൽ 'പുഷ്പം ' അടയാളത്തിൽ മത്സരിച്ച എസ്.കെ.പൊറ്റെക്കാട് പശുവും കിടാവും അടയാളത്തിൽ മത്സരിച്ച അഴീക്കോടിനെ പരാജയപ്പെടുത്തി.
1952ൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ നെട്ടൂർ പി.ദാമോദരൻ 'കുടിൽ അടയാളത്തിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ എതിരാളിയായി രംഗത്തെത്തിയത് പൂട്ടിയ കാള ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പി.കുഞ്ഞിരാമൻ വക്കീലായിരുന്നു. 'ഐക്യമുന്നണി ,റഷ്യൻ എലിക്കെണി' എന്ന കോൺഗ്രസ് മുദ്രാവാക്യം ചെറുകല്ലായിലെ കെ.പി.രാഘവന്റെ കാതുകളിൽ ഇന്നലെയെന്നവണ്ണം മുഴങ്ങുന്നുണ്ട്. നെട്ടൂർ പി.ദാമോധരനാണ് ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്.
1957 ൽ എസ്. കെ.പൊറ്റെക്കാട് കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി 'കോഴി' ചിഹ്നത്തിൽ മത്സരിച്ചു.കോൺഗ്രസിന്റെ 'പൂട്ടിയ കാള,യുമായി എം കെ .ജിനചന്ദ്ര ഗൗണ്ടർ എതിരാളിയായി രംഗത്തുവന്നു. തലശ്ശേരി മേഖലയിലെ വോട്ടെണ്ണിയപ്പോൾ, മുപ്പതിനായിരം വോട്ടുകൾക്ക് എസ്.കെ.പൊറ്റെക്കാട് മുന്നിട്ട് നിന്നു. പിറ്റെ ദിവസം കൽപ്പറ്റ മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോഴാകട്ടെ വോട്ട് നില അട്ടിമറിയുകയും 1100 വോട്ടിന് ജിനചന്ദ്ര ഗൗണ്ടർ വിജയിക്കുകയുമായിരുന്നു.
പഴയ തലശ്ശേരി മണ്ഡലത്തിനും ഇന്നത്തെ വടകര മണ്ഡലത്തിനും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ വ്യത്യസ്തതകളുണ്ട്. വടകര മണ്ഡലത്തിനകത്താണ് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്ഥിതി ചെയ്യുന്നത്. വടകര മണ്ഡലത്തെ രണ്ടായി മുറിക്കുന്നത് ഈ പ്രദേശമാണ്.ഒരു പക്ഷെ രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം സ്ഥാനാർത്ഥിക്ക് സഞ്ചരിക്കേണ്ടി വരുന്ന പാർലിമെന്റ് മണ്ഡലം പുതുച്ചേരിയായിരിക്കും. അറബിക്കടലിന്റെ തീരത്തുള്ള മാഹിയിൽ നിന്നും ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ആന്ധ്രയിലെ യാനത്തെത്താൻ 1200 കിലോമീറ്റർ സഞ്ചരിക്കണം. മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളായ പുതുച്ചേരിയും, കാരിയ്ക്കാലും തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത് .ഇത്തവണ മാഹിയിൽ 18 നും കേരളത്തിൽ 23നുമാണ് തെരഞ്ഞെടുപ്പ്.