കാസർകോട്: വെന്തരുകുന്ന ചൂടുകാലത്തെ അവധി ദിനത്തിൽ ഉച്ചയ്ക്ക് മൂന്നുമണി വരെ പൊതുപര്യടനത്തിന് അവധി കൊടുത്ത കാസർകോട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രൻ കാസർകോട് ഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടുചെന്ന് വോട്ട് അഭ്യ‌ർഥിക്കുന്നതിനാണ് സമയം മാറ്റിവെച്ചത്.

രാവിലെ എട്ടിനു തന്നെ കാസർകോട് എത്തിയ സതീഷ്ചന്ദ്രൻ മുന്നണി നേതാക്കളോടൊപ്പം എടനീർ മഠത്തിലെത്തി സ്വാമി കേശവാനന്ദ ഭാരതിയെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. മഠത്തിലെ അന്തേവാസികളെ കണ്ടതിന് പിന്നാലെ മേഖലയിലെ ക്രിസ്ത്യൻ, മുസ്ലീം പള്ളികളിൽ ആണെത്തിയത്. ആരാധനാലയങ്ങളിലെത്തി ഭാരവാഹികളോടും സമുദായ പ്രവർത്തകരോടും എൽ.ഡി.എഫിന് വോട്ട് ചെയ്യാൻ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. തുടർന്ന് നേരെ പോയത് സിവിൽ സർവീസ് പരീക്ഷയിൽ 49 -ാം റാങ്ക് നേടിയ ബദിയടുക്ക പെർഡാലയിലെ രഞ്ജിന മേരി വർഗീസിന്റെ വീട്ടിലേക്ക്.അവിടെ ബദിയടുക്ക ഹോളി ഫാമിൽ സ്‌കൂൾ അദ്ധ്യാപകനായ അച്ഛൻ വർഗീസും അമ്മ തെരേസയും റാങ്ക് ജേതാവും വീട്ടുകാരും ചേർന്ന് സതീഷ് ചന്ദ്രനെ സ്വീകരിച്ചു. രഞ്ജിനയോട് കുശലാന്വേഷണം നടത്തിയ സ്ഥാനാർത്ഥി ഐ.എഫ്.എസ് എടുത്തുപഠിക്കാനുള്ള മിടുക്കിയുടെ ആഗ്രഹം സഫലമാകട്ടെ എന്ന് ആശംസിച്ചും റാങ്ക് ജേതാവിനെ അഭിനന്ദിച്ചുമാണ് ഇറങ്ങിയത്.

തിരക്കുള്ള വോട്ടുപിടുത്തത്തിനിടയിൽ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് കെ.പി സതീഷ് ചന്ദ്രനുമായി സംസാരിക്കാൻ അവസരം കിട്ടിയത്. തിരഞ്ഞെടുപ്പു പോരാട്ടത്തെ കുറിച്ച് സംസാരിച്ചു. തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ഉഷാറായി.

കാസർകോട്ട് ഇക്കുറി കാര്യങ്ങൾ എങ്ങനെയായിരിക്കും?​

കാസർകോട് എൽ.ഡി.എഫ് നേടാൻ പോകുന്നത് ചരിത്ര വിജയമാണ്. അതിയായ ആത്മവിശ്വാസമുണ്ട്. ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.
രണ്ടാംഘട്ട പര്യടനം പൂർത്തിയായപ്പോൾ വോട്ടർമാരുടെ പ്രതികരണം എന്താണ്?
വളരെ ആവേശകരമായാണ് വോട്ടർമാർ പ്രതികരിക്കുന്നത്. ഓരോ പ്രദേശങ്ങളിലും എത്തുമ്പോൾ ഒരു സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇത്രയധികം ആളുകൾ കൂടുന്നത് ആദ്യമായാണ് കാണുന്നത്. മലയാള ഭാഷയിൽ ആബാലവൃദ്ധം എന്നൊരു വാക്കുണ്ടെങ്കിൽ അക്ഷരാർത്ഥത്തിൽ അത് ശരിവെക്കുന്ന ആവേശമാണ് വോട്ടർമാരിൽ പ്രകടമാകുന്നത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും എന്നുവേണ്ട എല്ലാജനങ്ങളും ആവേശത്തിലാണ്. ഇടതുമുന്നണിയോടുള്ള അവരുടെ ആഭിമുഖ്യം കൂടുതൽ കരുത്താർജിക്കുന്ന കാഴ്ചയാണുള്ളത്.
രാഹുൽഗാന്ധി ഇഫക്ടും അതിന്റെ ഭാഗമായുള്ള ന്യൂനപക്ഷ വോട്ടർമാരുടെ കേന്ദ്രീകരണവും കാസർകോട് ഉണ്ടാകുമോ?
അടുത്തിടെ ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസ് നേതാവ് എസ്.എം കൃഷ്ണയുടെ നാടാണ് തൊട്ടപ്പുറത്ത്. കർണ്ണാടകയിൽ. ഇടതും വലതും നാളെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന നേതാക്കളെ കൂടെ കൂട്ടിയാണ് രാഹുൽഗാന്ധി വരുന്നത്. കോൺഗ്രസിനും രാഹുൽഗാന്ധിക്കും എന്ത് 'ക്രെഡിബിലിറ്റി' ആണുള്ളത്. ബി.ജെ.പിയിലേക്ക് കോൺഗ്രസ് നേതാക്കൾ പോകുന്നത് ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടർമാർ കാണുന്നില്ലേ. രാഹുൽഗാന്ധിക്ക് ഒരു ഇഫക്ടും ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഉണ്ടാക്കാൻ കഴിയില്ല. ന്യൂനപക്ഷ വിഭാഗത്തിന് വിശ്വസിക്കാൻ പറ്റുന്ന പ്രസ്ഥാനം നമ്മുടേതാണ്. അവർ പൂർണ്ണമായും ഇടതുപക്ഷത്തോടൊപ്പം നിൽക്കും.
വടക്കൻ കേരളത്തിലെ ഭാഷാന്യൂനപക്ഷ വോട്ടർമാർ ഇത്തവണ തുണക്കുമോ?
കാസർകോട് എല്ലാ ഭാഷകളും സംസാരിക്കുന്നവരുടെ കൂട്ടായ്മയുടെ കേന്ദ്രമാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇപ്പോൾ തന്നെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും അതിന്റെതായ സ്വാധീനമുണ്ട്. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്നവർക്ക് വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പി. കരുണാകരൻ എം.പി മുൻകൈ എടുത്തു തുളു അക്കാഡമി സ്ഥാപിച്ചതും മഞ്ചേശ്വരത്ത് ഗോവിന്ദപൈ സ്മാരകവും യക്ഷഗാന കുലപതി പാർത്ഥി സുബ്ബ സ്മാരകവും തുടങ്ങാൻ മുൻകൈയെടുത്തതും ഇടതുമുന്നണിയാണെന്ന് അവർക്ക് നല്ലതുപോലെ അറിയാം.
മണ്ഡലത്തിൽ ബി.ജെ.പി വോട്ട് മറിക്കുമെന്ന പ്രചരണമുണ്ട്. അതിന്റെ പേരിൽ ചില കളികളെല്ലാം നടക്കുന്നുണ്ട്. ബി.ജെ.പിക്ക് വോട്ട് വർധിപ്പിച്ചു കാണിക്കേണ്ട ഈ സമയത്ത് അവരുടെ അണികൾ വോട്ട് മറിക്കുമോ എന്ന് കണ്ടറിയണം. അടിയൊഴുക്കുകളും സാഹചര്യവും അനുകൂലമാണ്. ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന ശുഭാപ്തിവിശ്വാസം തന്നെയാണുള്ളത്