ഇരിട്ടി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മരണമടഞ്ഞ ഉളിക്കൽ കേരളകൗമുദി ലേഖകൻ എ.സി ജയദേവന് കണ്ണീരോടെ വിട. കഴിഞ്ഞദിവസം രാത്രിയിൽ ജയദേവൻ ഓടിച്ച ഓട്ടോറിക്ഷയും ബൈക്കും ഉളിക്കൽ അട്ടറഞ്ഞിയിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റ ജയദേവനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
കേരളകൗമുദി ഉളിക്കൽ ലേഖകനും കേരളകൗമുദി ഫ്ലാഷ് കണ്ണൂരിൽ തുടങ്ങിയ കാലം മുതൽ ഉളിക്കലിലെ ഏജന്റുമായിരുന്നു. ഉളിക്കലിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്ന ജയദേവൻ സി.പി.എം കോക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഇരിട്ടി ഏരിയ കമ്മിറ്റി അംഗം, പ്രസ് ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഉളിക്കൽ ടൗണിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിനു വച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജീവിതത്തിന്റെ നാനാതുറയിൽപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
പരേതനായ ചക്രപാണി - സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജമണി. മക്കൾ: അനുശ്രീ (സി.എ വിദ്യാർത്ഥിനി), രാംജിത്ത് (ഡിഗ്രി വിദ്യാർത്ഥി).സഹോദരങ്ങൾ: ജയപ്രകാശൻ, ജയനി.
ജയദേവന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു അനുശോചിച്ചു.