ചെറുപുഴ: വേനൽക്കാലത്തെ മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഫയർ ആന്റ റെസ്‌ക്യൂ സർവീസ് രംഗത്ത്. വേനൽക്കാലത്തും വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ, കുളങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ മുന്നറിപ്പ് ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ് മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ പെരിങ്ങോം ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് മുന്നിട്ടിറങ്ങിയത്.

സുരക്ഷാ ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വയക്കര വയലിലും ചെറുപുഴ ചെക്ക് ഡാം പരിസരത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പെരിങ്ങോം ഫയർ സർവീസ് സ്റ്റേഷൻ ഓഫിസർ കെ.എൻ. ശ്രീനാഥിന്റെ നേതൃത്വത്തിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. അശ്രദ്ധമൂലം ഓരോ വർഷവും കുട്ടികളുൾപ്പെടെ നിരവധി പേരാണ് മുങ്ങിമരണത്തിന് ഇരയാകുന്നത്. ഇത്തരം അപകടങ്ങൾ കുറക്കുന്നത് ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതെന്ന് സ്റ്റേഷൻ ഓഫിസർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കളിമൺഖനനം നടത്തിയത് മൂലം നിറയെ കുഴികളുള്ള പ്രദേശമാണ് വയക്കര വയൽ. വെള്ളക്കെട്ട് നിറഞ്ഞ ഈ കുഴികളിൽ സമീപ പ്രദേശങ്ങളിൽ നിന്ന് മത്സ്യം പിടിക്കാനും മറ്റും എത്തിച്ചേരുന്നവർ അപകടത്തിൽ പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇത് മുന്നിൽ കണ്ടാണ് വയക്കര വയലിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.

ചെറുപുഴ ചെക്ക് ഡാമിൽ ഇപ്പോൾ നിറയെ വെള്ളമുണ്ട്. ഇവിടേക്ക് അനധികൃതമായി പ്രവേശിക്കുന്നവരും ആഴമറിയാതെ മുങ്ങിപ്പോകുന്ന സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യവും പരിഗണിച്ച് ഇവിടെയും ബോർഡ് സ്ഥാപിച്ചു.