കാസർകോട്: മത്സരിക്കുന്നത് ബി.ജെ.പിക്കെതിരെയെന്ന് പറയുന്ന രാഹുൽഗാന്ധി വയനാട്ടിൽ എവിടെയാണ് ബി.ജെ.പിയുള്ളതെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യറോ അംഗം സുഭാഷിണി അലി പറഞ്ഞു. വയനാട്ടിൽ ബി.ജെ.പിക്ക് സ്ഥാനാർഥി പോലുമില്ല. എങ്ങും ചെങ്കൊടിയാണ്. രാഹുൽ മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണെന്നും അവർ വ്യക്തമാക്കി. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അവർ.
അമേഠിയിലെ വികസനമുരടിപ്പിന് രാഹുൽ ഗാന്ധി മറുപടി പറയണം. കേരളത്തിൽ എവിടെ സ്‌കൂൾ, എവിടെ ആശുപത്രിയെന്ന് ചോദിക്കുന്ന രാഹുൽ 15 വർഷം എം.പിയായ അമേഠിയിൽ എത്ര സ്‌കൂളും ആശുപത്രിയുമുണ്ടെന്ന് വ്യക്തമാക്കണം. കേരളത്തിലെ വയനാട്ടിൽ നിന്നാണ് പട്ടികവർഗ വിഭാഗത്തിലെ ശ്രീധന്യ സിവിൽ സർവീസ് പരീക്ഷ പാസായത്. സർക്കാർ സഹായത്താലാണ് ഉയർന്ന വിദ്യാഭ്യാസം നേടാനായതെന്ന് ശ്രീധന്യ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഏറ്റവും പാവപ്പെട്ട കുട്ടികൾക്കും പഠിച്ചുയരാൻ കഴിയുന്ന നാടാണ് കേരളം. അമേഠിയിൽ ഇങ്ങനെയാന്ന് സ്വപ്നം കാണാനാകുമോ.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഒന്നാം യു.പി.എ സർക്കാരിന് പിന്തുണ നൽകുന്നതിന് പകരം ഇടതുപക്ഷം ആവശ്യപ്പെട്ട പദ്ധതിയായിരുന്നു. കേരളത്തിലും ത്രിപുരയിലും നല്ല നിലയിലാണ് ഇതു നടപ്പാക്കിയത്. ബി.ജെ.പി അധികാരത്തിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഈ പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ത്രിപുരയിൽ പദ്ധതി തകർത്തു. കേന്ദ്ര വിഹിതം കുറച്ചിട്ടും കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ പദ്ധതി തുടരുകയാണെന്ന് സുഭാഷിണി അലി പറഞ്ഞു.
കമ്യൂണിസ്റ്റുകാരാണ് ഏറ്റവും വലിയ ശത്രുവെന്നും അവരെ തീർക്കണമെന്നുമാണ് നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത്. കുറച്ച് സ്ഥലത്ത് മാത്രം ശക്തിയുള്ള കമ്യൂണിസ്റ്റുകാരെ ഇവരെന്തിന് ഇങ്ങനെ ഭയക്കുന്നു. വർഗീയതക്കെതിരെ നിർഭയമായി പോരാടുന്നതാണ് കാരണം. മോദിക്കെതിരെയുള്ള രാജ്യവ്യാപകസമരങ്ങളിൽ തൊഴിലാളികളും കർഷകരും യുവജനങ്ങളും കൈയിലേന്തുന്നത് ചെങ്കൊടിയാണെന്നും സുഭാഷിണി അലി പറഞ്ഞു.