തലശ്ശേരി : ആറളം അയ്യൻകുന്നിലെ ഓട്ടോ ഡ്രൈവർ ചക്കും തൊടി വീട്ടിൽ പി.കെ.രാമചന്ദ്രനെ (46) വിളിച്ചു കൊണ്ടുപോയി ചെളിവെള്ളത്തിൽ തല മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഉററ സുഹൃത്തായിരുന്ന ആറളം മാങ്ങോട്ടെ പണ്ടാര പറമ്പിൽ തോമസിന്റെ മകൻ പി.ടി.ടോമിക്ക് (50) ജീവപര്യന്തത്തിന് പുറമെ ഏഴു വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു.
പ്രതി പിഴയടച്ചാൽ തുകയിൽ നിന്ന് 50,000 രൂപ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വിധവയ്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണമെന്ന് തലശ്ശേരി മൂന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.എസ്.വിദ്യാധരൻ വിധിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി ടോമി കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
തന്റെ ഭാര്യയുമായി രാമചന്ദ്രന് അവിഹിത ബന്ധമുണ്ടെന്നുള്ള സംശയവും നേരത്തെ ടോമി തോക്കിന്റെ പാത്തി കൊണ്ട് അടിച്ചതായി രാമചന്ദ്രൻ നാട്ടിൽ പ്രചരിപ്പിച്ചതിന്റെ വൈരാഗ്യവുമാണ് കൊല നടത്താൻ പ്രേരണയായെന്നാണ് പ്രോസിക്യൂഷൻ തെളിയിച്ചത്.2011 സെപ്തംബർ 15ന് രാത്രി 8 നും 16 ന് രാത്രി 7നും ഇടയിലായിരുന്നു സംഭവം. റോഡിൽ മരിച്ചു കിടക്കുന്ന നിലയിലാണ് രാമചന്ദ്രനെ കണ്ടെത്തിയത്. റോഡിനടുത്ത പരിപ്പിൻ തോട്ടിലെ ചെളിവെളളത്തിൽ കൊലപ്പെടുത്തിയ ശേഷം രാമചന്ദ്രന്റെ കഴുത്തിലുണ്ടായ 15 ഗ്രാം തൂക്കമുള്ള മാലയും പ്രതി ടോമി പൊട്ടിച്ചെടുത്തിരുന്നു. കൊലപാതകത്തിന് ജിവപര്യന്തവും 50,000 രൂപ പിഴയും കവർച്ചക്ക് ഏഴ് വർഷം തടവും 10,000 പിഴയുമാണ് ശിക്ഷ. ഇരിട്ടി സി.ഐയായിരുന്ന വി.വി. മനോജാണ് കേസ് അന്വേഷിച്ചത്.