election

കണ്ണൂർ: രാഷ്ട്രീയപ്പകയുടെ കത്തിമുനയിൽ പിടഞ്ഞൊടുങ്ങിയ കാസർകോട് കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിച്ചതിനു ശേഷമാണ് എ.കെ.ആന്റണി കണ്ണൂരിലെത്തിയത്. രാഹുൽഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് കേരളത്തിലിറങ്ങിയിട്ട് ഒരാഴ്ച. തിരുവനന്തപുരത്തു നിന്ന് ടോപ് ഗിയറിൽ തുടങ്ങിയതാണ് യാത്ര.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിന്നാലെ, ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുബാങ്കിൽ ഇടിച്ചുകയറി വേണം യാത്രയെന്ന് ഹൈക്കമാൻഡ് നിർദേശം കിട്ടിയതു പോലെയാണ് ആന്റണിയുടെ ഓരോ വാക്കും. പ്രചാരണരംഗത്ത് ഇടതുമുന്നണിയുടെ ക്രൗഡ് പുള്ളറായ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കളുടെ ആക്രമണോത്സുക ആക്ഷേപത്തിന് മറുപടി പറയുമ്പോൾ ആന്റണിയുടെ ഭാഷ മിതം, സൗമ്യം.പക്ഷേ,​ അതിലൊക്കെ ഒളിപ്പിച്ചുവച്ച മൂർച്ചയ്‌ക്കു കുറവില്ല.

ഗവ. ഗസ്റ്റ് ഹൗസിൽ പഴയ ബ്ളോക്കിലെ രണ്ടാം നമ്പർ മുറി. കെ.സി. ജോസഫ് എം.എൽ.എ ആന്റണിയെ കാത്തിരിപ്പുണ്ടായിരുന്നു. കണ്ണൂർ എങ്ങനെയുണ്ട്? കെ.സിയെ കണ്ട് ആന്റണിയുടെ ചോദ്യം. തിരിച്ചുപിടിക്കാൻ കഴിയില്ലേ? ആന്റണിയുടെ ചോദ്യത്തിന് കെ.സിയുടെ കണ്ണിറുക്കിയുള്ള മറുപടി. പഴയതു പോലെയല്ല; കാര്യങ്ങൾ ഗംഭീരമായി പോകുന്നു. ഇത്തവണ അട്ടിമറിജയം നേടാൻ കഴിയും- കെ.സിയുടെ വാക്കുകൾ കേട്ട് ആന്റണിയുടെ മുഖത്ത് പതിയെ ഒരു ചിരി പടർന്നു.

ഹ്രസ്വഭാഷണം കഴിഞ്ഞ് ഗസ്റ്റ് ഹൗസ് ജീവനക്കാരോട് കുശലം പറയുന്നതിനിടെ തന്റെ മെനു ഓർമ്മിപ്പിക്കാനും ആന്റണി മറന്നില്ല: മൂന്നു നേരവും ചപ്പാത്തി മതി.

അതെന്തേ സർ?​

പഞ്ചസാരയുടെ ആക്രമണം!

രണ്ടു ചപ്പാത്തിയും വെജിറ്റബിൾ കുറുമയും. പിന്നെ,​ നേരത്തേ പത്രവായനയ്‌ക്കിടെ വിട്ടുപോയ വാർത്തകളിലേക്ക് കണ്ണോടിച്ചു. രാവിലെ കാണാമെന്നു പറഞ്ഞ് കെ.സി.യും പിരിഞ്ഞു.

ബ്രേക്ക് ഫാസ്റ്റിലും മെനുവിൽ മാറ്റമില്ല. പ്രഭാത ഭക്ഷണം കഴിഞ്ഞതോടെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഘടകകക്ഷി നേതാക്കളായ വി.കെ. അബ്ദുൾ ഖാദർ മൗലവി, സി.എ. അജീർ, ഇല്ലിക്കൽ അഗസ്‌തി എന്നിവരും വന്നു. ഇത്തവണ ചർച്ച കണ്ണൂരിൽ നിന്ന് അടുത്ത മണ്ഡലങ്ങളായ വടകരയിലേക്കും കോഴിക്കോട്ടേക്കും നീണ്ടു. കരുണാകരന്റെ മകൻ ഇത്തവണ വടകരയിൽ കീചകവധം നടത്തുമെന്ന പത്രങ്ങളിലെ പ്രസംഗം ശ്രദ്ധയിൽപെടുത്തിയപ്പോൾ. പ്രസംഗം അവർ പല തരത്തിൽ വ്യാഖ്യാനിച്ചെന്നായിരുന്നു മറുപടി.

ഉച്ചയോടെ കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം. പുതിയ തലമുറയിലെ ജേർണലിസം വിദ്യാർത്ഥികളെ കണ്ടപ്പോൾ അവർക്ക് ഉപദേശം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമൊക്കെ നന്നായി പഠിക്കണം. നന്നായി ഹോം വർക്ക് ചെയ്‌താലേ നല്ലൊരു ജേർണലിസ്റ്റ് ആകാൻ പറ്റൂ.

അളന്നുതൂക്കി,​ എതിരാളിയുടെ മർമ്മം നോക്കിയായിരുന്നു പിന്നീട്. സി.പി.എമ്മിനു നൽകുന്ന ഓരോ വോട്ടും മോദിയെ താഴെയിറക്കാനുള്ള അവസരമില്ലാതാക്കുമെന്ന് ഓർമ്മപ്പെടുത്തലും,​ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകില്ലെന്നിരിക്കെ കൈപ്പിഴ പറ്റരുതെന്ന ആഹ്വാനവും. അതു കഴിഞ്ഞ് മാദ്ധ്യമപ്രവർത്തകരോട് ഇത്തിരി നേരം സ്നേഹം പങ്കുവച്ച്,​ രോഗബാധിതനായി കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. രാമകൃഷ്‌ണന്റെ വീട്ടിലേക്ക്. തിരികെ ഗസ്‌റ്റ് ഹൗസിലെത്തുമ്പോൾ ആവിപൊങ്ങുന്ന കടലക്കറിയും ചപ്പാത്തിയും മേശപ്പുറത്ത് കാത്തിരിപ്പുണ്ട്. ഉച്ചഭക്ഷണം കഴി‌ഞ്ഞ് അൽപം വിശ്രമം.

ഇന്നോവ കാറിലാണ് യാത്ര. മലയോര പ്രദേശമായ ആലക്കോട്ടെ പ്രസംഗത്തിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും നേരെ ഊരിയ വാൾ ആന്റണി ഉറയിൽ വച്ചില്ല. കണ്ണൂർ ജില്ലക്കാരനായ മുഖ്യമന്ത്രി പിണറായിക്കും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ കണ്ണൂർ ജനത തയ്യാറാകണം. കണ്ണൂർ, വടകര, കാസർകോട് മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർത്ഥികൾ തോറ്റേ മതിയാകൂ- ആന്റണി സ്വരം കടുപ്പിച്ചു.

കണ്ണൂർ സ്റ്റേഡിയം കോർണറിലെത്തുമ്പോൾ വലിയ ആൾക്കൂട്ടം കാത്തുനിൽപ്പുണ്ട്. കഴിഞ്ഞതവണ കൈയബദ്ധത്തിൽ നഷ്‌ടപ്പെട്ട കണ്ണൂർ ഇക്കുറി നമ്മൾ തിരിച്ചുപിടിക്കും! പ്രഖ്യാപനം ജനം കൈയടിയോടെ സ്വീകരിച്ചു. 20 സീറ്റിലും യു.ഡി.എഫ് ജയിച്ചുകയറും. കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടി യു.ഡി.എഫിന്റെ നയം വ്യക്തമാക്കണം. സുധാകരനടക്കം യു.ഡി.എഫിന്റെ എല്ലാ സ്ഥാനാർഥികളും ജയിക്കണം...

രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട്ടിലെ നാല് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പുതിയ ആയുധങ്ങളുമായി ആന്റണി ചുരം കയറുമ്പോൾ സമയം നന്നേ വൈകിയിരുന്നു.