ചക്കരക്കല്ല്: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും സംഘത്തെയും കൈയേറ്റം ചെയ്ത കേസിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ചക്കരക്കൽ എസ്.ഐ എം.കെ രഞ്ജിത്തിനെയും സംഘത്തെയും കൈയേറ്റം ചെയ്ത കേസിലാണ് മരക്കാർകണ്ടി അണ്ടത്തോട് വയലിലെ കല്ലേൻ ഹൗസിൽ കെ.എ അജിത്ത്, ഏച്ചൂരിലെ പുത്തൻപുരയിൽ ഹൗസിൽ പി.സനേഷ്, കണ്ണൂർ സിറ്റി പൊലീസ് സ്‌റ്റേഷനു സമീപത്തെ വരച്ചാൽ ഹൗസിൽ വി. സന്ദീപ് എന്നിവരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി കോമത്ത് കുന്നുമ്പ്രത്താണ് കേസിനാസ്പദമായ സംഭവം. കോമത്ത് കുന്നുമ്പ്രത്തെ ഒരു വീട്ടമ്മ ഞായറാഴ്ച രാത്രി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അയൽവാസിയായ സ്ത്രീയുടെ മകളുടെ ഭർത്താവ് അജിത്തും കൂട്ടുകാരും മദ്യപിച്ച് തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഭർത്താവിനെ കൊല്ലുമെന്നും ഇക്കാര്യം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചാൽ പൊലീസ് സ്‌റ്റേഷനിൽ കയറി കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തിയെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഇക്കാര്യം അന്വേഷിക്കാൻ ചെന്നപ്പോഴാണ് എസ്.ഐ എം.കെ രഞ്ജിത്തിനും സംഘത്തിനും നേരെ കൈയേറ്റം ഉണ്ടായത്. പൊലീസുകാരുടെ യൂനിഫോം വലിച്ചുകീറുകയും പൊലീസ് ജീപ്പിനു നേരെ അതിക്രമം നടത്തി കേടുപാടുകളുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.