ഇരിട്ടി: നഗരത്തിൽ സർക്കാർ സ്ഥലം കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ അധികൃതർ പൊളിച്ചു നീക്കിത്തുടങ്ങി. കൈയേറ്റമാണെന്ന് കണ്ടെത്തിയ നാല് കെട്ടിടത്തിന്റെ മുൻഭാഗങ്ങളാണ് കെട്ടിട ഉടമകളുടേയും ഏതാനും കച്ചവടക്കാരുടെയും പ്രതിഷേധത്തിനിടെ റവന്യു അധികൃതർ പൊലീസ് സഹായത്തോടെ ബലമായി പൊളിച്ചു നീക്കിയത്. അഗ്‌നിശമന സേനയടക്കം വൻ പൊലീസ് സന്നാഹവുമായി എത്തിയ റവന്യുസംഘത്തെ പ്രതിരോധിക്കാനുള്ള നീക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ റവന്യു അധികൃതർക്ക് പിന്തുണയുമായി നാട്ടുകാർ കൂടി കൂടി. പ്രതിഷേധം ഉയർത്തിയവരെ മാറ്റിയ ശേഷം ജെ.സി.ബി ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയായിരുന്നു.
തലശ്ശേരി -വളവുപാറ കെ.എസ് .ടി .പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് നഗരത്തിലെ അനധികൃത കൈയേറ്റം പൊളിപ്പിക്കാൻ ഒരു വർഷം മുൻപ് ശ്രമം തുടങ്ങിയത്. പരമാവധി വീതി ഉപയോഗപ്പെടുത്തി നഗരത്തിലെ റോഡും നഗരവും വികസിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി വ്യാപാരികളെയടക്കം പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ചേരുകയും കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കെ.എസ്.ടി.പി -റവന്യു സംയുക്ത സർവെയിൽ ചില കെട്ടിടങ്ങൾ രണ്ടു മീറ്ററിലേറെ കൈയേറിയതായി കണ്ടെത്തിയിരുന്നു . സമവായ ശ്രമങ്ങളുടെ ഭാഗമായി മുന്നൂറോളം കടകൾ വിവിധ ഘട്ടങ്ങളിലായി പൊളിച്ചു നീക്കിയെങ്കിലും രണ്ട് ഘട്ടങ്ങളിലായി 22 കെട്ടിട ഉടമകളും വ്യാപാരികളും ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതോടെ കൈയേറ്റമൊഴിപ്പിക്കൽ പാതിവഴിയിലായി.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുള്ള വിധിക്കെതിരെ റവന്യു വകുപ്പ് അനുകൂല ഉത്തരവ് നേടിയത് വഴിത്തിരിവായി. ഉടൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചശേഷം അധികൃതർ ഇന്നലെ പൊളിച്ചുനീക്കാൻ എത്തുകയായിരുന്നു. നാല് കെട്ടിടങ്ങളാണ് ഇന്നലെ പൊളിച്ചു നീക്കിയത്. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള 18 കടകളും പൊളിക്കും. ബലമായി പൊളിച്ചുനീക്കിയതിനാൽ ഇന്നലെ നടപടിക്കിരയായ വ്യാപാരികൾക്ക് കനത്ത നാശം നേരിട്ടു.
തഹസിൽദാർ സി.പി.മേരി, ഡപ്യൂട്ടി തഹസിൽദാർ ടി.സി.സാബു, സി.ടി.പ്രസാദ്, കെ.രാജേഷ്, ഇ.ദീപേഷ്, ടി.കെ.സുദീപൻ, എൻ.സുജീഷ്, എൻ.വി.ഗിരീഷ്, എം.ആർ.മനോജ്്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യും സംഘവും സിഐ കെ.പി.സുനിൽകുമാർ, എസ് .ഐ വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്‌റ്റേഷൻ ഓഫിസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാംഗങ്ങളുമാണ് നടപടിക്ക് നേതൃത്വം നൽകിയത്.
( ഇരിട്ടി നഗരത്തിൽ കൈയേറി നിർമ്മിച്ച കെട്ടിടത്തിന്റെ മുൻഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കുന്നു
സംഘര്ഷാവസ്ഥയെത്തുടർന്നു നഗരത്തിൽ തടിച്ചു കൂടിയ ജനങ്ങൾ )