തളിപ്പറമ്പ്: എ ഇ ഒ ഓഫീസിൽ നിന്നും മോഷണം പോയ അഡ്മിഷൻ രജിസ്റ്ററിലെ പേജ് ഓഫീസിൽ തിരിിച്ചെത്തി. 22 ഓളംചെറുകഷണങ്ങളാക്കി തല തിരിച്ചും മറിച്ചുമൊക്കെയായി വെള്ളകടലാസിൽ ഒട്ടിച്ച നിലയിൽ കവറിലാക്കിയാണ് ഒരു ഫയലിൽ ഇത് തിരുകിവച്ച നിലയിൽ കണ്ടെത്തിയത്. പേജിന്റെ മുഴുവൻ ഭാഗങ്ങളും ഇതിലുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ ഉച്ചയോടെ സെക്ഷൻ ക്ലർക്ക് ഓഫീസിലെത്തിയപ്പോഴാണ് കവറിലാക്കിയ നിലയിൽ ഒരു ഫയലിൽ ഇത് തിരുകി വെച്ചതായി കണ്ടത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.കെ.പ്രശോഭ് ന്റെനേതൃത്വത്തിൽ പൊലീസ് സംഘം എ.ഇ.ഒ ഓഫീസിലെത്തി രേഖ കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത രേഖ വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർക്ക് കൈമാറും.
അന്വേഷണം ശക്തമായതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായ രേഖയെടുത്തവർ കടലാസിൽ ഇത് ഒട്ടിച്ച് കൊളാഷ് രൂപത്തിലാക്കി ഫയലിൽ തിരുകിവെക്കുകയിരുന്നുവെന്ന് സംശയിക്കുന്നു. അന്വേഷണസംഘം എ.ഇ.ഒ മുസ്തഫ പുളുക്കൂൽ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.
മാർച്ച് 20നാണ് ഓഫീസിലെ സ്വകാര്യ എയിഡഡ് സ്‌കൂളുകളുടെ നിയമന രജിസ്റ്ററിലെ 69 നമ്പർ പേജ് കീറിയെടുത്തതായി കണ്ടത്.സെക്ഷൻ ക്ലർക്ക് ഇക്കാര്യം എ ഇ ഒ ക്ക് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എ.ഇ.ഒ
സ്റ്റാഫ് മീറ്റിംഗ് വിളിച്ചുചേർത്ത് രേഖ എടുത്തവർ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രേഖ തിരിച്ചെത്തിയത്.

പടം. ഫയലിൽ തിരുകി കയറ്റിയ മോഷ്ടിച്ച രേഖ തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.കെ.പ്രശോഭ് പരിശോധിക്കുന്നു.2 കീറി കഷണങ്ങളാക്കിയ രേഖ കടലാസിൽ ഒട്ടിച്ച നിലയിൽ