കാസർകോട്: ആചാരാനുഷ്ഠാനങ്ങളിൽ കണിശക്കാരനായ എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ തന്ത്രവും മന്ത്രവും വിദ്യകളും നല്ലതുപോലെ അഭ്യസിച്ചിട്ടുണ്ട്. എതിരാളികളുടെ കൂട്ടിനുള്ളിൽ പോയും കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ സ്വായത്തമാക്കിയുള്ള ഓട്ടത്തിലാണ് അദ്ദേഹം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.
അതിരാവിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കൊണ്ടേവൂർ നിത്യാനന്ദ മഠത്തിലെ സ്വാമി യോഗാനന്ദ സരസ്വതിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇന്നലെ സ്ഥാനാർത്ഥി പ്രചാരണത്തിന് തുടക്കം കുറിച്ചത്. സ്വാമിയെ കണ്ടശേഷം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് ഗോദയിലെ അങ്കച്ചൂടിനെ കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചത്.
ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണല്ലോ കാസർകോട് എങ്ങനെയുണ്ട് സ്ഥിതഗതികൾ ?
ഇപ്പോഴത്തെ സ്ഥിതിഗതികൾ വളരെ പോസിറ്റീവ് ആണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്യാശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ വലിയ മാറ്റം കാണുന്നുണ്ട്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് നേരത്തെ തന്നെ വലിയ പിന്തുണയുള്ള സ്ഥലമാണല്ലോ. തെക്കൻ ഭാഗങ്ങളിലെ സി.പി.എം ശക്തികേന്ദ്രങ്ങളിൽ ഞങ്ങൾക്ക് ഇതുവരെ കടന്നുചെല്ലാൻ കഴിയാത്ത മേഖലകളിൽ ഇത്തവണ പോകാൻ കഴിഞ്ഞിട്ടുണ്ട്. സി.പി.എം കേന്ദ്രത്തിൽ ഇത്തവണ വലിയ മാറ്റം ദൃശ്യമാണ്. വിശാസികളുടെ മനസിന് മുറിവേല്പിച്ചതിനാൽ നിങ്ങൾക്ക് വോട്ട് ചെയ്യും എന്ന് സി.പി.എം കുടുംബങ്ങൾ ഉറച്ച മനസോടെ പറയുന്ന അനുഭവമാണ് ഉണ്ടാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ഇതുവരെ ത്രികോണ മത്സരം നടക്കുന്നു എന്ന് ആരും പറഞ്ഞിട്ടില്ല. ഇടതുമുന്നണിയും യു.ഡി.എഫും നേരിട്ടുള്ള ഫൈറ്റ് ആണല്ലോ ഇതുവരെ നടന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്ഥിതിഗതികൾ മാറി. എല്ലാവരും ത്രികോണമത്സരത്തിൽ ആര് ജയിക്കും എന്നാണ് ചോദിക്കുന്നത്.
കാസർകോട് യു.ഡി.എഫ് പ്രവർത്തനം എങ്ങിനെയാണ്, എൻ.ഡി.എ ക്ക് ഭീഷണിയാകമോ ..?
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും പ്രവർത്തനത്തിൽ വളരെ കുറവ് സംഭവിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ജയിക്കുന്ന കാര്യത്തിൽ ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫും എൻ.ഡി.എയും നേരിട്ട് ഏറ്റുമുട്ടുകയല്ലേ. ഞങ്ങൾ തമ്മിലുള്ള ഫൈറ്റിൽ ആരുജയിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഇത്രയും കാലം ഞങ്ങളെ എതിർത്തിരുന്നവരും ഇത്തവണ എനിക്ക് വോട്ട് ചെയ്യും.
കാസർകോടിന്റെ വികസനത്തിന് തന്നെയാണോ വോട്ട് തേടുന്നത് ?
വികസനത്തിന് രാഷ്ട്രീയമില്ല എന്നതുതന്നെയാണ് എൻ.ഡി.എയുടെയും കേന്ദ്രത്തിലെ സർക്കാറിന്റെയും നയം. നരേന്ദ്ര മോദിജിയുടെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമല്ലേ കാസർകോട് മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് നൽകിയത്. റെയിൽവെയുടെ വികസനത്തിന് ഇത്രയധികം സഹായം ചെയ്ത മറ്റൊരു സർക്കാർ വന്നിട്ടുണ്ടോ. കാസർകോട് എം.പി തന്നെ ബി.ജെ.പി സർക്കാർ ഫണ്ട് അനുവദിച്ചു എന്ന് സമ്മതിച്ചില്ലേ. എം.പി എന്ന നിലയിൽ സ്വന്തം നിലയ്ക്ക് പി. കരുണാകരൻ ഒന്നും ചെയ്തിട്ടില്ല. മണ്ഡലം വികസനത്തിൽ പിന്നോക്കം പോകാൻ കാരണം ഇടതുമുന്നണിയുടെ കഴിവുകേടാണ്. പാർട്ടി കേന്ദ്രങ്ങൾ മാത്രമാണ് സി.പി.എം വികസിപ്പിക്കുന്നത്. നാടിന്റെ പൊതുവായ വികസനമാണ് എൻ.ഡി.എയുടെ ലക്ഷ്യം.
ജയിക്കുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിന്റെ വികസനത്തിന് പുതുതായി എന്തുചെയ്യും?
കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരിക്കും. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ആ നിലയ്ക്ക് എയിംസ് സ്ഥാപിച്ചു കിട്ടാൻ വലിയ പ്രയാസമുണ്ടാകില്ല. എയിംസ് സ്ഥാപിക്കുന്നതിനുള്ള എല്ലാ സാങ്കേതിക കുരുക്കുകളും അഴിച്ചുമാറ്റും. അക്കാര്യത്തിൽ പിറകോട്ട് പോകില്ല. എയിംസ് കിട്ടാൻ എം.പി ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. സംസ്ഥാന സർക്കാരും മുൻകൈ എടുത്തിരുന്നില്ല. യാഥാർഥ്യം ഇതായിരിക്കെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ് സി.പി.എം ചെയ്യുന്നത്. അത് ശുദ്ധ തട്ടിപ്പാണ്.
ഭാഷാന്യൂനപക്ഷ വിഭാഗം എൻ.ഡി.എയെ സഹായിക്കമോ ?
തീർച്ചയായും അവരെല്ലാം എൻ.ഡി.എയുടെ കൂടെ നിൽക്കും. ഭാഷ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സുബയ്യ റായിക്ക് ലാസ്റ്റ് മിനുട്ടിൽ സീറ്റ് കൊടുക്കാതിരുന്നത് കോൺഗ്രസിന്റെ അന്യായം എന്ന മനഃസ്ഥിതിയാണ് അവർക്കുള്ളത്. അതുകൊണ്ടുതന്നെ ആ വിഭാഗം പൂർണ്ണമായും ഞങ്ങളോടൊപ്പം നിൽക്കും. ഇരുമുന്നണികളേയും തറപറ്റിച്ചു കാസർകോട് സീറ്റ് എൻ.ഡി.എ പിടിച്ചെടുക്കും.