കാസർകോട്: കുമ്പള ആരിക്കാടി കാർളയിലെ അബ്ദുൽകരീമിന്റെ മകൻ സെമീർ (28) കൊല്ലപ്പെട്ട കേസിന്റെ വിചാരണാ നടപടികൾ ജില്ലാ അഡീഷണൽ സെഷൻസ് (മൂന്ന്) കോടതിയിൽ ആരംഭിച്ചു.
കുമ്പള ഉജാർ ഉളുവാറിലെ അബ്ദുൽ ലത്തീഫ് എന്ന ഓണന്ത ലത്തീഫ് (42), കർണ്ണാടക രജപുത് ബേളഗാഡിവിലെ സന്തോഷ് സിംഗ് (27), മഞ്ചേശ്വരം കുളൂരിലെ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ സന്തോഷ് സിംഗും മുഹമ്മദ് ഹനീഫയും കൊലപാതകത്തിന് ശേഷം നാട്ടിൽ നിന്ന് മുങ്ങിയതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികൾക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മുഖ്യപ്രതിയായ അബ്ദുൽലത്തീഫിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. 2008 നവംബർ 9 ന് രാത്രിയാണ് സെമീർ കൊലചെയ്യപ്പെട്ടത്. ബംബ്രാണ ടൗണിൽ സെമീറും ചിലരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കറുത്ത ആൾട്ടോ കാറിലെത്തിയ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം സെമീറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.